Tuesday, September 05, 2017

സംസ്കൃതം ശ്ലോകം പഠിക്കേണ്ട രീതി

സംസ്കൃതം ശ്ലോകം പഠിക്കേണ്ട രീതി ഒന്നു കൂടി വിശദീകരിക്കാം.
ഒരു ശ്ലോകം കിട്ടിയാൽ ആദ്യം അതിന്റെ പദം പിരിക്കുക, എന്നിട്ട് അതിന്റെ അന്തം ലിംഗം വിഭക്തി, ലകാരം ഇവ മനസിലാക്കുക
ഉദാഹരണത്തിന്‌ ശ്രീരാമോദന്തം എന്ന ലളിതമായ ഒരു കൃതിയുടെ ആദ്യ ശ്ലോകം എടുക്കാം
“ശ്രീപതിം പ്രണിപത്യാഽഹം ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാത്മീകിപ്രകീർത്തിതം”
ഇതിലെ പദങ്ങൾ പിരിക്കുമ്പോൾ
ശ്രീപതിം
പ്രണിപത്യ
അഹം
ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തം
ആഖ്യാസ്യേ
ശ്രീവാത്മീകിപ്രകീർത്തിതം
ശ്രീപതിം എന്നത് ഇകാരാന്തം പുല്ലിംഗം ദ്വിതീയാ ഏകവചനം. കവി എന്നതു പോലെ ഇ യിൽ അവസാനിക്കുന്ന ശബ്ദത്തിന്റെ ദ്വിതീയാ വിഭക്തി ഏകവചനം അപ്പോൾ കവിം എന്നാൽ കവിയെ, എന്നതു പോലെ ശ്രീപതിം എന്നാൽ ശ്രീപതിയെ എന്നർത്ഥം
ശ്രിയഃ പതി ശ്രീപതി - ശ്രീയുടെ -ലക്ഷ്മിദേവിയുടെ പതി ആണ്‌ ശ്രീപതി അതായത് വിഷ്ണു. അപ്പോൾ ശ്രീപതിം എന്നാൽ വിഷ്ണൂവിനെ എന്നർത്ഥം കിട്ടുന്നു.
പ്രണിപത്യ എന്നത് ല്യബന്തം അവ്യയം എന്നു പറയും. ഇപ്രകാരം ഉള്ള അവ്യയത്തിന്‌ ആ ക്രിയ ചെയ്തിട്ട് എന്നാണർത്ഥം. പ്രണിപതിക്കുക നമസ്കരിക്കുക. അപ്പോൾ പ്രണീപത്യ എന്നാൽ പ്രണിപതിച്ചിട്ട് - നമസ്കരിച്ചിട്ട് എന്നർത്ഥം
അഹം അസ്മത് ശബ്ദം പ്രഥമാ ഏകവചനം ഞാൻ എന്നർത്ഥം
ശ്രീവത്സാങ്കിതവക്ഷസം സകാരാന്തം പുല്ലിംഗം ദ്വിതീയ ഏകവചനം ശ്രീവത്സത്താൽ അങ്കിതമായ വക്ഷസ്സുള്ളവൻ ശ്രീവത്സാങ്കിതവക്ഷസ്സ് (അതു കൊണ്ട് ഇത് സകാരാന്തം). അവനെ എന്നർത്ഥം വരുവാൻ അതിന്റെ ദ്വിതീയാ വിഭക്തി, അപ്പോൾ ശ്രീവൽസത്താൽ അങ്കിതമായ വക്ഷസ്സുള്ളവനെ എന്നർത്ഥം
ശ്രീരാമോദന്തം അകാരാന്തം പുല്ലിംഗം ദ്വിതീയ ഏകവചനം. ശ്രീരാമോദന്തത്തെ. ശ്രീരാമസ്യ ഉദന്തം ശ്രീരാമോദന്തം - ശ്രീരാമന്റെ ഉദന്തം (കഥ) ആണ്‌ ശ്രീരാമോദന്തം
ആഖ്യാസ്യേ ആഖ്യാനം ചെയ്യുക പറയുക, പറയാം എന്നർത്ഥം വരുന്ന ഉത്തമപുരുഷ ഏകവചന രൂപം ആയ ക്രിയ ആണ്‌ ആഖ്യാസ്യേ. ഞാൻ കർത്താവാകുമ്പോൾ ഉത്തമപുരുഷ ക്രിയ വേണം - പറയാം എന്നർത്ഥം
ശ്രീവാത്മീകിപ്രകീർത്തിതം അകാരന്തം പുല്ലിംഗം ദ്വിതീയ തന്നെ. ശ്രീവാത്മീകിനാ പ്രകീർത്തിതം ശ്രീവാത്മീകിപ്രകീർത്തിതം - ശ്രീ
വാത്മീകിയാൽ പ്രകീർത്തിതം ആയതിനെ.
ഇത്രയും ചെയ്തു കഴിഞ്ഞാൽ, ഇതിനെ അന്വയിക്കാൻ തുടങ്ങാം
അതിൻ ആദ്യം ക്രിയ കണ്ടു പിടിക്കുക.
ഇവിടെ ആഖ്യാസ്യേ - പറയാം എന്നതല്ലെ ക്രിയ
അപ്പോൾ “ആഖ്യാസ്യേ”.
അഹം എന്ന പദം ഇവിടെ തന്നെ ഉള്ളത് കൊണ്ട് അതും കൂടി ചേർക്കുക
“അഹം ആഖ്യാസ്യേ”. -- ഞാൻ പറയാം
അടുത്തതായി ല്യബന്തം അവ്യയം ( ക്ത്വാന്തം അവ്യയം, അല്ലെങ്കിൽ തുമുന്നന്തം അവ്യയം) ഇവ ഉണ്ടേങ്കിൽ അതെടുക്കണം
ഇവിടെ ഒരെണ്ണം ഉണ്ട് പ്രണീപത്യ.
“അഹം പ്രണിപത്യ ആഖ്യാസ്യേ” - ഞാൻ പ്രണിപതിച്ചിട്ട് പറയാം
ആരെ പ്രണീപതിച്ചിട്ട് എന്ന് ചോദ്യത്തിനുള്ള ഉത്തരം അടുത്തത്.
“അഹം ശ്രീപതിം പ്രണീപത്യ ആഖ്യാസ്യേ” ഞാൻ ശ്രീപതിയെ പ്രണീപതിച്ചിട്ടു പറയാം
ഇനി നോക്കുക വിശേഷണപദം വല്ലതും ഉണ്ടോ എന്ന്. ഇവിടെ ശ്രീപതി ദ്വിതീയ ആണ്‌ ശ്രീവത്സാങ്കിതവക്ഷസം ദ്വിതീയ ആണ്‌, ശ്രീരാമോദന്തം ദ്വിതീയ ആണ്‌. ഇവയിൽ ശ്രീരാമോദന്തം കഥ ആണ്‌ അത് വിഷ്ണുവിനു വിശേഷണം ആവില്ല. പക്ഷെ ശ്രീവത്സാങ്കിതവക്ഷസം എന്നത് വിഷ്ണൂവിനുള്ള വിശേഷണം ആണ്‌. അതു കൊണ്ട് ആ പദം കൂടി ചേർക്കുക
“അഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീപതിം പ്രണിപത്യ ആഖ്യാസ്യേ”
ഞാൻ ശ്രീവത്സ്സങ്കിതവക്ഷസ്സായ വിഷ്ണുവിനെ പ്രണിപതിച്ചിട്ട് പറയാം
എന്ത് പറയാം? (ഇത് വേണമെങ്കിൽ നേരത്തെയും ആകാം കേട്ടൊ)
വീണ്ടും ദ്വിതീയ നോക്കുക ശ്രീരാമോദന്തം ശ്രീരാമകഥയെ, അതും ചേർക്കുക
“അഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീപതിം പ്രണിപത്യ ശ്രീരാമോദന്തം ആഖ്യാസ്യേ”
ഞാൻ ശ്രീവത്സ്സങ്കിതവക്ഷസ്സായ വിഷ്ണുവിനെ പ്രണിപതിച്ചിട്ട് ശ്രീരാമോദന്തത്തെ പറയാം
ഇനിയും വിശേഷണം നോക്കുക , ഒരെണ്ണം കൂടീ ഉണ്ട് , ദ്വിതീയ അത് ശ്രീവാത്മീകിപ്രകീർത്തിതം. അത് ശ്രീരാമോദന്തത്തിന്റെ വിശേഷണം. ആ കഥ ശ്രീവാത്മീകിയാൽ പ്രകീർത്തിതം ആണ്‌. അപ്പോൾ അതും കൂടി ചേർക്കുക
“അഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീപതിം പ്രണിപത്യ ശ്രീവാത്മീകിപ്രകീർത്തിതം ശ്രീരാമോദന്തം ആഖ്യാസ്യേ”
ഞാൻ ശ്രീവത്സാങ്കിതവക്ഷസ്സായ വിഷ്ണുവിനെ പ്രണിപതിച്ചിട്ട് ശ്രീവാത്മീകിയാൽ പ്രകീർത്തിതമായ ശ്രീരാമോദന്തത്തെ പറയാം
ഇതാണ്‌ ഈ ശ്ലോകത്തിന്റെ അന്വയം / അന്വയാർത്ഥം.
ഇനി ഇതിൽ വരുന്ന ശബ്ദങ്ങളുടെ സിദ്ധരൂപങ്ങളും കൂടി കുറച്ചു കുറച്ചായി പഠിച്ചു പോയാൽ വളരെ വേഗം ശ്ലോകങ്ങൾ സ്വയം മനസിലാക്കുവാൻ സാധിക്കും

ശ്രീരാമോദന്തം രണ്ടാം ശ്ലോകം
“പുരാ വിശ്രവസഃ പുത്രോ രാവണോ നാമ രാക്ഷസഃ
ആസീദസ്യാനുജൗ ചാസ്താം കുംഭകർണ്ണവിഭീഷണൗ”
പദങ്ങൾ
പുരാ
വിശ്രവസഃ
പുത്രഃ
രാവണഃ
നാമ
രാക്ഷസഃ
ആസീത്
അസ്യ
അനുജൗ

ആസ്താം
കുംഭകർണ്ണവിഭീഷണൗ
പുരാ അവ്യയം - പണ്ട് എന്നർത്ഥം
വിശ്രവസഃ സകാരാന്തം പുല്ലിംഗം ഷഷ്ടി ഏകവചനം വിസ്രവസ്സിന്റെ എന്നർത്ഥം (വിസ്രവാ വിസ്രവസൗ വിസ്രവസഃ എന്ന് ഏകദ്വിബഹുവചനങ്ങൾ മുഴുവൻ രൂപങ്ങൾ സിദ്ധരൂപത്തിൽ പഠിക്കുക)
പുത്രഃ അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം = പുത്രൻ
രാവണഃ (അ-പു-പ്ര ഏ) രാവണൻ
നാമ (അവ്യയം) എന്നു പേരുള്ള
രാക്ഷസഃ (അ - പു- പ്ര ഏ) രാക്ഷസൻ
ആസീത് (ലങ്ങ് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം) ഉണ്ടായിരുന്നു. ഉണ്ട് എന്നു സൂചിപ്പിക്കുന്ന അസ്തി എന്ന ക്രിയയുടെ ബ്ഭൂതകാലരൂപം ആണ്‌ ലങ്ങ്. ആസീത് ആസ്താം ആസൻ എന്ന് ഏകദ്വിബഹുവചനങ്ങൾ - ബാക്കി സിദ്ധരൂപത്തിൽ പഠിക്കുക)
അസ്യ ഇദംശബ്ദം പുല്ലിംഗം ഷഷ്ടി ഏകവചനം ഇവന്ന്‌ അല്ലെങ്കിൽ ഇവന്റെ
അനുജൗ അ-പു പ്ര- ദ്വിവചനം അനുജന്മാർ
ച അവ്യയം ഉം
ആസ്താം മുൻപു പറഞ്ഞതു പോലെ ലങ്ങ് പരസ്മൈപദം പ്രഥമപുരുഷൻ ദ്വിവചനം - രണ്ടുപേരുണ്ടായിരുന്നു
കുംഭകർണ്ണവിഭീഷണൗ അ പു പ്ര ദ്വി - കുംഭകർണ്ണനും വിഭീഷണനും
ഇനി ഇതിനെ അന്വയിക്കുന്നത്
ആസീത് - ഉണ്ടായിരുന്നു
ആർ അല്ലെങ്കിൽ എന്ത്?
രാക്ഷസഃ ആസീത്. രാക്ഷസൻ ഉണ്ടായിരുന്നു
ഇനി രാക്ഷസന്റെ വിശേഷണങ്ങൾ ചേർക്കാം ഉണ്ടായിരുന്നത് പണ്ടാണ്‌
പുരാ രാക്ഷസഃ ആസീത്
അവന്റെ പേർ രാവണൻ എന്നായിരുന്നു
പുരാ രാവണഃ നാമ രാക്ഷസഃ ആസീത്
അവൻ വിസ്രവസ്സിന്റെ പുത്രൻ ആയിരുന്നു ഇല്ലെ?
അപ്പോൾ പുരാ വിസ്രവസഃ പുത്രഃ രാവണഃ നാമ രാക്ഷസഃ ആസീത്
ഇനി ഒരു ക്രിയ ഉണ്ട് ആസ്താം അത് ദ്വിവചനം ആണ്‌
അപ്പോൾ ആസ്താം രണ്ടുപേർ ഉണ്ടായിരുന്നു
അനുജൗ ആസ്താം അനുജന്മാർ രണ്ടു പേർ ഉണ്ടായിരുന്നു
ആരുടെ അനുജന്മാർ? രാവണന്റെ = നേരത്തെ പറഞ്ഞ അവന്റെ
അസ്യ അനുജൗ ആസ്താം. ഉം എന്നു കൂടീ ചേർക്കണം വേണ്ടേ?
അസ്യ അനുജൗ ച ആസ്താം അവന്റെ രണ്ട് അനുജന്മാരും ഉണ്ടായിരുന്നു
അവർ കുംഭകർണ്ണനും വിഭീഷണനും ആയിരുന്നു,
അസ്യ അനുജൗ കുംഭകർണ്ണവിഭീഷണൗ ച ആസ്താം
വ്യക്തം ആയില്ലെ?

3 comments:

  1. ഒരു ശ്ലോകം കിട്ടിയാൽ ആദ്യം അതിന്റെ പദം പിരിക്കുക, എന്നിട്ട് അതിന്റെ അന്തം ലിംഗം വിഭക്തി, ലകാരം ഇവ മനസിലാക്കുക

    ReplyDelete
  2. തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന 16-ാം സംസ്‌കൃത വിശ്വസമ്മേളനത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.
    പരമ ആദരണീയയായ സയാമ ബറോമ രാജകുമാരി മഹാചക്രി സിറിന്ധോന്‍ അവര്‍കള്‍ക്കും സമ്മേളനാദ്ധ്യക്ഷന്‍ കുടുംബശാസ്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും ലോകത്തിന്റെ വിവിധദേശത്തുനിന്നും എത്തിയിട്ടുള്ള വിദ്വാന്മാര്‍ക്കും ഗവേഷകര്‍ക്കും വൈസ് ചാന്‍സലര്‍, വിദ്യാവിഭൂഷിതന്മാര്‍ക്കും എന്റെ ഹാര്‍ദവമായ നമസ്‌കാരം. ഈ ലോക സംസ്‌കൃത സമ്മേളനത്തിനെത്തി ചേര്‍ന്ന നിങ്ങളെയെല്ലാവരേയും ഞാന്‍ അഭിനന്ദിക്കുന്നു.
    ഈ സമ്മേളനത്തില്‍ 60 ദേശത്തില്‍നിന്ന് 600 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇന്നത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം ‘വസുധൈവ കുടുംബകം’ എന്നാണ്. പഞ്ചതന്ത്രത്തിന്റെ ശ്ലോകം ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.

    അയം നിജഃ പരോ വേതി
    ഗണനാ ലഘു ചേതസാം
    ഉദാരചരിതാനാം തു
    വസുധൈവ കുടുംബകം.

    (ഇയാള്‍ എന്റേത്, എനിക്ക് പ്രിയപ്പെട്ടവന്‍, മറ്റേയാള്‍ വേണ്ടപ്പെട്ടവനല്ല എന്നുള്ള ചിന്തകള്‍ സങ്കുചിത മനസ്സുള്ളവര്‍ക്കുള്ളതാണ്. വിശാലമായി ചിന്തിക്കുന്നവര്‍ ലോകം മുഴുവന്‍ തന്റെ കുടുംബമായി കണക്കാക്കുന്നു.)

    ഇവിടെ കൂടിയിരിക്കുന്ന നിങ്ങളെല്ലാവരും ആ രീതിയില്‍ വിശാലമനസ്സുള്ളവരാണ്. ഈ ധേയവാചകത്തെ അന്വര്‍ത്ഥമാക്കുന്നവരാണ് നിങ്ങളെല്ലാവരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete