Tuesday, March 30, 2010

രാമരാജ്യം

വാല്‌മീകിരാമായണത്തിലെ രാമനെ കുറിച്ച്‌ ഒരു കുറിപ്പ്‌ എഴുതി.

അതു കണ്ടപ്പോള്‍ ഒരാള്‍ക്കു സംശയം തോന്നിയതു കണ്ടോ?

രാജഭരണമാണ്‌ ജനാധിപത്യത്തെക്കാള്‍ നല്ലത്‌ എന്ന് ഞാന്‍ പറഞ്ഞു.

അതെയോ? ഇനി ഞാന്‍ അങ്ങനെ എങ്ങാനും പറഞ്ഞോ പോലും?

സുഹൃത്തുക്കളേ - എഴുതിയതു വായിക്കുക അതില്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു മനസ്സിലാക്കി വിമര്‍ശിക്കുക അതല്ലെ അഭികാമ്യം?

ക്ഷത്രിയന്റെ ഉദാഹരണത്തിന്‌ അനുയോജ്യമായ ഒരു കഥാപാത്രം ആണ്‌ വാല്‌മീകിയുടെ രാമന്‍ - ബ്രാഹ്മണന്റെ ഉദാഹരണത്തിന്‌ അനുയോജ്യനായ കഥാപാത്രം വിശ്വാമിത്രന്‍ എന്നതു പോലെ.

ഓരോരോ കാലഘട്ടത്തിനും അതിന്റെതായ കഥകള്‍ ഉണ്ടാകും. അന്നന്നത്തെ വ്യവസ്ഥിതിയ്ക്കനുസരിച്ച കഥകളായിരിക്കും അവ.

അന്നത്തെ പേരുകള്‍ ആയിരിക്കില്ല മറ്റൊരു കാലഘട്ടത്തില്‍ അതെ കഥാപാത്രങ്ങള്‍ക്ക്‌.

രാജ്യഭരണം നടത്തിയിരുന്നത്‌ അക്കാലത്ത്‌ രാജാക്കന്മാരായിരുന്നു. രാജാവാകണം എങ്കില്‍ ക്ഷത്രിയനായിരിക്കണം. അപ്പോള്‍ ക്ഷത്രിയന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നതാണ്‌ രാമകഥയില്‍ കൂടി കാണിച്ചു തരുന്നത്‌.

ഇന്നു രാജ്യം ഭരിക്കുന്നത്‌ രഷ്ട്രീയക്കാരാണ്‌. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍. ഈ പ്രതിനിധിയ്ക്കു വേണ്ട ഗുണങ്ങളും ഇതുപ്പോലെ തന്നെ വായിച്ചെടുക്കണം.

രാമന്റെ ഗുണം ആണ്‌ ideal ഓരോ ജനപ്രതിനിധിയും രാമഗുണം ഉള്ളവനാണെങ്കില്‍ രാമരാജ്യം വരും -

കളിയാക്കിപ്പറഞ്ഞതാണെങ്കിലും ശ്രീഹരിയ്ക്ക്‌ - (cALviN::കാല്‍‌വിന്‍) കാര്യമറിയാം

രാമരാജ്യം എങ്ങനെ ആയിരിക്കും എന്നു വാല്‌മീകി പറഞ്ഞതു കേള്‍ക്കണ്ടേ? അതു കേട്ടിട്ട്‌ നമുക്കൊരുമിച്ച്‌ ഹാലിളക്കാം പോരേ?

"പ്രഹൃഷ്ടമുദിതോ ലോകസ്തുഷ്ടഃ പുഷ്ടഃ സുധാര്‍മ്മികഃ
നിരാമയോ ഹ്യരോഗശ്ച ദുര്‍ഭിക്ഷഭയവര്‍ജ്ജിതഃ"

ജനങ്ങള്‍ എല്ലാവരും - പ്രജകള്‍ എല്ലാവരും -- ശ്രദ്ധിക്കണം എല്ലാവരും ആണ്‌ സവര്‍ണ്ണര്‍ മാത്രമല്ല ബ്രാഹ്മണര്‍ മാത്രമല്ല ക്ഷത്രിയര്‍ മാത്രമല്ല, വൈശ്യര്‍ മാത്രമല്ല ----- എല്ലാവരും അതുകൊണ്ടാണ്‌ ലോകം എന്ന വാക്കുപയോഗിച്ചിരിക്കുന്നത്‌ സന്തുഷ്ടരാണ്‌ , ധാര്‍മ്മികബുദ്ധിയുള്ളവരാണ്‌, രോഗങ്ങള്‍ വ്യാധികള്‍ എന്നിവയില്ലാത്തവരാണ്‌, ക്ഷാമം, ഭയം , എന്നിവയില്ലാത്തവരാണ്‌.

(എന്താ ഇതൊക്കെ ആണൊ മോശം സംഗതികള്‍ അതോ ഇതില്‍ പറഞ്ഞ - ഇല്ലാത്തവയെല്ലാം ഉണ്ടായിരിക്കയും ഉള്ളവയെല്ലാം ഇല്ലാതിരിക്കുകയും വേണോ?)

ന പുത്രമരണം കേചിത്‌ ദ്രക്ഷ്യന്തി പുരുഷാഃ ക്വചിത്‌
നാര്യശ്ചാവിധവാ നിത്യം ഭവിഷ്യന്തി പതിവ്രതാഃ

പുത്രമരണം, വൈധവ്യം എന്നിവ കേള്‍ക്കാനില്ല, പാതിവ്രത്യം ഉണ്ടായിരുന്നു.

ന ചാഗ്നിജം ഭയം കിഞ്ചിന്നാപ്സു മജ്ജന്തി ജന്തവഃ
നവാതജം ഭയം കിഞ്ചിന്നാപി ജ്വരകൃതം തഥാ

അഗ്നി ജലം വായു എന്നിവയില്‍ നിന്നുള്ള ഭയം ഉണ്ടായിരുന്നില്ല - പ്രകൃതി പോലും അനുകൂലമാണെന്നു താല്‍പര്യം. രോഗഭയവും ഇല്ലായിരുന്നു.

"നചാപി ക്ഷുത്ഭയം തത്ര ന തസ്കരഭയം തഥാ
നഗരാണി ച രാഷ്ട്രാണി ധനധാന്യയുതാനി ച
നിത്യം പ്രമുദിതാഃ സര്‍വേ യഥാ കൃതയുഗേ തഥാ"

വിശപ്പില്‍ നിന്നോ കള്ളന്മാരില്‍ നിന്നോ ഉള്ള ഭയവും അക്കാലത്തില്ലായിരുന്നു. രാജ്യം ധനധാന്യസമ്പല്‍ സമൃദ്ധമായിരുന്നു.
എല്ലാവരും എല്ലായ്പ്പോഴും സന്തുഷ്ടരായിരുന്നു.

ഇതു പോലെ ഒരു ഭരണം ആണ്‌ കാഴ്ച വയ്ക്കുന്നതെങ്കില്‍ അത്‌ കോണ്‍ഗ്രസ്സായാലും, കമ്യൂണിസ്റ്റായാലും ബി ജെ പി ആയാലും ഇനി മറ്റാരെങ്കിലും ആയാലും അതു നല്ലത്‌


അല്ല ഇന്നു കാണുന്നതുപോലെ സ്വജനപക്ഷപാതം, കൊള്ള, കൊല, കൈക്കൂലി, ഗുണ്ഡാരാജ്‌ എന്നിവയാണു കാണുന്നതെങ്കില്‍ അത്‌ ഏതു ശ്രീരാമനാണെങ്കിലും ശ്രീകൃഷ്ണനാണെങ്കിലും എതിര്‍ക്കണം.


അപ്പോള്‍ വാല്‌മീകിയാമായണം ഒന്നു വായിക്കൂ രാമരാജ്യം എന്താണെന്നു മനസ്സിലാക്കിയശേഷം നമുക്കു ചര്‍ച്ചിക്കാം -- രാമരാജ്യം വേണോ വേണ്ടയൊ എന്ന്

Monday, March 29, 2010

ആ ശ്ലോകങ്ങള്‍

ആശാനെ ഒരു സംശയം

എന്താഡോ?

രാമനോട്‌ കാട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ രാമന്‍ ചുമ്മാ മിണ്ടാതങ്ങു പോയെ ഉള്ളോ? അങ്ങനെ മനുഷ്യര്‍ വല്ലോരും ചെയ്യുമൊ?

രാമന്‍ സാധാരണ മനുഷ്യന്‍ അല്ല മര്യാദാപുരുഷോത്തമന്‍ ആണെന്നു കേട്ടിട്ടില്ലെ?

പക്ഷെ ഈ ശ്ലോകങ്ങളുടെ അര്‍ത്ഥത്തില്‍ എനിക്കൊരു സംശയം

ഏതു ശ്ലോകങ്ങള്‍

അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം പതിനഞ്ചു മുതല്‍ പത്തെണ്ണം
പതിനഞ്ചാമത്തെ ശ്ലോകം -

"കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌"

പ്രതിയായ കൈകേയി പത്തിവിടര്‍ത്തിക്കൊണ്ട്‌ ഹി എന്ന് ഒച്ച ഉണ്ടാക്കിക്കൊണ്ട്‌ വേദനിപ്പിച്ച്‌ എന്റെ കഥ കഴിച്ചപ്പോള്‍ എന്നു വരെ മനസ്സിലായി ബാക്കി--?

ഹായ്‌ ഹായ്‌ കേള്‍ക്കട്ടെ ബാക്കി കൂടി
പതിനേഴിലാകട്ടെ

"ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ"

മാതൃഷു മമാന്തരം ഭൂത എന്നു വച്ചാല്‍ ഭൂതത്തെ പോലെ മാതാവ്‌ മാന്തിപ്പറിച്ചു.

ഭൂത കഴിഞ്ഞാല്‍ പച്ച തെറി - എന്റാശാനേ ഇപ്പറഞ്ഞവനെ ആണൊ നിങ്ങള്‍ പുരുഷോത്തമന്‍ എന്നൊക്കെ പറയുന്നത്‌?

എഡോ ഇപ്പണി തനിക്കു പറഞ്ഞിട്ടുള്ളതല്ല. ഞാന്‍ വേറൊരു കഥ പറയാം

പണ്ട്‌ ദേവലോകത്തു നിന്നും ഒരു അരയന്നം ഭൂമിയിലെത്തി. പരന്നിറങ്ങിയ അന്നം, ആദ്യം കണ്ട ഒരു കുളത്തില്‍ പോയി. അവിടെ ധാരാലം കൊറ്റികള്‍ ഇരിക്കുന്നു

പുതിയതായി വന്ന പക്ഷിയെ കണ്ട്‌ കൊറ്റികള്‍ എല്ലാം അടൂത്തു കൂടി
അവര്‍ കുശലപ്രശ്നം തുടങ്ങി എവിടെ നിന്നു വരുന്നു ?

ദേവലോകത്തു നിന്ന്

താമസിക്കാന്‍ ഇടം ?

ഇന്ദ്രന്റെ സരസ്‌

കഴിക്കാന്‍?

താമരയല്ലി

പിന്നെ അട്ടയുണ്ടോ? ഞണ്ടുണ്ടോ? തേരട്ടയുണ്ടൊ?

"അട്ടകളൂണ്ടൊ ഞണ്ടുണ്ടോ തേരട്ടകളുണ്ടൊ ഞാഞ്ഞൂലുണ്ടോ"

ഇതൊന്നും ഇല്ല

പിന്നെന്തു ദേവലോകം ഫൂ.

വഴിയരികില്‍ നടക്കുന്ന നായയ്ക്കും, പന്നിയ്ക്കുമൊക്കെ അമേദ്ധ്യം കാണുമ്പോഴാണ്‌ സന്തോഷം. അതുകൊണ്ട്‌ അവ അതു ചികഞ്ഞു കൊണ്ടിരിക്കും അതവരുടെ കുറ്റമല്ല.

അപ്പോള്‍ മേല്‍പറഞ്ഞ ശ്ലോകങ്ങളുടെ അര്‍ത്ഥവും താല്‍പര്യവുംകേള്‍ക്കണ്ടെ?

വനവാസത്തിനു രാമനെ നിയോഗിച്ചതറിഞ്ഞ്‌ ദുഃഖമില്ലാത്തവര്‍ രാമനും സീതയും, കൈകേയിയം, കുബ്ജയും മാത്രം.

കൗസല്ല്യ ദുഃഖിതയാണെങ്കിലും, രാമനോടൊപ്പം കാട്ടില്‍ പോകണം എന്നെ ആവശ്യപ്പെടുന്നുള്ളു.

എന്നാല്‍ ലക്ഷ്മണന്‍ ക്രോധിതനാണ്‌. ആയുധമെടുത്താലും ശ്രീരാമന്റെ അഭിഷേകം നടത്തണം എന്നാണ്‌ വാശി.

ആ ലക്ഷ്മണനെ അനുനയിപ്പിക്കുവാന്‍, നമ്മുടെ നിയന്ത്രണത്തിലല്ലാതെയുള്ള കാര്യങ്ങള്‍ ഉള്ളതും, മുന്‍ ജന്മ കര്‍മ്മഫലം - അഥവാ ദൈവം എന്നു വിളിക്കപ്പെടുന്ന ശക്തിയെ കുറിച്ചും, അതില്‍ കൈകേയി കുറ്റക്കാരിയല്ല എന്ന വസ്തുതയെക്കുറിച്ചും പറയുകയും, ഇതെല്ലാം വസ്തുനിഷ്ടമായി അറിയാവുന്നതു കൊണ്ട്‌ തനിക്കു ദുഃഖം ഇല്ല എന്നു പറയുന്നതും, ആണ്‌ ആ പത്തു ശ്ലോകങ്ങള്‍ ദാ താഴെ വായിക്കൂ.

മനുഷ്യന്‍ ആലോചിച്ചുറപ്പിച്ച പലകാര്യങ്ങളും അവിചാരിതമായ മറ്റു ചില കാരണങ്ങളാല്‍ തടസ്സപ്പെട്ടുകാണുന്നു. അത്തരത്തില്‍ വിശദീരണ സാധ്യമാകാത്ത പലതും ദൈവനിശ്ചയം അഥവാ പൂര്‍വകര്‍മ്മര്‍ജ്ജിതമാണ്‌, അതിനെഹിരെ പടപൊരുതുന്നതില്‍ അര്‍ത്റ്റമില്ല എന്നു ലക്ഷ്മണനോടു പറയുകയാണ്‌. ഇതില്‍ "ദൈവം" എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്‌ കര്‍മ്മഫലത്തെ ആണ്‌ അല്ലാതെ മുകളില്‍ എവിടെയോ ഇരുന്നു ഭരിക്കുന്ന ഒരാളല്ല.

ഇനി അര്‍ത്ഥങ്ങള്‍ ഓരോ ശ്ലോക്കത്തിന്റെ ആയി കാണാം

15. അല്ലയോ ലക്ഷ്മണാ , ഈ അഭിഷേകം എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിനുള്ള കാരണം ദൈവനിശ്ചയം ആണ്‌.

കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌ 16

16. അല്ലയോ ലക്ഷ്മണാ എന്റെ വിചാരത്തില്‍ കൈകേയിയുടെ ഈ വിപരീതമനോഭാവത്തിനു കാരണം ദൈവനിശ്ചയം ഒന്നു മാത്രം ആണ്‌ അല്ലാത്തപക്ഷം കൈകേയി എന്നെ വനത്തില്‍ അയച്ചു പീഡിപ്പിക്കാന്‍ വിചാരിക്കില്ല.

ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ 17

17. നിനക്കു നേരത്തെ തന്നെ അറിയാവുന്നതാണല്ലൊ എനിക്കു ഇവര്‍ രണ്ടു പേരോടും - കൈകേയിയോടൂം കൗസല്ല്യയോടും ഒരിക്കലും ഭേദഭാവം ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ ഭരതനോടും എന്നോടൂം ഒരിക്കലും കൈകേയിയും ഭേദഭാവം കാണിച്ചിരുന്നില്ല.

സോഭിഷേകനിവൃത്യര്‍ത്ഥൈഃ പ്രവാസര്‍ത്ഥൈശ്ച ദുര്‍വചൈഃ
ഉഗ്രൈര്‍വാക്യൈരഹം തസ്യാ നാന്യത്‌ ദൈവാത്‌ സമര്‍ത്ഥയേ 18

18. എന്റെ അഭിഷേകം തടസപ്പെടുത്താനും എന്നെ വനത്തിനയയ്ക്കാനും നിമിത്തമായ ഘോരവചനങ്ങള്‍ ഒരു സാധാരണമനുഷ്യനില്‍ നിന്നും ഉല്‍ഭവിക്കുകയില്ല- അതു ദൈവനിശ്ചയമാണ്‌.

കഥം പ്രകൃതിസമ്പന്നാ രാജപുത്രീ തഥാഗുണാ
ബ്രൂയാത്‌ സാ പ്രാകൃതേവ സ്ത്രീ മത്‌പീഡ്യാം ഭര്‍തൃസന്നിധൗ 19

19. സല്‍ഗ്ഗുണസമ്പന്നയായ ഒരു രാജകുമാരി ആയ കൈകേയിയില്‍ നിന്നും ഇതു പോലെ എന്നെ ഉപദ്രവിക്കുവാനുദ്ദേശിച്ചുള്ള സാധാരണ സ്ത്രീസഹജമായ ഘോരവാക്കുകള്‍ മറ്റൊരു കാരണത്താല്‍ ഉല്‍ഭവിക്കുകയില്ല തന്നെ.

യദചിന്ത്യം തു തത്‌ ദൈവം ഭൂതേഷ്വപി ന ഹന്യതേ
വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20

കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍
യസ്യ നു ഗ്രഹണം കിഞ്ചിത്‌ കര്‍മ്മണോന്യത്ര ദൃശ്യതേ 21

20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.

22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌ 22

ഋഷയോപ്യുഗ്രതപസോ ദൈവേനാഭിപ്രചോദിൂതാഃ
ഉത്സൃജ്യ നിയമാംസ്തീവ്രാന്‍ ഭ്രശ്യന്തേ കാമമന്യുഭിഃ 23

23. ഇക്കാരണത്താല്‍ തന്നെ ഉഗ്രതപസ്വികളായ ഋഷിമാര്‍ പോലും കാമക്രോധങ്ങള്‍ക്കടിമപ്പെട്ടു കാണുന്നുണ്ട്‌.

അസങ്കല്‍പിതമേവേഹ യദകസ്മാത്‌ പ്രവര്‍ത്തതേ
നിവര്‍ത്യാരബ്ധമാരംഭൈര്‍ന്നനു ദൈവസ്യ കര്‍മ്മ തത്‌ 24

24. ആലോചിച്ചു തീരുമാനമെടുത്തല്ലാതെ ആകസ്മികമായി ഉണ്ടായിക്കാണുന്നവയും, ആലോചിച്ചുറപ്പിച്ചു തുടങ്ങിയ കാര്യങ്ങളെ പോലും പെട്ടെന്നു തടസ്സപ്പെടൂത്തുന്നതുമായ ചില കാരണങ്ങള്‍ ദൈവനിശ്ചയം തന്നെയാണ്‌.

ഏതയാ തത്വയാ ബുദ്ധ്യാ സംസ്തഭ്യാത്മാനമാത്മനാ
വ്യാഹതേപ്യഭിഷേകെ മേ പരിതാപോ ന വിദ്യതേ 25

25. ഇക്കാര്യങ്ങള്‍ തത്വബുദ്ധിയാല്‍ എനിക്കറിയാവുന്നതു കൊണ്ട്‌ അഭിഷേകം മുടങ്ങിയതില്‍ എനിക്കു ദുഃഖമൊന്നും ഇല്ല തന്നെ.

അല്ലാതെ കൈകേയിയെ പള്ളു പറയലും മൂക്കു പിഴിയലും ഒന്നും അല്ല.


തന്നെ പിടിച്ചു കെട്ടിയിട്ടിട്ടു രാജ്യം ഭരിച്ചു കൊള്ളാന്‍ ദശരഥന്‍, രാജ്യം തനിക്കു വേണ്ട, ജ്യേഷ്ഠന്‍ തിരികെ വന്നാല്‍ മതി എന്നു പറയുന്ന ഭരതന്‍, വില്ലാളിവീരനായ ലക്ഷ്മണന്‍ യുദ്ധം ചെയ്തെങ്കില്‍ അങ്ങനെ രാജ്യം രാമനു തന്നെ നേടിയെടുക്കണം എന്ന വാശിയില്‍, വനവാസത്തിനു പുറപ്പെടൂമ്പോള്‍ തങ്ങള്‍ എല്ലാവരും കൂടെ പോരും എന്നു പറഞ്ഞ്‌ ഇറങ്ങുന്ന രാജ്യത്തെ മുഴുവന്‍ പ്രജകളും-

ഇത്രയും ഒക്കെ ഉള്ള രാമന്‍ മൂക്കൊലിപ്പിച്ചു എന്നെഴുതാന്‍ നാണമില്ലാഴിക എത്ര വേണം എന്റെ രാമാ

Saturday, March 27, 2010

വാട്ട്‌ ഈസ്‌ ദിസ്‌?

Publishing a mail which I got right now
"
Our government is churning out one hazardous bill after another. This time it is a bill called the Civil Liability for Nuclear Damage, and it's coming up for a vote in a couple of days.

The bill lets U.S. corporations off the hook for any nuclear accidents they cause on Indian soil. They'd only have to pay a meagre amount, and Indian taxpayers would be stuck paying crores for the nuclear clean up and to compensate the victims.

Without any public debate, the Prime Minister is appeasing American interests and ignoring our safety.

Greenpeace is launching a petition asking the PM to hold a public consultation before introducing the bill.

I have already signed this petition. Can you join me?

http://www.greenpeace.org/india/stop-the-vote2
"


ചില മെയിലുകള്‍ വായിക്കുമ്പോള്‍ ഭീതി തോന്നുന്നു - നാം വെറും ആണും പെണ്ണും കെട്ടവരായിപ്പോയോ?

ഇതിന്റെ ഒക്കെ നിജസ്ഥിതി എന്താണ്‌?

Friday, March 26, 2010

ശ്രീരാമകഥ -ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി

ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി വച്ചേക്കണെ രാമന്‍ കൈകേയിയെ പള്ളു പറഞ്ഞതൊന്നും
ബിജു കോട്ടപ്പുറം said... Says ""ഇതാകെ കണ്‍ഫ്യൂഷനായല്ലോ മാഷെ, വാത്മീകി രാമായണം തന്നെയല്ലേ ?
കൈകേയീടെ ദുര്‍വാശിയെയൊക്കെ സാമാന്യം നന്നായി പള്ളും പറഞ്ഞ്, എനിക്കിനി കാട്ടിലലയേണ്ടി വരുമല്ലോ എന്നൊക്കെ നെലവിളിച്ച് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നല്ല സീനൊണ്ടാക്കിയിട്ടല്ലേ രാമന്‍ കാട്ടിലോട്ട് കെട്ടിയെടുക്കുന്നത്. ഇതും ക്ഷത്രീയ ഗുണമായിരിക്കും !
രാജാക്കന്മാരുടെ മക്കളായി ജനിക്കുന്നതും ക്ഷത്രീയഗുണമാണോ മാഷെ ?
സോണിയാ ഗാന്ധി ക്ഷത്രീയ ആണോ ?"


അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലൊ.

കൈകേയി രാമനോട്‌ വനവാസത്തിനു പോകാനും ഭരതനെ അഭിഷേകം നടത്താനും ഉള്ള കാര്യം ധരിപ്പിക്കുമ്പോള്‍ രാംന്‍ പറയുന്ന കാര്യങ്ങള്‍:ആണ്‌
പക്ഷെ വാല്മീകിരാമായണം സംസ്കൃതത്തില്‍ ലഭ്യമായതിലെ അയോദ്ധ്യാകാണ്ഡം 19 ആം സര്‍ഗ്ഗത്തില്‍ പറയുന്നത്‌.

അത്‌ ദാ കേട്ടു കൊള്ളൂ

1. തദപ്രിയമമിത്രഘ്നോ വചനം മരണോപമം
ശ്രുത്വാ ന വിവ്യഥേ രാമഃ കൈകേയീം ചേദമബ്രവീത്‌

സാധാരണക്കാര്‍ക്ക്‌ മരണസമാനമായ ഈ അപ്രിയവാക്കുകള്‍ കേട്ടിട്ട്‌ ശത്രുസൂദനനായ രാമന്‌ ദുഃഖം ഉണ്ടായില്ല. അവന്‍ കൈകേയിയോട്‌ ഇപ്രകാരം പറഞ്ഞു

2. ഏവമസ്തു ഗമിഷ്യാമി വനം വസ്തുമഹം ത്വിതഃ
ജടാചീരധരോ രാജ്ഞഃ പ്രതിജ്ഞാമനുപാലയന്‍

അങ്ങനെ ആകട്ടെ . ഞാന്‍ ജടാവല്‍ക്കലധാരിയായി, രാജാവിന്റെ പ്രതിജ്ഞയെ പാലിക്കുവാനായി വനവാസം നടത്താം.

3. ഇദം തു ജ്ഞാതുമിച്ഛാമി കിമര്‍ത്ഥം മാം മഹീപതിഃ
നാഭിനന്ദതി ദുര്‍ദ്ധര്‍ഷോ യഥാപൂര്‍വമരിംദമഃ

പക്ഷെ ഒരു കാര്യം ഞാന്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. അജയ്യനും ശത്രുനാശകനുമായ രാജാവ്‌ മുമ്പത്തെ പോലെ സന്തോഷവാനായി ഇക്കാര്യം എന്നോടെന്തുകൊണ്ടു പറയുന്നില്ല എന്ന്‌.

4.മന്യുര്‍ന്ന ച ത്വയാ കാര്യോ ദേവി ബ്രൂമി തവാഗ്രതഃ
യാസ്യാമി ഭവ സുപ്രീതാ വനം ചീരജടാധരഃ

ഞാന്‍ ഇതു ചോദിച്ചു എന്നു വച്ച്‌ ഭവതി കോപിക്കേണ്ടതില്ല. സന്തോഷമായിരിക്കൂ ഞാന്‍ ജടാവല്‍ക്കലധാരിയായി വനവാസം നടത്തിക്കൊള്ളാം.

5. ഹിതേന ഗുരുണാ പിത്രാഃ കൃതജ്ഞേന നൃപേണ ച
നിയുജ്യമാനോ വിസ്രബ്ധഃ കിം ന കുര്യാമഹം പ്രിയം?

രാജാവ്‌ എന്റെ പ്രിയകാംക്ഷിയും ഗുരുവും പിതാവും ആണ്‌. പിന്നെ അദ്ദേഹത്തിന്റെ ആജ്ഞയെ പാലിക്കുന്നതില്‍ എനിക്ക്‌ എന്തു ശങ്കയ്ക്കാണവകാശമുള്ളത്‌?

6. അളീകം മാനസം ത്വേകം ഹൃദയം ദഹതേ മമ
സ്വയം യന്നാഹ മാം രാജാ ഭരതസ്യാഭിഷേചനം.

പക്ഷെ എന്റെ മനസ്സിനെ വിഷമിപ്പിക്കുന്നത്‌ ഇതൊന്നു മാത്രം ഭരതനെ രാജ്യാഭിഷേകം നടത്തുന്ന ഈ സന്തോഷവാര്‍ത്ത രാജാവു സ്വയം എന്നോട്‌ എന്തു കൊണ്ടു പറയുന്നില്ല ?

7. അഹം ഹി സീതാം രാജ്യം ച പ്രാണാനിഷ്ടാന്‍ ധനാനി ച
ഹൃഷ്ടോ ഭ്രാത്രേ സ്വയം ദദ്യാം ഭരതായ പ്രചോദിതഃ

ദേവിയുടെ (കൈകേയിയുടെ) ഒരു വാക്കു കൊണ്ടു പോലും ഞാന്‍ ഭരതനു വേണ്ടി സീതയെയോ രാജ്യത്തേയോ , ഇഷ്ടങ്ങളായ സര്‍വ ധനത്തെയോ പോലും കൊടുക്കുന്നതിനു സന്നദ്ധനാണ്‌.

8. കിം പുനര്‍മ്മനുജേന്ദ്രേണ സ്വയം മിത്രാ പ്രയോജിതഃ
തവ ച പ്രിയകാമാര്‍ത്ഥം പ്രതിജ്ഞാമനുപാലയന്‍

എങ്കില്‍ മുന്‍പറഞ്ഞതുപോലെ എന്റെ പിതാവും ഗുരുവും പ്രിയ കാക്ഷിയും ആയ മഹാരാജാവു സ്വയം ദേവിയുടെ ഇഷ്ടപൂര്‍ത്തിയ്ക്കായിപ്പറഞ്ഞാല്‍ (ഞാന്‍ എന്തു തന്നെ സന്ത്ജോഷമായി ചെയ്യുകയില്ല എന്നു വ്യംഗ്യം)


ഈ ശ്ലോകങ്ങള്‍ വായിച്ച്‌ ഇവയുടെ അര്‍ത്ഥം ആരെങ്കിലും സംസ്കൃതം അറിയാവുന്നവരെ കൊണ്ട്‌ പരിശോധിപ്പിച്ച ശേഷം

നമ്മുടെ ബിജു കോട്ടപ്പുറം പറഞ്ഞ മൂക്കള ഒന്നു കാണിച്ചു തരണേ മഹാശയന്മാരേ

Thursday, March 25, 2010

ശ്രീരാമകഥ

വിശ്വാമിത്രന്റെ കഥയിലൂടെ ബ്രാഹ്മണന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നു കാണിച്ചു തന്ന വാല്‌മീകി ക്ഷത്രിയന്‍ എങ്ങനെ ആയിരിക്കണം എന്നത്‌ ശ്രീരാമന്റെ കഥയിലൂടെ കാണിച്ചു തരുന്നു.

ശ്രീരാമകഥ ശരിയായി എഴുതണമെങ്കില്‍ ഇനി ഒരു പത്തു ജന്മം ജനിച്ച്‌ ഏതെങ്കിലും നല്ല ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിച്ചാല്‍ ഒരു പക്ഷെ എനിക്കു കഴിയുമായിരിക്കും. പക്ഷെ ഇപ്പോള്‍ ചില കാര്യങ്ങള്‍ എനിക്കു മനസ്സിലായ രീതിയില്‍ കുറിയ്ക്കുന്നു അത്രമാത്രം.

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി വഴിയോരങ്ങളിലും, മീറ്റിങ്ങുകളിലും, അസംബ്ലികളിലും, പാര്‍ലമെന്റിലും എന്നു വേണ്ട എവിടെയും ചാവാലിപട്ടികളെ പോലെ പോരടിക്കുന്ന നാറിരാഷ്ട്രീയക്കാര്‍ എങ്ങനെ ആണൊ അതുപോലെ ആയിരിക്കരുത്‌ അതാണ്‌ ക്ഷത്രിയനു വേണ്ട ആദ്യഗുണം.

ഇന്നു കാണുന്നത്‌ സ്ഥാനാര്‍ത്ഥികളെ ആണ്‌ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അര്‍ത്ഥിക്കുന്ന - പിച്ചയാചിക്കുന്ന ചെറ്റകള്‍. ഇവര്‍ അവിടെ - അധികാരസ്ഥാനങ്ങളില്‍ - കയറിയിരുന്നാല്‍ കാണിക്കുന്ന കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ എന്നെന്നും കാണാവുന്നതുമാണ്‌

ആ അധികാരക്കൊതി ഇല്ലാതിരിക്കുക അതാണ്‌ ക്ഷത്രിയനു വേണ്ട ആദ്യഗുണം. അതു ശ്രീരാമകഥയില്‍ വ്യക്തമാക്കിയതു ശ്രദ്ധിച്ചില്ലേ?

കൈകേയി തനിക്കു ലഭിക്കേണ്ട വരങ്ങളായി രാമനെ വനവാസത്തിനയയ്ക്കണമെന്നും ഭരതനെ അഭിഷേകം ചെയ്യണമെന്നും പറയുകയും അതു രാമനെ കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തശേഷം ദശരഥന്‍ രാമനോടു പറയുന്ന ഒരു കാര്യം ഉണ്ട്‌

- തന്നെ പിടിച്ചു ബന്ധനസ്ഥനാക്കിയിട്ട്‌ രാജ്യം ഭരിച്ചു കൊള്ളുവാന്‍.

അനുസരണ - താതന്റെ ആജ്ഞ അനുസരിക്കുന്നവന്‍ എന്നു പേരെടുത്ത ശ്രീരാമനു വേണമെങ്കില്‍ അതും അനുസരിയ്ക്കാമായിരുന്നു. അല്ലേ?

പക്ഷെ രാമന്‍ അതല്ല അനുസരിച്ചത്‌ - വനവാസം എന്ന നിയോഗമാണ്‌.

അധികാരക്കൊതി മാത്രമല്ല, സ്വന്തമായി രാജ്യതാല്‍പര്യം മാത്രമേ ഉള്ളു, മറ്റ്‌ എല്ലാം - സ്വന്തം ഭാര്യാപുത്രസഹോദരാദികള്‍ പോലും അതു കഴിഞ്ഞേ വരുന്നുള്ളു - യഥാര്‍ത്ഥ ക്ഷത്രിയന്‌.

അതിനെ കാണിക്കുവാന്‍ പറഞ്ഞതല്ലെ സീതാ പരിത്യാഗവും മറ്റും?

കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങീ

"കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങീ"

എന്നൊരു സമസ്യ കേട്ടിട്ടുണ്ട്‌. ആരെഴുതിയതാണെന്നൊന്നും അറിയില്ല.

ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ അമ്മ ചേട്ടന്മാര്‍ ചേച്ചി ഇവരെല്ലാവരും ഒഴിവു കിട്ടുമ്പോള്‍ നടത്തിയിരുന്ന ഒരു വിനോദമായിരുന്നു അക്ഷരശ്ലോകം. ഞാന്‍ ഏറ്റവും കുഞ്ഞായതു കൊണ്ട്‌ അതിനധികം അവസരം കിട്ടിയില്ല. അറിവു വച്ചു വരുമ്പോഴേക്കും ഓരോരുത്തര്‍ വയറ്റുപിഴപ്പിനു വേണ്ടി വീടു വിട്ടു പോയതിനാല്‍.

അവര്‍ പാടിക്കേട്ട ഒരു പൂരണം (ഇതും ആരുടെ വക എന്നറിയില്ല)

"പിണ്ണാക്കു കണ്ടു കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതുകുതിര്‍ന്നവിടെത്തടഞ്ഞു
തൊണ്ണാന്‍ കണക്കെ മിഴിയുന്തിവലഞ്ഞു കഷ്ടം
കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങി"

Wednesday, March 24, 2010

പണ്ടെങ്ങാണ്ടൊരു കൊക്കു

അച്ഛന്‍ പറഞ്ഞു കേട്ട ഒരു പഴയ ശ്ലോകം. വെറുതെ തമാശയ്ക്ക്‌ ആരോ എഴുതിയതായിരിക്കും.

ശ്ലോകങ്ങളില്‍ താല്‍പര്യം ഉണര്‍ത്താന്‍ വേണ്ടി പണ്ടുള്ളവര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗവുമായിരിക്കാം.

ഒരു കൊക്കു പണ്ട്‌ പക്കിയുടെ വീട്ടില്‍ വിരുന്നു ചെന്നിരുന്നു അത്രെ അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഇരിക്കാന്‍ പറഞ്ഞുകൊണ്ട്‌ അവര്‍ തര്‍ക്കത്തിലാണ്‌. ഇതിന്റെ നാലാമത്തെ വരി അത്ര ഉറപ്പു പോരാ

"പണ്ടെങ്ങാണ്ടൊരു കൊക്കു പക്കിഭവനേ ചെന്നാന്‍ വിരുന്നുണ്ണുവാന്‍
കണ്ടപ്പോള്‍ പക്കി ചൊന്നാന്‍ ഇരിയിരി ബകമേ നീയിരിക്കെന്നു പക്കി
കൊക്കേ നീയിരി പക്കിരീ ബകമിരീ പക്കിക്കിരീ കൊക്കിരീ
കൊക്കും പക്കിയുമിന്നുപോലുമവിടെത്തര്‍ക്കത്തിലാണെന്നു കേള്‍"