Sunday, February 15, 2009

ഇപ്പൊള്‍ മുഴക്കോലായോ?

കുറച്ചു നാള്‍ തെരക്കു കാരണം പല ബ്ലോഗുകളും വായിക്കുവാന്‍ നേരം കിട്ടിയിരുന്നില്ല.

അതിന്റെ ഒരു പ്രശ്നം ഇവിടെ സ്ഥാനാര്‍ത്ഥിയുടെ വിശദീകരണത്തിലും പറ്റിയോ എന്നു സംശയം.

സൂരജിന്റെ പോസ്റ്റില്‍ കണ്ട ചില കാര്യങ്ങള്‍ ദാ താഴെ

"കമന്റ് നമ്പ്ര 3.


പണിക്കര്‍ മാഷിന്റെ ഈ കമന്റിനുള്ള മറുപടി.





എഴുത്തിന്റെ കുഴപ്പമൊന്നുമല്ല, സയന്‍സെന്ന് പറഞ്ഞ് മാഷ് ഇവിടെ എഴുതിവച്ചതത്രയും ബാലരമ സാധനമായിരുന്നു. അത് തന്നെ കാര്യം.

ഇനി ഈ അവസാനം പറഞ്ഞതിനെ കുറിച്ച്.

മാഷ് അവസാനം പറഞ്ഞതിന്റെ ചുരുക്കം:



“ ആദിയില്‍ ദ്രവ്യം ഉണ്ടായി എന്ന് വയ്ക്കുക - അതിന്‌ സ്വയം പരിണമിക്കുവാന്‍ സാധിക്കുമോ?
ഇല്ല - കാരണം പരിണമിക്കണം എങ്കില്‍ അതിനുള്ള നിയമങ്ങള്‍ , നിയന്ത്രണങ്ങള്‍ വേണം. ആ നിയമങ്ങള്‍ അഥവാ ബോധം ആണ് ആദ്യം ഉണ്ടാവുക. എന്നാല്‍ മാത്രമേ ദ്രവ്യം ഉണ്ടാകൂ. ആദിയില്‍ ഉണ്ടായിരുന്ന ആ ബോധം/നിയമം - അതാണ് പരമാത്മാവ്.”


ഇതല്ലേ ?

ഇതിനെ പിടിച്ച് സയന്‍സില്‍ കെട്ടണ്ട. ഇത് ശങ്കരന്‍ കളിച്ച ഒരു ‘തര്‍ക്കം’ മാത്രം. അത് വ്യാവഹാരികലോജിക്ക് വച്ച് പോലും നില്‍ക്കില്ല. സയന്‍സിന്റെ വെളിച്ചത്തിലാ കട്ടെ ഒട്ടും അടിസ്ഥാനവുമില്ല.

വിശദീകരിച്ച് ബ്ലോഗിലെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ആണ്. അതിനുള്ള പാങ്ങ് പൂച്ചയായ അടിയനില്ലതാനും. യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്ന സംഗതികള്‍ മുതല്‍ക്കുണ്ടേ. ചില പ്രാഥമിക കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. ( അതും അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത് എന്ന് മുന്നറിയിപ്പ്. കാരണം ഇത് ലളിതവല്‍ക്കരിക്കപ്പെട്ട ഒരു വേര്‍ഷന്‍ ആണ്)

a) ആദിയില്‍ “ഒന്നുമില്ലായ്ക” അഥവാ ശൂന്യതയില്‍ നിന്ന് തന്നെ പ്രപഞ്ചമത്രയും ഉണ്ടാകാം എന്ന് സ്റ്റാന്‍ഡാഡ് കോസ്മോളജിക്കല്‍ മോഡലില്‍ നിന്ന് ഉരുത്തിരിക്കാവുന്ന ഗണിതക്രിയകള്‍ പറഞ്ഞുതരും (ഈയുള്ളവന്റെ ആദ്യ കമന്റില്‍ പറഞ്ഞ കാര്യം നോക്കുക) കൂടുതലറിയാന്‍ ബിഗ് ബാംഗിനെ കുറിച്ചുള്ള ബാലരമാവിവരമല്ലാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക. ലിങ്ക് തന്നാല്‍ എടുക്കൂല എന്നാണല്ലൊ കല്പന."


അവസാന പാരഗ്രാഫില്‍ കൊടുത്ത ബോള്‍ഡായ വാക്കുകള്‍ കാണിക്കുന്ന 'ശൂന്യത' ഉണ്ടായത്‌ എവിടെ നിന്നാണു പോലും?

അതൊക്കെ നിങ്ങള്‍ കാണിച്ചു തരുന്ന പുസ്തകത്തില്‍ ഉള്ളത്‌ വായിച്ചിട്ട്‌ അതുപോലെ വിശ്വസിച്ചാല്‍ ശരിയാകും അല്ലേ?

ഈ വിശ്വാസത്തിന്റെ ഒരു കാര്യമേ!!!!
എന്റെ പോത്തിങ്കാലപ്പാ

പിന്നെ ലോ ലവടെ ദെ ഇങ്ങനെ ചില വരികള്‍ കാണുന്നു


"എന്റെ യുക്തികള്‍ സീക്വന്‍സായി ഇവിടെ നിരത്താം :

1. ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.

2. ഈ നിയമങ്ങളെ അറിയാനും അളക്കാനും, അവയുടെ ഇഫക്റ്റ് മനസ്സിലാക്കാനുമുള്ള ഒരു ഭാഷ ഗണിത (mathematics)വും.

3. മനുഷ്യയുക്തിയെന്നത് ഈ ഗണിതത്തെയും ശാസ്ത്രത്തെയും അറിയാനുള്ള തലച്ചോറിന്റെ capacity യാണ്. അതു പ്രപഞ്ചത്തിന്റെ തീരെച്ചെറിയ ഒരു ഭാഗമായ ഭൂമിയിലെ ജൈവപരിണാമത്തെ ആശ്രയിച്ചാണ് വികസിച്ചിട്ടുള്ളത് എന്നതിനാല്‍ത്തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെയെല്ലാം ഇഫക്റ്റ് അതിന്മേല്‍ ഉണ്ടാ‍ായിക്കൊള്ളണമെന്നില്ല.

4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)"



എന്തൊക്കെയാണാവോ പോത്തിങ്കാലപ്പാ, സൂരജിനെ കാത്തോളണെ

ഈ വാക്കുകള്‍ അടിയന്‍ പറഞ്ഞപ്പോള്‍ അടിയനു കിട്ടിയ മറുപടികള്‍ കാണണ്ടേ?

"ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....

sooraj replies"എന്നാല്‍ പോസ്റ്റില്‍ ‘ബോധ’ത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ :


ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....
ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


എന്നുവച്ചാല്‍ ‘പദാര്‍ത്ഥ’ത്തിന്റെ അന്തിമമായ രൂപം അതിന്റെ “properties നിശ്ചയിക്കുന്ന law(s)“ ആണെന്ന്.

ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.

മാഷ് (അര്‍ത്ഥമറിയാതെ) അസ്ഥാനത്ത് ക്വോട്ടിക്കൊണ്ടിരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു എക്സ്പെരിമെന്റല്‍ ഫ്രെയിം വര്‍ക്കില്‍ ദ്രവ്യത്തിന്റെ/ഊര്‍ജ്ജത്തിന്റെ പെരുമാറ്റം സ്റ്റാറ്റിസ്റ്റിക്കലായി നിര്‍ണ്ണയിക്കുന്നവ മാത്രമാണ് അതിലെ ഗണിതരൂപത്തിലെ 'നിയമങ്ങള്‍ '. ആ നിയമങ്ങള്‍ ചേര്‍ത്തു വച്ചാല്‍ വസ്തുവാകില്ല. വസ്തുവിന്റെ ഉള്ളിലോ പുറത്തോ ആ നിയമങ്ങള്‍ ഇരിക്കുന്നു എന്നും അതു വച്ചു പറയാനാവില്ല.

മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

അങ്ങന്യാ ?"


ഇപ്പൊള്‍ മുഴക്കോലായോ? ആ ആര്‍ക്കറിയാം

Saturday, February 14, 2009

പ്രപഞ്ചോല്‍പത്തി - വോടിംഗ്‌

ഏതായാലും ബൂലോഗത്തില്‍ പലയിടങ്ങളിലായി വോടിംഗ്‌ നടക്കുന്ന കാലമല്ലെ എന്നാല്‍ ഇവിടെയും ഒന്നു ഇരിക്കട്ടെ.

നിങ്ങളുടെ വിലയേറിയ വോട്‌ ഈ മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക്‌ കൊടുക്കുക

വിഷയം പ്രപഞ്ചോല്‍പത്തി

സ്ഥാനാര്‍ത്ഥി ഒന്ന് -

ഠും എന്നു പൊട്ടി ഉണ്ടായി. ഠും എന്നു പൊട്ടുന്നത്‌ എന്താണ്‌ എന്നു ചോദിക്കരുത്‌, കാരണം പൊട്ടുന്നതിനു മുമ്പ്‌ ഒന്നും ഇല്ലായിരുന്നു, പൊട്ടുന്നതോടു കൂടി ആണ്‌ എല്ലാം ഉണ്ടാകാന്‍ തുടങ്ങുന്നത്‌. അപ്പോള്‍ ഒരു ആദി ഉണ്ട്‌ ആ ആദിയില്‍ ഒന്നും ഇല്ലായിരുന്നു. പൊട്ടി , എല്ലാം ഉണ്ടായി

സ്ഥാനാര്‍ത്ഥി രണ്ട്‌ -

ദൈവം ഉണ്ടാക്കി. ദൈവം എന്ന ദൈവം മുകളില്‍ ഇരിക്കുന്നു. അവന്‍ എല്ലാം ഉണ്ടാക്കുന്നു. അവന്‍ എന്തില്‍ നിന്നും ഉണ്ടായി എന്നു ചോദിക്കരുത്‌, കാരണം അവന്‍ എന്നും ഉള്ളവനാണ്‌. അപ്പോള്‍ ദൈവത്തിന്‌ പ്രപഞ്ചം ഉണ്ടാക്കുന്നതിന്‌ വേണ്ട വസ്തു ദൈവത്തോടൊപ്പം തന്നെ ഉണ്ടായതാണൊ എന്നു ചോദിക്കരുത്‌ കാരണം എങ്കില്‍ അത്‌ ആരുണ്ടാക്കി എന്നതു ഉത്തരമില്ലാത്തതാകും.

സ്ഥാനാര്‍ത്ഥി മൂന്ന്‌ -

ഈ പ്രപഞ്ചം എന്നത്‌ ആദിയും അന്തവും ഇല്ലാതെ ഒരു Vicious Cycle പോലെ ചാക്രികമായി വര്‍ത്തിക്കുന്ന ഒരു പ്രതിഭാസമാണ്‌. അത്‌ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല അതുകൊണ്ടു തന്നെ അത്‌ ഉണ്ടായതല്ല. അത്‌ ഉണ്ടായതല്ല അതുകൊണ്ടു തന്നെ അത്‌ ഇല്ലാതെ ആകുന്നും ഇല്ല. ഇതിനെ ചാക്രികസ്വഭാവം നിയന്ത്രിക്കുന്നത്‌ ഇതിന്റെ തന്നെ നിയമങ്ങളാണ്‌. ആ നിയമങ്ങളെ മൊത്തം ക്രോഡീകരിക്കുവാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ഒരു നിയാമക intelligence മാത്രമേ ശാശ്വതമായുള്ളു

പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തവര്‍ക്ക്‌ എന്തെങ്കിലും ഒരു പണി ആയും , ധാരാളം പണിയുള്ളവര്‍ക്ക്‌ ഒരു വിശ്രമവിനോദമായും, മറ്റുള്ളവരെ ചൊറിയണം എന്നുള്ളവര്‍ക്ക്‌ ഒരു ചൊറിച്ചിലുപാധിയായും, അതി ബുദ്ധിമാന്മാര്‍ക്ക്‌ ഒരു വിശകലനാവസരമായും ഒക്കെ ഉപയോഗപ്പെടുത്താവുന്ന് ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ എല്ലാവരും വോട്‌ ചെയ്യുക SMS അയക്കേണ്ട

Wednesday, February 11, 2009

മന:ശരീരയോസ്താപഃ

മന:ശരീരയോസ്താപഃ പരസ്പരമഭിവ്രജേത്‌
ആധാരാധേയഭാവേന തപ്താജ്യഘടയോരിവ"

മനസ്സും ശരീരവും , ആധാരം ആധേയം എന്നിവ പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുനു - ഒരു പാത്രത്തില്‍ ഒഴിച്ചു വച്ചിരിക്കുന്ന നെയ്യും പാത്രവും പോലെ. പാത്രം ചൂടായാല്‍ നെയ്യും ചൂടാകും, നെയ്യ്‌ ചൂടാണെങ്കില്‍ പാത്രവും ചൂടാകും. എന്നുദാഹരണം.

ഭയം ഉണ്ടായാല്‍ വയറിളക്കം , പനി ഇവ വരുന്നതും , മനഃപ്രയാസം ഉള്ളവര്‍ ശരീരം ക്ഷീണിക്കുക , ദഹനക്കുറവുണ്ടാകുക എന്നിവയ്ക്കടിമപ്പെടുന്നതും ഇവ മാനസികവികാരങ്ങള്‍ ശരീരത്തെ ബാധിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍.

അതേപോലെ തന്നെ രോഗാവസ്ഥയില്‍ ഉത്സാഹം ഇല്ലാതാകുന്നത്‌ മറിച്ചുള്ളതും.

ജനിച്ച ഉടനുള്ള ഒരു സാധാരണ ശരീരം വളരുന്നത്‌ ആഹാരം കഴിക്കുന്നതുകൊണ്ടാണ്‌. വേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ വേണ്ട അളവില്‍ വേണ്ട സമയത്ത്‌ ലഭിച്ചുകൊണ്ടിരുന്നാല്‍, വളര്‍ച്ചയും വേണ്ട രീതിയില്‍ നടക്കും എന്നനുമാനിക്കാം- മറ്റു തടസ്സങ്ങള്‍ ഇല്ല എങ്കില്‍.

എന്നാല്‍ നാം ആഹാരം കഴിക്കുന്നത്‌ ഇക്കാര്യം നോക്കിയാണൊ?

നിശ്ചയമായും പറയാം - അല്ല

നമുക്ക്‌ രുചി ആണ്‌ വലുത്‌.

നാം രുചിക്കു പിന്നാലെ പായുന്നു. രുചിയുള്ള ആഹാരം എപ്പോല്‍ കിട്ടിയാലും നാം കഴിക്കും.

വയറ്റിനുള്ളില്‍ പകുതി ദഹിച്ച ഒരു ആഹാരപദാര്‍ത്ഥമുള്ളപ്പോള്‍ അതിലേക്ക്‌ പുതിയതായി ഒരു വസ്തു ഇട്ടു കൊടുത്താല്‍ - മൊത്തം ദഹനപ്രക്രിയ തകരാറിലാകും, അതുകൊണ്ട്‌ സാധാരണഗതിയില്‍ ഒരാഹാരം കഴിച്ചു കഴിഞ്ഞാല്‍ രണ്ടര മൂന്നു മണിക്കൂര്‍ നേരം മറ്റൊന്നും കഴിക്കാതിരിക്കുന്നതാണ്‌ ശരീരത്തിനു നല്ലത്‌. എന്നാല്‍ നാം അതിനു തയ്യാറാണോ? അങ്ങനെ ശീലിക്കാറുണ്ടൊ?

ഛര്‍ദ്ദിയും വയറിളക്കവുമായി വരുന്ന കുട്ടികളില്‍ ഒരു വലിയ ശതമാനം പേരും ഇപ്രകാരം സമയം തെറ്റി ഉള്ള ആഹാരത്തിനടിമകളാണെന്ന്‌ അനുഭവം.

മറ്റൊന്ന്‌ രുചി ഉണ്ടാക്കുവാനായി നാം ഉപയോഗിക്കുന്ന മസാലകള്‍, വറുത്തപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ.

ആഹാരം കഴിക്കുന്നത്‌ വിശപ്പു മാറ്റുവാനായിരിക്കണം. വിശപ്പു കുറയുമ്പോള്‍ രുചി തന്നെ കുറയും- (അതു ശരീരത്തിന്റെ സ്വയം നിയന്ത്രണത്തിന്റെ ഭാഗമായ പ്രക്രിയ ആണ്‌).

അപ്പോള്‍ നാം എന്തു ചെയ്യും? രുചി വര്‍ദ്ധിപ്പിക്കും - കൃത്രിമമായി. എന്നിട്ട്‌ അടിച്ചു കേറ്റും മൂക്കറ്റം.

അവസാനം ഞങ്ങളുടെ അടൂത്തെത്തും.

വെറുതേ അല്ല നാക്കിന്‌ "രസന" എനു പേര്‌ വന്നത്‌`

അതുകൊണ്ട്‌ ഒന്നു ശ്രദ്ധിക്കുക അവനെ സ്വല്‍പം കൂടൂതല്‍ നിയന്ത്രിക്കുക. -- എങ്ങനെ --

സ്വഭാവികമായ ആഹാരം അവന്‍ മതി എന്നു സൂചിപ്പിക്കുമ്പോള്‍ തന്നെ മതിയാക്കുക - കൃത്രിമമായി അവനെ ഉത്തേജിപ്പിക്കാതിരിക്കുക.

ഇന്നത്തെ ലോകത്തില്‍ കാണുന്ന ധാരാളം കഠിന രോഗങ്ങള്‍ക്കും ഉള്ള ഒരു പ്രധാന കാരണം ആഹാരരീതിയിലുള്ള ക്രമക്കേടുകള്‍ ആണ്‌. അത്‌ നിയന്ത്രിച്ചാല്‍ കുറെ ഒക്കെ രക്ഷപ്പെടാന്‍ സാധിക്കും.

അതുകൊണ്ടായിരിക്കും ഭര്‍തൃഹരി എഴുതിയത്‌-

"മല്‍സ്യം ആ ഒരൊറ്റ ഇന്ദ്രിയത്തിന്റെ പ്രേരണയില്‍ പെട്ടല്ലേ ജീവന്‍ തുലയ്ക്കുന്നത്‌" എന്ന്

നാക്കിന്‌ മറ്റൊരു ജോലി കൂടി ഉണ്ട്‌.

വര്‍ത്തമാനം പറയല്‍.

ഒരു പഴഞ്ചൊല്ലുണ്ട്‌
" നാക്കില്‍ കൂടിയാണ്‌ അപകടം വരുന്നത്‌"

നേരത്തെ എഴുതിയ അപകടം മാത്രമല്ല - കെട്ട വര്‍ത്തമാനം പറഞ്ഞാല്‍ അതിലും വലിയ അപകടം ഉടനെ തന്നെ ലഭിച്ചേക്കാം.

ചാണക്യന്‍ പറഞ്ഞിട്ടുണ്ട്‌
"ഒരുകൊല്ലം മൗനം പാലിച്ചാല്‍ മോക്ഷം ലഭിക്കും" എന്ന്‌ .

സാക്ഷാല്‍ ജീവിതം അവസാനിച്ച്‌ മോക്ഷം ഒന്നും ലഭിച്ചില്ലെങ്കിലും, മൗനം വളരെ അധികം ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെ ആണെന്നതില്‍ സംശയമില്ല.

മുഴുവന്‍ മൗനം വേണമെന്നില്ല - പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ ആലോചിച്ച്‌ വേണ്ട കാര്യങ്ങള്‍ മാത്രം , വേണ്ടീടത്ത്‌ മാത്രം , വേണ്ടത്ര മാത്രം പറഞ്ഞാല്‍ മനഃസുഖം ഉണ്ടാകും -

അപ്പോള്‍ വേണു ജി പറഞ്ഞ നാക്കു തന്നെ ആണ്‌ എന്റെ അഭിപ്രായത്തില്‍ നിയത്രണത്തിനു വിധേയമാക്കേണ്ട ആദ്യത്തെ ഇന്ദ്രിയം

Monday, February 09, 2009

നിങ്ങള്‍ക്കെന്തു തോന്നുന്നു?

ഇന്ദ്രിയങ്ങളെ അടക്കുക - എല്ലാവരും പറയുന്ന ഒരു കാര്യമാണ്‌.

നടപ്പില്ലാത്ത ഒരു കാര്യം കൂടി ആണ്‌. എല്ലാ ഇന്ദ്രിയങ്ങളെയും അടക്കുന്ന കാര്യം പറയുമ്പോള്‍ അര്‍ജ്ജുനനും കൃഷ്ണനും തമ്മില്‍ സംസാരിക്കുന്നിടത്ത്‌ ഇക്കാര്യം എടുത്തു പറയുന്നും ഉണ്ട്‌.

എങ്കില്‍ നമ്മെപോലെ ഉള്ളവര്‍ എന്തു ചെയ്യും

അതില്‍ ഏതെങ്കിലും ഒരെണ്ണത്തിനെ അടക്കുവാന്‍ സാധിക്കുമൊ?

അഥവാ സാധിക്കും എങ്കില്‍ അത്‌ ഏതായിരിക്കണം?

എന്തൊക്കെ ഗുണം ജീവിതത്തില്‍ ലഭിക്കുവാന്‍ അത്‌ സഹായിക്കും?

എന്റെ അഭിപ്രായം ഞാന്‍ പിന്നെ പറയാം. നിങ്ങള്‍ക്കെന്തു തോന്നുന്നു?