Friday, November 21, 2008

ശനിയുടെ പേരുദോഷം

ഗുളികനെ കുറിച്ച്‌ മുമ്പെഴുതിയപ്പോള്‍ ഓര്‍മ്മ വന്നതാണ്‌. എന്നാല്‍ പലര്‍ക്കും അറിയാമായിരിക്കും എങ്കിലും ആരെങ്കിലും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി എഴുതുന്നു.

പണ്ട്‌ എന്നു വച്ചാല്‍ വളരെ പണ്ട്‌ , ആളുകള്‍ എല്ലാം ശനിദേവനെ കുറ്റം പറയും . കാരണം?

എല്ലാ ഉപദ്രവങ്ങള്‍ക്കും കാരണം ശനിയാണ്‌.

ഇതു കേട്ടു കേട്ട്‌ ശനിയ്ക്ക്‌ ഭയങ്കര വിഷമമായി.

എന്തു ചെയ്യും ?
ബ്രഹ്മാവിന്റടുത്തുപോയാലോ? അതു തന്നെ അദ്ദേഹത്തെ കണ്ട്‌ ഇത്നൊരു പരിഹാരം നേടണം , ഇങ്ങനെ എല്ലാവരുടെയും പ്രാക്ക്‌ കേട്ട്‌ ജീവിയ്ക്കാനാവുകയില്ല.

ശനിദേവന്‍ ബ്രഹ്മാവിനടുത്തെത്തി. കാര്യം പറഞ്ഞു "ഏല്ലാവരും ദേ എന്നെ ദുഷ്ടന്‍ ദുഷ്ടന്‍ എന്നു പറയുന്നു. ഇങ്ങനെ എല്ലാവൃടെയും പ്രാകല്‍ ശരിയല്ല . ഞാന്‍ എന്തു തെറ്റാണ്‌ ചെയ്തത്‌. അറ്റുകൊണ്ട്‌ എങ്ങനെയെങ്കിലും ഇതില്‍ നിന്നും എന്നെ രക്ഷിക്കണം. ആരെങ്കിലും എന്നെ കുറിച്ച്‌ നല്ലതും പറയണം അതിന്‌ എന്തെങ്കിലുംചെയ്യണം"

ബ്രഹ്മാവ്‌ അനുഗ്രഹിച്ചു "നിനക്ക്‌ ഒരു പുത്രനുണ്ടാകുമ്പോല്‍ നിന്റൈീ ദുസ്ഥിതി മാറൂം"

ശനി സന്തുഷ്ടനായി തിരികെ പോയി.

പിന്നീട്‌ കാത്തിരിപ്പാണ്‌ മകനുണ്ടാകണം, തന്റെ പേരുദോഷം മാറണം.

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ ഒരു ദിവസം തന്റെ ശരീരത്തില്‍ വിരലോടിച്ച്‌ ഓടീച്ച്‌ അഴുക്കുരുട്ടി ഉരുട്ടി ഒരു ഉരുളയാക്കി കളഞ്ഞു.
ദാ ഉണ്ടായിരിക്കുന്നു ഗുളികന്‍ - ശനിയുടെപുത്രന്‍. പുത്രന്‍ പിതാവിനെ വന്ദിച്ചു തന്റെ സ്വസ്ഥാനത്തേക്കു യാത്രയായി.

തന്റെ പേര്‍ പുത്രന്‍ മൂലം നന്നാകുന്നതും നോക്കി ശനി കാത്തിരിപ്പായി.

പക്ഷെ പുത്രന്‍ അറുവഷളന്‍. പ്രവൃത്തിദോഷം കൊണ്ട്‌ ആളുകള്‍ അവനെ തലങ്ങും വിലങ്ങും ചീത്ത പറയുവാന്‍ തുടങ്ങി.

കേട്ടു കേട്ടു സഹികെട്ട്‌ ശനി വീണ്ടും ബ്രഹ്മാവിനടൂത്തെത്തി.
" ദേ അങ്ങല്ലെ പറഞ്ഞത്‌ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ പേൂ ദോഷം എല്ലാം മാറും എന്ന്‌. അവനെ കൊണ്ട്‌ ഇപ്പോള്‍ എനിക്കുകൂടി പൊറുതി മുട്ടിയിരിക്കുന്നു. എന്താണിത്‌ പ്രഭോ"

ബ്രഹ്മാവ്‌ പറഞ്ഞു" പക്ഷെ നിന്റെപേരുദോഷം മാറിയില്ലെ കേള്‍ക്കുന്നില്ലേ ആളുകള്‍ പറയുന്നത്‌?"

ശനി ശ്രദ്ധിച്ചു
ആളുകള്‍ പറയുന്നു --" ആ ശനി ഇതിലൊക്കെ എത്ര ഭേദമായിരുന്നു"

Thursday, November 20, 2008

സില്‍ വര്‍ ജൂബിലി -ചോദ്യം

ഞങ്ങള്‍ - ആധുനികവൈദ്യം ഒരുമിച്ചു പഠിച്ച ബാച്ചിലെ സുഹൃത്തുക്കളെല്ലാവരും കൂടി അതിന്റെ 25ആം വാര്‍ഷികം വന്നപ്പോള്‍ ഒന്നൊരുമിച്ചു കൂടിയിരുന്നു.

അന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞ ചില വാക്കുകള്‍, അതേ പോലെ അല്ലെങ്കിലും അതിന്റെ പൊരുള്‍ ഇവിടെ കുറിക്കുവാന്‍ ശ്രമിക്കാം.

അദ്ദേഹം നങ്ങളുടെ ബാച്ചില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടി വളരെ പരിശ്രമിച്ചു പഠിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒപ്പം തന്നെ മിക്കവരേയും പോലെ മറ്റുള്ള പല പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സജീവമായിപ്രവര്‍ത്തിക്കുന്നവനും ആയിരുന്നു.

ഇന്ന്‌ വളരെ പ്രശസ്തനും ആണ്‌.

അദ്ദേഹം അന്നു ചോദിച്ചത്‌ ഇപ്രകാരമായിരുന്നു. നാം പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ മല്‍സരബുദ്ധി വളരെയധികം ഉപയോഗിച്ചു. ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങാതെയും , കളിക്കേണ്ട സമയത്ത്‌ കളിക്കാതെയും പഠിച്ചു. സൗഹൃദം പുലര്‍ത്തേണ്ട പലരോടും, മറുകക്ഷിക്കാരന്‍ എന്ന നിലയില്‍ സൗഹൃദം കാട്ടാതെ വര്‍ത്തിച്ചു.

എന്തിനു വേണ്ടിയായിരുന്നു. ഉന്നതനാകുവാന്‍.

ഉന്നതനായി
ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ മിക്കവരും, മറ്റു ബാച്ചുകളിലെയും മിക്കവരും, ആരും നമുക്കുള്ള നിലയില്‍ നിന്നും താഴെയൊന്നും അല്ലാത്ത നിലയില്‍ തന്നെയുണ്ട്‌. പലരും നമ്മെക്കാള്‍ മുകളിലും ഉണ്ട്‌.

നാം വെറുപ്പു സൂക്ഷിച്ചിരുന്ന പലരും ഇപ്പോള്‍ വളരെ നല്ല സുഹൃത്തുക്കളും സഹജീവികളും ആണ്‌.

അന്നു ജീവിതം സുഖമായി കൊണ്ടു നടന്നവരും ഇപ്പറഞ്ഞ ഗണത്തില്‍ തന്നെയുണ്ട്‌.

ഇപ്പോല്‍ തോന്നുന്നു നാം അന്ന്‌ എന്തിനായിരുന്നു ഇത്രയും വേവലാതി പിടിച്ചിരുന്നത്‌. ജീവിതം കുറേ കൂടി ആസ്വദിക്കരുതായിരുന്നില്ലേ?

എന്നു വിചാരിച്ചിട്ടിപ്പോള്‍ എന്തു കാര്യം? ഇപ്പോള്‍ നമ്മുടെ മക്കളും അതു തന്നെ അല്ലേ ചെയ്യുന്നത്‌ അവരെ ഇതു പറഞ്ഞു മനസ്സിലാക്കുവാന്‍ നമുക്കു കഴിയുമോ?

അവരും നമ്മെ പോലെ തന്നെ സില്‍ വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ മനസ്സിലാക്കുമായിരിക്കും അല്ലേ?

എന്തോ അന്നു മുതല്‍ മനസ്സില്‍ ഈ ചോദ്യം മുഴങ്ങുന്നുണ്ട്‌

യോ യഥാ മാം പ്രപദ്യന്തേ

യോ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം

ഭഗവത്‌ ഗീതയില്‍ നാലാം അദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകത്തിന്റെ ആദ്യ പകുതി.

ഏതൊരുത്തര്‍ ഏതു വിധത്തില്‍ എന്നെ ആശ്രയിക്കുന്നുവോ ഞാന്‍ അവരെ അപ്രകാരം തന്നെ അനുഗ്രഹിക്കുന്നു. എന്നര്‍ത്ഥം

ചെറുപ്പത്തില്‍ അച്ഛനുമമ്മയും എന്നെ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തിയിരുന്ന ഒരു കാര്യമുണ്ട്‌- "വായില്‍ നാക്കു തന്നിരിക്കുന്നത്‌ നല്ല കാര്യം പറയാനാണ്‌" പിന്നൊന്ന്‌ " നാക്കില്‍ എപ്പൊഴാ ഗുളികന്‍ കയറിയിരിക്കുന്നത്‌ എന്നറിയില്ല അതുകൊണ്ട്‌ സൂക്ഷിച്ചു വേണം വര്‍ത്തമാനം പറയാന്‍" എന്ന്‌.

അന്ധവിശ്വാസത്തിന്റെ കാതല്‍ അല്ലേ - നാക്കില്‍ അല്ലേ ഗുളികന്‍ കയറിരിക്കുന്നത്‌. എന്തോന്ന്‌ ഗുളികന്‍?

പ്രിയപ്പെട്ടവരേ ഇതാണ്‌ നിങ്ങളുടെ മനസ്സില്‍ തോന്നിയത്‌ എങ്കില്‍ തുടര്‍ന്നു വായിക്കല്ലേ. ഇതു നിങ്ങള്‍ക്കുള്ളതല്ല.

ഞാന്‍ ഇതോര്‍ക്കുവാന്‍ കാര്യം എന്റെ ജീവിതത്തില്‍ കണ്ട രണ്ടു കാര്യങ്ങള്‍ ആണ്‌.

ഒന്ന്‌ എന്റെ അയല്‍ വാസിയായ ഒരു സുഹൃത്ത്‌.എന്നെക്കാള്‍ മൂന്നുനാലു വര്‍ഷം പ്രായക്കൂടുതല്‍ ഉള്ള വ്യക്തി.

അദ്ദേഹം ചെറുപ്പത്തില്‍ വളരെ ഉറക്കെ പാടൂമായിരുന്ന ഒരു വരിയാണ്‌ ഒരു പാരഡി - ദേവീ ശ്രീദേവീ എന്ന ഗാനത്തിന്റെ വികൃതരൂപം . ശ്രീദേവി എന്നതിനു പകരം മൂധേവീ എന്ന വാക്കു ചേര്‍ത്ത്‌ അദ്ദേഹം ആലപിക്കുന്നതു കേട്ട്‌ എനിക്കു വളരെ വിഷമം തോന്നിയിരുന്നു അന്നൊക്കെ.

പക്ഷെ പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹത്തെ മൂധേവി കനിഞ്ഞനുഗ്രഹിക്കുന്നതു കണ്ടപ്പോള്‍ എന്റെ അമ്മയുടെയും അച്ഛന്റെയും വാക്കുകള്‍ വെറുതേ ഓര്‍ത്തുപോകുന്നു.

മറ്റൊരനുഭവം എന്റെ ജൂനിയറായി പ്രി ഡിഗ്രിയ്ക്കു പഠിച്ചിരുന്ന ഒരു സുഹൃത്ത്‌.
കോളെജിലെ ഏറ്റവും പ്രസിദ്ധഗായകന്‍. ഒരു മുറിയില്‍ ഇരുന്ന്‌ അദ്ദേഹം പാടുന്നത്‌ വെളിയില്‍ നിന്നു കേട്ടാല്‍, യേശുദാസല്ല പാടുന്നത്‌ എന്നു പറയുവാന്‍ സാധിക്കുകയില്ല അത്ര മനോഹരമായ ശബ്ദവും പാട്ടും.
അദ്ദേഹത്തിനും ഉണ്ടായിരുന്നു ഇതുപോലെ ഒരു വൈകല്യം " സ്വാമി അയ്യപ്പനെ കുറിച്ചുള്ള ഒരു ഗാനം പാടുമ്പോള്‍ "എന്നില്‍ കാരുണ്യാമൃത തീര്‍ത്ഥം ചൊരിയണം " എന്നതില്‍ തീര്‍ത്ഥത്തിനു പകരം അറയ്ക്കുന്ന ഒരു പദപ്രയോഗം.

കുറച്ചു നാള്‍ കഴിഞ്ഞു ഒരിക്കല്‍ അദ്ദേഹത്തിനെ കണ്ടപ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചു. ന്യായമായും സിനിമയില്‍ പാടുവാന്‍ എല്ലാം കൊണ്ടും യോഗ്യതയുള്ളവന്‍.

അദ്ദേഹത്തിന്റെ അനുഭവം കേള്‍ക്കൂ. അദ്ദേഹം അന്നു ബറോഡയില്‍ താമസം. ഒരു സിനിമയില്‍ പാട്ടു പാടൂവാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. ആദ്യത്തെ പാട്ടായതിനാല്‍ അതിന്റെ ചെലവ്‌ അദ്ദേഹം വഹിക്കണം പോലും. അന്ന്‌ അയ്യായിരം രൂപ വേണ്ടിയിരുന്നു. അത്‌ സ്വരൂപിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അപ്പോള്‍ ദിവസം നീട്ടിക്കിട്ടുവാന്‍ മദ്രാസിലേക്ക്‌ കമ്പിയടിച്ചു. പക്ഷെ കഷ്ടകാലം നോക്കണെ, ടെലിഗ്രാം ചെയ്തിട്ട്‌ തിരികെ എത്തി അടുത്ത ദിവസം പൈസ റെഡി. പെട്ടെന്നു തന്നെ വീണ്ടും കമ്പിയടിച്ചിട്ട്‌ യാത്ര പുറപ്പെട്ടു.

പക്ഷെ മദ്രാസിലെത്തിയപ്പോള്‍ ആ പാട്ട്‌ ശ്രീ ജയചന്ദ്രന്‍ റെകോര്‍ഡ്‌ ചെയ്തിരിക്കുന്നു.

പിന്നീട്‌ ഇന്നുവരെയും അദ്ദേഹത്തിന്‌ അവസരം ലഭിച്ചിട്ടും ഇല്ല.

അയ്യപ്പന്‍ അദ്ദേഹത്തെ ശിക്ഷിക്കും എന്നു വ്യാഖ്യാനിക്കുവാന്‍ സാധിക്കില്ല,

പക്ഷെ അവനവന്റെ നാക്കു കൊണ്ട്‌ പറയുന്നതിനൊക്കെ ഇതുപോലെ അനിര്‍വചനീയമായ എന്തോ ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാകുമോ?

ഏതായാലും നമുക്കൊരു കാര്യം ശ്രദ്ധിക്കാം. കഴിയുന്നതും നല്ലതു പറയുവാന്‍ ശ്രമിക്കാം. നാക്കില്‍ ദുഷിച്ച വര്‍ത്തമാനം വന്നാല്‍ അത്‌ പുറമെ വരാതിരിക്കുവാന്‍ ശ്രമിക്കാം.

അല്ലെങ്കില്‍ ഇതു തന്നെ ആയിരികുമോ ഭഗവാന്‍ ഗീതയില്‍ പറഞ്ഞത്‌? - താം തഥൈവ ഭജാമ്യഹം എന്ന്‌?

Saturday, November 15, 2008

നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഒന്നു കൂടി

ആശാനേ,
അന്നു പറഞ്ഞില്ലേ വിശ്വാമിത്രണ്റ്റെ ഒരു നോട്ടത്തെ പോലും നേരിടാനുള്ള ശക്തി ആരാക്ഷസന്‍മാര്‍ക്കില്ലായിരുന്നു എന്ന്‌ .
പിന്നെ എന്തിനാണ്‌ അദ്ദേഹം ദശരഥമഹാരാജാവിണ്റ്റടുത്ത്‌ ചെന്ന്‌ രാമനെ കൂടെ വിടാന്‍ ആവശ്യപ്പെട്ടത്‌?
രാമനാണെങ്കില്‍ അന്നു ചെറിയ കുട്ടിയുമല്ലേ? ദശരഥന്‍ പോലും പറഞ്ഞത്‌ അദ്ദേഹം തണ്റ്റെ മുഴുവന്‍ സൈന്യവുമായിട്ട്‌ കൂടെ വരാം പക്ഷെ എന്നാലും സുബാഹുവിനേയും മാരീചനേയും ജയിക്കാന്‍ അദ്ദേഹത്തിനു പോലും സാധിക്കയില്ല എന്നല്ലേ?
അപ്പോള്‍ ആ കൊച്ചു കുട്ടിയെ ആവശ്യപ്പെടുന്നതിനു പകരം തനിക്കു ശല്യമുണ്ടാക്കുന്ന സുബാഹുവിനേയും, മാരീചനേയും മറ്റും അദ്ദേഹത്തിന്‌ തന്നത്താനേ അങ്ങ്‌ കൊന്നുകളയരുതായിരുന്നോ?

മാഷേ,

ഈ ചോദ്യത്തിനുത്തരം മനസ്സിലായാല്‍ ഹിന്ദുതത്വശാസ്ത്രം പകുതി മനസ്സിലായി എന്നര്‍ത്ഥം. ഇന്നു കാണിക്കുന്ന ജാതിയും, മതവും , വര്‍ണ്ണവും, അവര്‍ണ്ണവും എല്ലാം ശുദ്ധ ഭോഷ്കുകളാണെന്ന്‌ മനസ്സിലാകും. വര്‍ണ്ണങ്ങളില്‍ ബ്രഹ്മണന്‍ ജ്ഞാനത്തിണ്റ്റെ മൂര്‍ത്തരൂപമാണ്‌.

ഭഗവത്ഗീത പറയുന്ന പണ്ഡിതലക്ഷണത്തില്‍-
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"
ഇങ്ങനെ എല്ലാറ്റിനേയും തുല്യമായി കാണുന്നവനാണ്‌ പണ്ഡിതന്‍.

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്‌. രാജ്യരക്ഷണം അവണ്റ്റെ ധര്‍മ്മമാണ്‌. രാജ്യതന്ത്രത്തില്‍ അവന്‌ ഉപദേശം കൊടുക്കേണ്ടത്‌ ജ്ഞാനിയായ ബ്രാഹ്മണനാണ്‌.

ത്രിശങ്കുവിനു വേണ്ടി പുതിയതായി ഒരു സ്വര്‍ഗ്ഗലോകം പോലും സൃഷ്ടിക്കുവാനും , ഈ ലോകമാകെ ഒരു ഹുംകാരത്താല്‍ ഭസ്മമാക്കുവാനും ഉള്ള ശക്തിയുണ്ടായിട്ടു കൂടി കേവലം രണ്ടു രാക്ഷസന്‍മാരില്‍ നിന്നു സ്വയരക്ഷ നേടാന്‍ പോലും ആ ശക്തികളെ ഹിംസാത്മകമായി ഉപയോഗിക്കാത്തവനാണ്‌ 'ബ്രാഹ്മണ' പദത്തിനര്‍ഹന്‍. വിശ്വാമിത്രന്‍ അങ്ങിനെയായതു കൊണ്ടാണ്‌ ദശരഥണ്റ്റെ അടുക്കല്‍ വന്ന്‌ രാമനെ ആവശ്യപ്പെടുന്നത്‌.

അല്ലാശാനെ. ഇതില്‍ തെറ്റൊന്നും ഇല്ലല്ലൊ. വിശ്വാമിത്രന്‍ ചെയ്യുന്ന യജ്ഞത്തിന്‍ തടസ്സമുണ്ടാക്കുന്നവരല്ലായിരുന്നോ ആ രക്ഷസന്‍മാര്‍. അവരെ അങ്ങു നേരെ കൊല്ലുന്നതില്‍ എന്താണ്‌ തെറ്റ്‌?

അതാണു മാഷേ പറഞ്ഞത്‌ രാജ്യസംരക്ഷണം ക്ഷത്രിയണ്റ്റെ ധര്‍മ്മമാണ്‌. ക്ഷത്രിയനെ അതില്‍ സഹായിക്കുക മാത്രമാണ്‌ ബ്രാഹ്മണനു ചെയ്യാനുള്ളത്‌ അല്ലാതെ നിയമം കയ്യിലെടുക്കലല്ല. മറ്റുള്ളവരെ ഉപദേശിച്ചാല്‍ മാത്രം പോരാ സ്വയം അനുഷ്ഠിക്കുകയും വേണം എന്നു മാതൃകാപരമായി ഉദാഹരിക്കുകയാണിവിടെ.

ആട്ടെ മാഷ്‌ (euthanasia) ദയാവധം എന്നു കേട്ടിട്ടുണ്ടല്ലൊ അല്ലേ. അതെന്താ എല്ലായ്പ്പോഴും തര്‍ക്കതില്‍ കിടക്കുകയല്ലാതെ നിയമമാക്കാത്തത്‌? കാരണം ഒരിക്കല്‍ നിയമം ആക്കിയാല്‍ പ്രതിപക്ഷത്തെ എല്ലാവരേയും അടുത്ത ദിവസം തന്നെ ദയാവധം നല്‍കി സ്വര്‍ഗ്ഗത്തേക്കയക്കാന്‍ ഇന്നുള്ള ഏതു ഭരണാധികാരികളും ജാതി, മത, വര്‍ഗ്ഗ , വര്‍ണ്ണ ഭേദമെന്യേ മത്സരിക്കും എന്നത്‌ എല്ലാവര്‍ക്കുമറിയാം അതുകൊണ്ട്‌. അതല്ല രാജ്യതന്ത്രജ്ഞത.

രാജാക്കന്‍മാര്‍ എങ്ങനെയുള്ളവരായിരിക്കരുത്‌ എന്ന്‌ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാലറിയാം.

തണ്റ്റെ പ്രജകള്‍ക്ക്‌ അവനവണ്റ്റെ ധര്‍മ്മം ചെയ്തു ജീവിക്കാന്‍ ഉള്ള അവസരം തണ്റ്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കൊടുത്തു പോലും നല്‍കാന്‍ ശ്രമിക്കുന്ന രാജാവാണ്‌ ദശരഥന്‍, താന്‍ തണ്റ്റെ മുഴുവന്‍ സേനകളൊടൊപ്പം പോയി യുദ്ധം ചെയ്താലും ആ രണ്ടു രാക്ഷസന്‍മാരെ ജയിക്കാന്‍ തനിക്കാവില്ല എന്നറിയാവുന്ന ദശരഥന്‍.

"അഹമേവ ധനുഷ്പാണിര്‍ഗോപ്താ സമരമൂര്‍ദ്ധനി
യാവല്‍ പ്രാണാന്‍ ധരിഷ്യാമി താവല്‍ യോത്സ്യേ നിശാചരൈഃ"

"എണ്റ്റെ മുഴുവന്‍ സേനാസഹിതനായി വന്ന്‌ വില്ലെടുത്ത്‌ ജീവനുള്ളിടത്തോളം സമയം ഞാന്‍ തന്നെ ആ രാക്ഷസന്‍മാരുന്‍മായി യുദ്ധം ചെയ്യാം "

അല്ലാതെ അവരെ കൊല്ലമെന്നൊ എന്തിന്‌ ജയിക്കാമെന്നോ പോലുമുള്ള വ്യാമോഹം ദശരഥനില്ല.

അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തണ്റ്റെ യജമാനത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌

Friday, November 14, 2008

ബലെ ബലെ ബലെ ഭേഷ്‌



പണ്ട്‌ എന്നു വച്ചാല്‍ വളരെ പണ്ട്‌ ആരോ ചിലരൊക്കെ മനുഷ്യനു വേണ്ട ചില കാര്യങ്ങള്‍ സംസ്കൃതത്തിലെഴുതിവച്ചു.

ക്രമേണ ക്രമേണ അതില്‍ നിന്നും തങ്ങള്‍ക്ക്‌ എന്തെങ്കിലുമൊക്കെ സ്വരൂപിക്കുവാന്‍ സാധിച്ചേക്കും എന്നു മനസ്സിലാക്കിചിലര്‍ അതിനെ തങ്ങളുടെ കുത്തകയാക്കി വച്ചു.

അതു വേറെ ആരും പഠിക്കാതിരിക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. നാടിനെ കുട്ടിച്ചോറാക്കുന്നതിലും തങ്കാര്യം നേടുന്നതിലും അവര്‍ വിജയിക്കുകയും ചെയ്തു.
വന്നു വന്ന്‌ ആ ഭാഷ ആര്‍ക്കും വലിയ നിശ്ചയമില്ലാതായി.

ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും എന്തു വേണമെങ്കിലും എഴുതാം - അതുകേട്ട്‌ കയ്യടിക്കാനും ആളുണ്ടാകും.

അങ്ങനെ എഴുതുന്നവര്‍ ഇനി പുതിയ ബ്രാഹ്മണന്മാരായിരിക്കും അല്ലേ?

കാണണ്ടെ ഒരു സാമ്പിള്‍

നിങ്ങള്‍ എന്താണ്‌ ഇക്ഷു എന്ന വാക്കിനര്‍ത്ഥം പഠിച്ചത്‌?
ഞാന്‍ പഠിച്ചത്‌ കരിമ്പ്‌ എന്നാണ്‌. ഇനി കാലം മാറിയപ്പോള്‍ അര്‍ത്ഥവും മാറിയോ പോലും
മധുരത എന്നു വച്ചാല്‍ മാധുര്യം എന്നാണ്‌ ഞാന്‍ പഠിച്ചത്‌.

അറിവുള്ളവര്‍ കുറച്ചു കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു

ഇവിടെ കാണുന്നു "യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു " എന്ന വരിയുടെ അര്‍ത്ഥം വിവരിക്കുന്നിടത്ത്‌ - എത്ര ചതച്ചാലും ചൂരലിന്‌ ബലക്കുറവുണ്ടാകുന്നില്ല " എന്ന്‌


ഈ ബ്ലോഗ്ഗില്‍ ഇതുപോലെയുള്ള അര്‍ത്ഥവൈകല്യം ധാരാളം കണ്ടിരുന്നു.

പക്ഷെ ആദ്യം ഒരിക്കല്‍ അക്ഷരം തെറ്റു തിൂത്തി കമന്റിട്ടിരുന്നതിന്റെ ശെഷം കമന്റിടുന്നതില്‍ കാര്യമില്ല എന്നു തോന്നി നിര്‍ത്തിയതാണ്‌

പക്ഷെ വായിക്കുന്ന ചിലര്‍ ബലെ പറയുമ്പോള്‍ - അവര്‍ക്കതിനു പ്രത്യേക ഉദ്ദേശ്യങ്ങള്‍ കാണുമായിരിക്കും- ചില സാധുക്കള്‍ വഴിതെറ്റിപ്പോയേക്കാം എന്നു തോന്നി.

ആ ബ്ലോഗില്‍ തന്നെ " ദ്വിജഭുക്തശേഷം " എന്ന വാക്കിനേയും വ്യഖ്യാനിച്ചിട്ടുണ്ട്‌.

ബ്രാഹ്മണന്റെ എച്ചില്‍ തിന്നണം എന്ന് വരുത്താന്‍ ്

ദ്വിജന്‍ എന്ന വാക്കിന്റെ ലക്ഷണം അദ്ദേഹം തന്നെ അതിനു മുമ്പൊരദ്ധ്യായത്തില്‍ പറഞ്ഞത്‌!് വായിച്ചിരിക്കുമല്ലൊ.

"ഏകാഹാരേണ സന്തുഷ്ട---" ഒര്‍ ദിവസം ഒരു നേരത്തെ ആഹാരം കൊണ്ട്‌ തൃപ്തനായവന്‍, എന്നു തുടങ്ങി ബാക്കിയും കൂടി വായിക്കുക.

മേല്‍പറഞ്ഞ ശ്ലോകം കഴിഞ്ഞു വരുന്ന ശ്ലോകം നോക്കുക-

"ദൂരാഗതം പഥി ശ്രാന്തം ---" ഇത്യാദി

വിദ്യനല്‍കുന്നവനും അതിഥിയ്ക്കും മറ്റും ഭോജനം നല്‍കാതെ ഭക്ഷിക്കുന്നതാണ്‌ പ്രതിപാദ്യവിഷയം.

അവര്‍ക്കു നേദിച്ച ശേഷമേ ആഹാരം കഴിക്കാവൂ എന്നു താല്‍പര്യം.

ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ജന്മപുണ്യം വേണം കൂടുതല്‍ പറയുന്നില്ല.

ഇനിയും ഇതുപോലെ കുടകപ്പാലപ്പൂവിന്റെ തേന്‍ കുടിച്ചു സുഖം അഭിനയിക്കുന്ന തേനീച്ചയെ - മുള്ളുണ്ടെന്നു മനസ്സിലാക്കിയതായും, തവിയെ കുട്ടിയായും ഉള്ള ഭയങ്കര വ്യാഖ്യാനങ്ങള്‍ കണ്ട്‌ ആനന്ദതു ന്ദിലരാകൂ

ബലെ ബലെ ബലെ ഭേഷ്‌

മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ചു ഭരണം നടത്തിയിരുന്ന ചാണക്യന്റെ പേര്‌ നശിപ്പിക്കുന്ന ആ ബ്ലോഗിനോട്‌ ഉള്ള എന്റെ അനിഷ്ടം തുറന്ന്‌ പ്രകടിപിക്കുന്നു

ഒരു ചോദ്യം കൂടി

ആദ്യത്തെ ചോദ്യം കുറച്ചുപേര്‍ക്ക്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഒരു അതിമോഹം

ഒരു ചോദ്യം കൂടി ഇട്ടാലോ എന്ന്‌.

അതിന്റെ ഫലം ഇത്‌
"ദര്‍വീ പാകരസം യഥാ"

ആരെഴുതിയത്‌? മുഴുവന്‍ ശ്ലോകം എന്ത്‌? ശരിയായ അര്‍ത്ഥം എന്ത്‌?

ബ്ലോഗില്‍ തന്നെ തിരഞ്ഞാലും ലഭിക്കും ശരിയ്ക്കുള്ള അര്‍ത്ഥവും , മുമ്പിലത്തെ ചോദ്യത്തില്‍ തറവാടിജി എഴുതിയതു പോലെയുള്ള അര്‍ത്ഥവും (തറവാടിജി ഇവിടെ തമാശയ്ക്കെഴുതിയത്‌ പക്ഷെ ചില വിദ്വാന്മാര്‍ അവിടെ വളരെ ഗൗരവമായി എഴുതുന്നത്‌ എന്നൊരു വ്യത്യാസം മാത്രം)

Wednesday, November 12, 2008

ചുമ്മാതെ ഒരു ചോദ്യം-

"കൗസല്ല്യാസുപ്രജാരാമ പൂര്‍വാസന്ധ്യാപ്രവര്‍ത്തതേ
ഉത്തിഷ്ഠനരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം"

ഇതെല്ലാവരും കേട്ടിട്ടുള്ളതായിരിക്കുമല്ലൊ.

ചുമ്മാതെ ഒരു ചോദ്യം-
ആര്‍ ആരോട്‌ എപ്പോള്‍ എവിടെവച്ച്‌ പറഞ്ഞു?

കമന്റ്‌ മോഡറേഷനുള്ളതുകൊണ്ട്‌ പിന്നീടേ പബ്ലിഷ്‌ ചെയ്യൂ.
ധൈര്യമായി ഉത്തരം എഴുതിക്കൊള്ളൂ

Tuesday, November 04, 2008

സത്വരജസ്തമോലക്ഷണം

അപ്പോള്‍ വീണ്ടും കാര്യത്തിലേക്കു വരാം.

ബോധം എന്താണെന്ന്‌ എഴുതുവാന്‍ ശ്രമിച്ചപ്പോള്‍ അതിനെ വികലമാക്കുവാന്‍ വളരെ അധികം ശ്രമം നടന്നു അതിനാല്‍ തന്നെ വായനക്കാരിലും എന്തെങ്കിലും ഒക്കെ ചിന്താപ്രശ്നങ്ങള്‍ ഉണ്ടായികാണാം.

മറ്റൊരു രീതിയില്‍ നോക്കുക.

നാം വ്യവഹരിക്കുന്ന 'ഞാന്‍' ആരാണ്‌? എന്റെ ശരീരത്തിലെ ഏതൊരു ഭാഗം എടുത്താലും അതു ഞാനല്ല. എന്റേതേ ആകുന്നുള്ളു. അത്‌ ഭൗതികമായി നിര്‍വചിക്കാനാകുന്ന ഒന്നല്ല എന്നര്‍ത്ഥം. അതൊഴികെ ഇപ്രപഞ്ചത്തിലുള്ള എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി തന്നെ ആണ്‌ നാം അതിനെ കാണുന്നത്‌.

അപ്പോള്‍ ബാക്കി എല്ലാറ്റിനേയും അറിയുന്നവന്‍ ഞാന്‍ എന്നു നാം കരുതുന്നു. ഞാനാണ്‌ അറിയുന്നവന്‍.

ആ അവസ്ഥയില്‍ അറിയുന്നവന്‍ ഒന്ന്‌, അറിയുന്ന വസ്തു ഒന്ന്‌ ഇങ്ങനെ രണ്ടു ഭേദങ്ങള്‍ കാണുന്നു.

ഭൗതികമായ എല്ലാറ്റിനേയും അറിയാം എന്നതു കൊണ്ട്‌ അറിയുന്നവന്‍ ഭൗതികമായി നിര്‍വചിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു വരുന്നു.

ഇനി ഞാന്‍ ആദ്യം പറഞ്ഞ ശരീരത്തിലെ ഏറ്റവും ചെറിയ ഭാവം മുതല്‍ ഓരോന്നിനും ഉള്ള സ്വബോധത്തെ ആലോചിക്കുക.

ഏറ്റവും ചെറുതിനും അതിന്റേതായ ഒരു ബോധം ഉണ്ട്‌. അതിലും വലിയതായ ഒരു വസ്തുവിന്റെ ഭാഗമായിത്തീരുമ്പോള്‍ കൂട്ടായ രീതിയില്‍ വ്യത്യസ്ഥമായ മറ്റൊരു ബോധവും ഉണ്ട്‌.

ഈ ഭാഗം വ്യക്തമായതായി ലരുതട്ടെ.

പ്രപഞ്ചവസ്തുവിന്റെ ഏറ്റവും അടിസ്ഥാനതലത്തില്‍ 'എത്തിപ്പെടാന്‍ കഴിഞ്ഞാല്‍' അവിടെ ഇപ്പറഞ്ഞ ബോധം മാത്രമേ കാണൂ.

ഈ ബോധത്തെ സത്വം രജസ്‌ തമസ്‌ എന്ന മൂന്നു ലക്ഷണമുള്ളതായി പറയുന്നു- വിരാട്‌പുരുഷനില്‍ മാത്രമാണ്‌ ഗുണങ്ങള്‍.
പ്രപഞ്ചം എന്ന phenominal world നിലനില്‍ക്കണം എങ്കില്‍ ഈ ഗുണങ്ങള്‍ അതില്‍ ആരോപിക്കപ്പെട്ടേ പറ്റൂ. (Basic Principles of ayurveda എന്ന ലേഖനത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്‌)

സുശ്രുതം പറയുന്ന ഈ വാചകം "സര്‍വഭൂതാനാം കാരണമകാരണം സത്വരജസ്തമോലക്ഷണമഷ്ടരൂപമഖിലസ്യ ജഗതഃ സംഭവഹേതുരവ്യകതം നാമ--"

ഭൂതങ്ങളുടെ എല്ലാറ്റിന്റെയും കാരണം - ഉണ്ടായതിന്റെ എല്ലാറ്റിന്റെയും കാരണം -;
അതായത്‌ ഒരു വസ്തു ഉണ്ടായി എന്നു പറയണമെങ്കില്‍ അതിനെ നിര്‍വചിക്കത്തക്ക ചില പ്രത്യേകതകള്‍ അതിനുണ്ടാകണം.

ബോധം എന്നു നാം പറഞ്ഞ വസ്തു(?) നിര്‍വചനത്തിന്‌ അതീതമാണെന്നു ആദ്യമേ പറഞ്ഞു.

ഇനി ഞാന്‍ ആദ്യം മുതല്‍ ഉദാഹരിക്കുന്ന ഇലക്രോന്‍ ഉദാഹരണം എടുക്കുക. അത്‌ അതിന്റെ സ്വഭാവം കാണിക്കുന്നത്‌ അതിന്റെ സ്വബോധം കൊണ്ടാണ്‌.

അതിന്റെ നിലനില്‍പ്‌ ആലോചിച്ചാല്‍, അതുണ്ടായിരിക്കുന്ന ഒരു ഭൗതികപ്രതിഭാസം-(വസ്തു), അതിന്റെ കര്‍മ്മം -പരിവൃത്തി തുടങ്ങിയവ, അതു പ്രവര്‍ത്തിക്കുവാന്‍ അതിനുള്ള ബോധം എന്നിങ്ങനെ മൂന്നു അടിസ്ഥാനഘടകങ്ങള്‍ കാണാം.

ഇതൊരു സാമാന്യധര്‍മ്മമായി എടുക്കാം ഏതൊരു വസ്തുവിനും.

ഇതിനെ തന്നെ വേറൊരു പേരില്‍ പറഞ്ഞാല്‍ ബോധം സത്വഗുണം, പ്രവൃത്തി രജോഗുണം, വസ്തു - തമോഗുണം എന്നു വിളിക്കാം.

ഇനി പ്രപഞ്ചവസ്തുക്കളെ നോക്കിയാല്‍ കല്ലും മണ്ണും ഒക്കെ പോലെ ഉള്ളവസ്തുക്കള്‍ തമോഗുണപ്രധാനമാണെന്നു പറയും.

സത്വഗുണം കൂടൂന്നതിനനുസരിച്ചിരിക്കും ജീവജന്തുക്കളുടെ പ്രകൃതി.

അതായത്‌ ഏറ്റവും നിര്‍ജീവ വസ്തു ഏറ്റവും തമോഗുണപ്രധാനം, തമോഗുണം കുറയുകയും സത്വഗുണം കൂടൂകയും ചെയ്യുന്നതിനനുസരിച്ച്‌ ബോധം കൂടൂന്നു. ശുദ്ധസത്വം ആകുവാന്‍ കഴിഞ്ഞാല്‍ --

ഇപ്പറഞ്ഞ തത്വം തന്നെ ആണ്‌ ആയുര്‍വേദം ഉപയോഗിക്കുന്ന വാതം പിത്തം കഫം എന്ന ത്രിദോഷങ്ങളും.

സത്വം വായുവും , രജസ്‌ പിത്തവും, തമസ്‌ കഫവും.

ഇതൊന്നും പഠിക്കാത്ത മൂഢന്മാര്‍ പലതും പുലമ്പും

Saturday, November 01, 2008

ബഹുരത്നാ വസുന്ധരാ

ദാനേ തപസി ശൗര്യേ വാ വിജ്ഞാനേ വിനയേ നയേ
വിസ്മയോ ന ഹി കര്‍ത്തവ്യോ ബഹുരത്നാ വസുന്ധരാ

ഭൂമിയിലുള്ള ധനത്തിനൊന്നും ഒരു അളവുമില്ല, പിന്നെ എന്താ ഇത്ര ബഹളം?
എല്ലായിടത്തും വഴക്ക്‌, പിടിച്ചുപറി?

ഉള്ളതു കൊണ്ട്‌ ജീവിക്കാമെന്നു വിചാരിച്ചാല്‍ തീര്‍ക്കണമെന്നു വിചാരിച്ചാല്‍ പോലും തീരാത്തത്ര സമ്പത്തുള്ള ഭൂമിയില്‍ നരകം ഉണ്ടാക്കുന്നത്‌ ആരാണ്‌? അഥവാ എന്താണ്‌?

കുഞ്ഞുണ്ണീ മാഷുടെ ഈ കൊച്ചു കവിത ഓര്‍മ്മ വരുന്നു

തന്റെ വയറും വായയും ചെറുതായിപ്പോയതില്‍ വിഷമിച്ചു കൊണ്ട്‌ പഞ്ചാരയുടെ ഒരു കുന്നിനു മുന്നില്‍ ഇരുന്നു കരയുന്ന എറുമ്പ്‌ - എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാനുള്ള കഴിവു തരാത്തതില്‍ ദൈവത്തെ ശപിക്കുന്ന എറുമ്പ്‌

"പഞ്ചാരക്കുന്നിന്റെ മുന്നിലിരുന്ന്‌
കുഞ്ഞിയുറുമ്പ്‌ കരഞ്ഞു
എത്ര ചെറിയതാണെന്റെ വായ
എത്ര ചെറിയതാണെന്‍ വയറും"

Tuesday, October 28, 2008

എന്നെബ്ലൊഗ്‌ പരിചയപ്പെടുത്തിയ സുഹൃത്തിന്‌



എന്നെ ബ്ലൊഗ്‌ പരിചയപ്പെടുത്തിയ സുഹൃത്തിന്‌

പ്രിയ സുഹൃത്തേ അതോടൊപ്പം എന്നെ ചുട്ടുതിന്നുന്നവനാക്കും എന്നു കൂടി പറഞ്ഞു തരേണ്ടിയിരുന്നില്ലേ?

താങ്കള്‍ക്കും അതറിയില്ലായിരുന്നു അല്ലേ അന്ന്‌ സാരമില്ല

Monday, October 27, 2008

സ്മാള്‍ ബാന്ഗ് manufacturers



മേല്‍പറഞ്ഞ ബോര്‍ഡ്‌ കണ്ട്‌ വന്ന ആഗതന്‍ : നിങ്ങള്‍ എന്താണൂണ്ടാക്കുന്നത്‌?

മുതലാളി: എന്തും

ആഗഹന്‍ : എന്തും എന്നു വച്ചാല്‍ എനിക്കൊരുവീടു വേണമെങ്കില്‍?

മുതലാളി : വീടുണ്ടാക്കിതരും

ആഗതന്‍ : ഫ്ലാറ്റ്‌ വേണമെങ്കില്‍

മുതലാളി : ഫ്ലാറ്റുണ്ടാക്കി തരും

ആഗതന്‍: അതെങ്ങനെ നിങ്ങളുടെ കയ്യില്‍ ആ സാധനം മാത്രമല്ലെ ഉള്ളു. പണിസാധനങ്ങളൊന്നും കാണുന്നില്ല പണിക്കാരെയും കാണൂന്നില്ല. പിന്നെ എങ്ങനെ ആണൂണ്ടാക്കുക.

മുതലാളി : നിങ്ങള്‍ ഞാനി പിടിച്ചിരിക്കുന്ന സാധനത്തിന്റെ മറ്റേ അറ്റത്ത്‌ ഒരു ഡയനാമിറ്റ്‌ കണ്ടോ? അങ്ങനാ ഉണ്ടാക്കുന്നത്‌.

ആഗതന്‍ : അപ്പോള്‍ വീടെങ്ങനെ വേണമെന്നുള്ള പ്ലാന്‍.

മുതലാളി : ഒന്നും വെണ്ടടേ. ഒരു 'ബിഗ്‌ ബാങ്ങ്‌' കൊണ്ട്‌, ഒരു പ്ലാനും തേങ്ങാക്കൊലയും ഇല്ലാതെ ഇന്ത ഉലഹമെല്ലാം തന്നെ ഉണ്ടാകും എങ്കില്‍ എന്റെ ഒരു ചെറിയ ബാങ്ങ്‌ കൊണ്ട്‌ ഒരു വീടു എങ്കിലും ഉണ്ടാകില്ലെന്നാണോ

താന്‍ ഓര്‍ഡര്‍ തന്നാല്‍ മതി

---

ഇതിന്റെ ആശയം TV യില്‍ കേട്ട ഒരു പ്രഭാഷണത്തില്‍നിന്നാണ്‌. ഇസ്കോണ്‍ ന്റെയോ മറ്റൊ ഒരു പരമ്പരയില്‍ കേട്ടത്‌. ഞാന്‍ എന്റെ വാക്കുകള്‍ ഉപയോഗിച്ചെഴുതുന്നു എന്നേ ഉള്ളൂ.

Saturday, October 25, 2008

മറുപടി

നേരത്തെ ഉള്ള രണ്ടു കമന്റുകള്‍ക്കു വിശദീകരണം നല്‍കാന്‍ ശ്രമിക്കാം. പറഞ്ഞല്ലൊ എഴുതി ഫലിപ്പിക്കുവാനുള്ള കഴിവു കുറവാണ്‌ എന്നാലും.

പ്രിയ ആല്‍കൊഹോളിക്‌ അനോണി- (ഈ പേരൊന്നു മാറ്റിയാല്‍ എഴുതാന്‍ എളുപ്പമുണ്ടായിരുന്നു)

"വസ്തു നശിക്കുമ്പോള്‍ ബോധം നശിക്കുന്നു " എന്ന വാചകം നോക്കുന്നതിനുമുമ്പ്‌ ഞാന്‍ മുമ്പെഴുതിയ H2O2 ന്റെ ഉദാഹരണം വായിക്കുക.

അതിനെ അതാക്കുന്ന സ്വഭാവം അതിനുണ്ട്‌ - അതാണ്‌ അതിന്റെ ബോധം, അതില്‍ നിന്നും ഒരു [O] പോയാല്‍ ആ [O]ഉടെ ബോധംവേറേ ആണ്‌, H2O യുടെ ബോധം വേറേ ആണ്‌. ഇത്‌ ഇനി വിശദീകരിക്കേണ്ടല്ലൊ. അതുകൊണ്ടാണ്‌ ഇവയുടെ ഒക്കെ സ്വാഭാവവും വേറെ വേറേ ആയിരിക്കുന്നത്‌.

ഇതിനര്‍ത്ഥം H2O, H2O2 ന്റെ സ്ഥിതി ഓര്‍ത്തിരിക്കും എന്നല്ല. ആ ചോദ്യം ഞാന്‍ അവിടെ ചോദിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ ഓരോരോ വസ്തുവിനും ഉള്ള സ്വബോധത്തെ ഭാരതീയ തത്വശാസ്ത്രം 'അഹംകാരം' അഥവാ അഹംബോധം' എന്നു വിളിക്കുന്നു. ഒരു individuality

ഈ അഹംബോധം ഇങ്ങനെ മാറിമറിഞ്ഞു നില്‍ക്കുകയേ ഉള്ളു അല്ലാതെ ഒരിക്കലും ഇല്ലാതാകുന്നില്ല.

ഇതില്‍ നിന്നും വ്യത്യസ്ഥമായി വലിയ വലിയ തലത്തില്‍ - ജീവനുള്ള വസ്തുക്കളെ കണക്കിലെടുത്താല്‍ അവയിലെ ബോധത്തിന്റെ അളവു കൂടൂതലാണ്‌ എന്നു മുമ്പ്‌ ഞാന്‍ എഴുതിയിരുന്നു.

അതായത്‌ ബോധം എന്ന ഒരു തത്വം എല്ലായിടത്തും ഉണ്ട്‌ , അതിന്റെ അളവില്‍ മാത്രമേ വ്യത്യാസം കാണൂ.

ഇനി ശരീരത്തെ നോക്കുക. ശരീരത്തിലെ ഓരോരോ കൊശങ്ങളും പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു.

ഓരോ കോശത്തിനുള്ളിലുള്ള ഭാഗങ്ങളും അവയുടെ അവയുടെ ധര്‍മ്മങ്ങള്‍ പ്രത്യേകം പ്രത്യേകം നിര്‍വഹിക്കുന്നു.

എന്നാല്‍ ഈ ഉദാഹരണത്തിലും - ഏറ്റവും ചെറുതിനും അതിന്റേതായ ഒരു ബോധം ഉണ്ട്‌ അതെന്തു ചെയ്യണം എന്ന്‌, അതോടൊപ്പം തന്നെ അതിന്റെ പ്രവര്‍ത്തനം മറ്റ്‌ എന്തിനെ ഒക്കെ അപേക്ഷിച്ചിരിക്കും എന്നും.

അങ്ങനെ ഒറ്റയ്ക്കുള്ളതും , കൂട്ടായുള്ളതും ഇപ്രകാരം രണ്ടു തരം ബോധങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നു.

ഇനി ശരീര പരിണാമത്തെ നോക്കുക. ശരീരത്തിലെ കോശങ്ങള്‍ എല്ലാം തന്നെ പുതിയത്‌ പുതിയതുണ്ടാകുകയും, പഴയത്‌ പഴയത്‌ replace ചെയ്യപ്പെടുകയും ആണ്‌. ഈ മാറ്റിമറിച്ചിലിനിടയിലും കൂട്ടായ ബോധം നിലനില്‍ക്കുന്നു അതു തുടര്‍ച്ച മാത്രമാണ്‌.

മാറ്റിമറിച്ചില്‍ എന്നതില്‍ ദ്രവ്യത്തിനുനാശവും പുനര്‍നിര്‍മ്മാനവും നടക്കുന്നു, എന്നാല്‍ ബോധം അഭംഗുരം തുടരുന്നു എന്ന്‌.

അതു തന്നെയാണ്‌ അതു മുറിഞ്ഞു മുറിഞ്ഞല്ല ഉണ്ടാകുന്നത്‌ എന്നു പറയുവാന്‍ കാരണം.

ജീവാത്മ പരമാത്മഭാവങ്ങളെ വ്യവഹരിക്കുന്നതും ഇപ്രകാരം തന്നെ ആണെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

ഒരു കോശത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സ്വഭാവം പ്രകടിപ്പിക്കുവാന്‍ അതിനറിയുന്നതെന്തോ അത്‌ അതിന്റെ ജീവാത്മാവ്‌, എന്നാല്‍ മുഴുവന്‍ ശരീരത്തെയും സംബന്ധിച്ച്‌ നോക്കുമ്പോള്‍ അതിനുള്ള ബോധം അതിന്റെ പരമാത്മാവ്‌ (ഇതൊരു തമാശയ്ക്കെഴുതുന്നതാണേ)

അക്കണക്കിന്‌ ഒരു ശരീരത്തിന്‌ സ്വം എന്നുള്ള ബോധം ജീവാത്മാവ്‌ - ഈപ്രപഞ്ചം മുഴുവനും കൂടിയതിന്റെ ഒരു ഭാഗം മാത്രമാണ്‌ താന്‍ എന്നുള്ള ബോധം പരമാത്മാവ്‌.

അടുത്ത ഭാഗം ഓര്‍മ്മ- ജീവനുള്ള ജന്തുക്കളില്‍ കാണുന്ന - എന്നെഴുതിയിരുന്നല്ലൊ അതു കണ്ടില്ലേ?

കണ്ടന്‍ പൂച്ചയുടെ ചോദ്യത്തിനും ഇതേ മറുപടി തന്നെ. വേണമെങ്കില്‍ ഒന്നു കൂടി വായിച്ചുകൊള്ളുക.

ഇനി സത്യമായി പറയട്ടെ ഇതില്‍ കൂടുതല്‍ വ്യക്തമാക്കുവാന്‍ എനിക്കറിയില്ല - കണ്ടന്‍ പൂച്ച പറഞ്ഞത്‌ ശരിയാണ്‌.

പക്ഷെ ഒന്നു കൂടീ, അറിയണം എന്ന ആഗ്രഹം ഉണ്ടെങ്കിലേ അറിയുവാന്‍ സാധിക്കൂ

Friday, October 24, 2008

അഖണ്ഡമായ ബോധം

അഖണ്ഡമായ ബോധം അഥവാ എല്ലായിടവും നിറഞ്ഞ അറിവ്‌ (Universal Intelligence, അങ്ങനെ ഒരു തത്വം ഉണ്ടെന്നു സ്ഥാപിക്കുവാന്‍ ശ്രീ ശങ്കരാചാര്യര്‍ക്ക്‌ നേരിടേണ്ടി വന്ന രണ്ടു പ്രധാന തടസ്സങ്ങള്‍ ആയിരുന്നു മുമ്പത്തെ പോസ്റ്റില്‍ പറഞ്ഞ പരമാണു വാദവും , സംഘാതവാദവും.

പരമാണു വാദക്കാര്‍ പറഞ്ഞത്‌ ഈശ്വരന്‍ എന്ന ഒരു സൃഷ്ടികര്‍ത്താവ്‌ എവിടെയോ ഇരുന്ന്‌ പരമാണുക്കള്‍ ഉപയോഗിച്ച്‌ പ്രപഞ്ചം ഉണ്ടാക്കുന്നു എന്ന്‌- കുശവന്‍ മണ്ണുപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ.

സംഘാതക്കാര്‍ പറയുന്നത്‌ മുറിഞ്ഞു മുറിഞ്ഞ്‌ പരിണമിക്കുന്നു (കട; ബാബുവിന്റെ കമന്റ്‌) അതില്‍ ബോധവും താല്‍ക്കാലികം മാത്രം, വസ്തുനാശത്തോടു കൂടി ബോധവും നശിക്കും എന്ന്‌. അതൊരു അനുസ്യൂതപ്രവാഹമല്ല എന്ന്‌.

കുറെ ഏറെ കളിയാക്കുന്ന കമന്റുകള്‍ ഉണ്ടായി എങ്കിലും ഞാന്‍ ഉദ്ദേശിച്ച പ്രയോജനം ആ പോസ്റ്റ്‌ കൊണ്ട്‌ ലഭിച്ചു എന്നു കരുതുന്നു. ഈ രണ്ട്‌ പ്രതിഭാസങ്ങള്‍ ഇനി കൂടൂതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല എന്ന്‌.

ഇതില്‍ പരമാണുവാദത്തെ എതിര്‍ക്കുന്നത്‌ കഴിഞ്ഞ പോസ്റ്റില്‍ തന്നെ എഴുതിയിരുന്നു.

സംഘാതവാദത്തിനെതിരായി അദ്ദേഹം ഉപയോഗിക്കുന്നത്‌ ഓര്‍മ്മശക്തിയെ ആണ്‌.

വസ്തു നശിക്കുമ്പോള്‍ ബോധവും നശിക്കുമെന്ന വാദം നിലനില്‍ക്കില്ല. കാരണം പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ഇതു പോലെ മുറിഞ്ഞു മുറിഞ്ഞാണ്‌ പരിണാമം സംഭവിക്കുന്നത്‌ എങ്കില്‍, ജീവനുള്ള വസ്തുക്കളില്‍ - ജന്തുക്കളില്‍ - കാണുന്ന ഓര്‍മ്മ എന്ന പ്രക്രിയ വിശദീകരിക്കുവാന്‍ സാധിക്കാതെ വരും.

ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ആ വസ്തുവില്‍ ഉണ്ടാകുന്ന ഒരു സംസ്കാരം കാര്‍നം ആണ്‌ ഓര്‍മ്മ ഉണ്ടാകുന്നത്‌.

ഒരിക്കല്‍ അനുഭവിച്ച കാര്യത്തെ വീണ്ടും അതേ ആള്‍ക്കേ ഓര്‍ക്കുവാന്‍ കഴിയൂ. ഒരാള്‍ കണ്ട കാര്യം വേറൊരാള്‍ക്ക്‌ ഓര്‍ക്കുവാന്‍ കഴിയുകയില്ല എന്ന്‌.

അപ്പോള്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വസ്തു മാറൂന്നു എന്നു പറയുമ്പോള്‍ ആ വസ്തുനാശത്തോടൂ കൂടി ബോധവും നശിക്കുന്നു എന്നു സമ്മതിച്ചാല്‍, ആദ്യത്തെ വസ്തു കണ്ട സാധനം രണ്ടാമത്തെ വസ്തു എങ്ങനെ ഓര്‍മ്മിക്കും എന്ന്‌.

ഒരുദാഹരണത്തിന്‌ പറഞ്ഞാല്‍ പണിക്കരുടെ അനുഭവം പണിക്കര്‍ക്കല്ലാതെ സൂരജിന്‌ ഓര്‍മ്മിക്കുവാന്‍ കഴിയില്ല എന്ന്‌.

അപ്പോള്‍ പണിക്കര്‍ എന്ന ബോധം മുറിഞ്ഞു മുറിഞ്ഞതല്ല ത്‌ അനുസ്യൂതമാണ്‌, സൂരജും അനുസ്യൂതം തന്നെ ആണ്‌ എന്ന്‌ അല്ലേ?

ഇപ്പോള്‍ സമയം കുറവാണ്‌ അതുകൊണ്ട്‌ ബ്രഹ്മസൂത്രഭാഷ്യത്തില്‍ അദ്ദേഹം എഴുതിയത്‌ പിന്നീടെഴുതാം

Monday, October 13, 2008

പരിണാമം, വിക്കി, ക്വാണ്ടം, പ്രപഞ്ചം

മുമ്പു രണ്ടു പോസ്റ്റുകളില്‍ പരിണാമം, വിക്കിയില്‍ നിന്നും ക്വോട്‌ ചെയ്ത ക്വാണ്ടം ഇവ എഴുതിയതിന്‌ ഒരു പ്രത്യേക കാരണം ഉണ്ട്‌.

അജ്ഞാതന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ വന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും.

പ്രപഞ്ചത്തിന്റെ സത്യാവസ്ഥയെ കുറിച്ച്‌ അറിയുവാന്‍ എല്ലാവരും ഉത്സുകരാണ്‌ എന്നത്‌ ഒരു വെറും പരമാര്‍ത്ഥം. എന്നാല്‍ അതിനെ പറ്റി നമുക്കറിയുന്നതിനെക്കാള്‍ വളരെ കൂടുതല്‍ അറിയാത്തതാണ്‌ എന്നത്‌ അടുത്ത പരമാര്‍ത്ഥം.

എങ്കില്‍ നിഷ്പക്ഷമായി ചില ചിന്തകള്‍. ഇതില്‍ ദയവു ചെയ്ത്‌ മതം ഇന്നത്തെ രീതിയിലുള്ളത്‌ കാണരുതെന്നപേക്ഷ.

രസതതന്ത്രത്തില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരു ഉദാഹരണമാണ്‌ "ഒരു വസ്തുവിനെ വിഭജിച്ചു വിഭജിച്ച്‌ ഏറ്റവും ചെറിയ വിഭജിക്കാനാകാത്ത കണമാക്കിയാല്‍ --"

അന്ന്‌ അതു വിശ്വസിച്ചിരുന്നു. അങ്ങനെ വിഭജിച്ചു വിഭജിച്ച്‌ വിഭജിക്കാനാകാത്ത ഒരു കണം ഉണ്ടാകും എന്ന്‌.

പിന്നീടുള്ള ക്ലാസുകളില്‍ പഠിച്ചു ആറ്റം -അതും മറ്റു പല കണങ്ങള്‍(?) കൊണ്ടുണ്ടാക്കപ്പെട്ടതാണെന്നും അതിനെയും വിഭജിക്കാം എന്നും. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പഠിച്ചു sub atomic particles വളരെയധികം ഉണ്ടെന്ന്‌.

പിന്നീട്‌ മനസ്സിലായി ഇവയൊക്കെ പൊളിഞ്ഞാല്‍ കണമൊന്നും അവശേഷിക്കില്ലെന്ന്‌.

ഈ പഠിച്ചിടത്തൊക്കെ രസതന്ത്രപ്രകാരം വസ്തു പരിണമിക്കുന്നതും പ്രതിപ്രവര്‍ത്തിക്കുന്നതും മറ്റും ചില നിയമങ്ങള്‍ക്കനുസരിച്ചാണ്‌ എന്നു പറഞ്ഞിരുന്നു.

പിന്നീട്‌ ക്വാണ്ടത്തെ കുറിച്ച്‌ കേട്ടു. പഠിച്ചപ്പോള്‍ തോന്നി ഏറ്റവും താഴെ എത്തി കണവും ഇല്ല എന്ന അവസ്ഥ പറഞ്ഞില്ലേ - അവിടെ തൊട്ടടുത്ത, കണമാണോ അല്ലയോ എന്ന വഴുക പരുവത്തില്‍ ഉള്ള അളക്കാനാകുന്ന ഒരു unit അതാണ്‌ ക്വാണ്ടം എന്നു ധരിച്ചു (ശരിയാണോ എന്നറിയില്ല ഇപ്പോഴും - പുലികള്‍ സഹായിക്കും എന്നു കരുതുന്നു)

അപ്പോള്‍ സംശയം പിന്നെയും കൂടി

ആ ഒരളവു 'സാധനം' ആണ്‌ അതിനു മുകളില്‍ ഉള്ള എല്ലാറ്റിനും കാരണം എങ്കില്‍ - അങ്ങനെ അതിനു മുകളില്‍ ഉള്ള ഏതു വസ്തുവിനും പരിണാമ പ്രക്രിയയ്ക്കിടയില്‍ ക്വാണ്ടം എന്നു വിളിക്കാവുന്ന ഒരു stage എപ്പോഴും ഉണ്ടാകില്ലേ?

ക്വാണ്ടം എന്നത്‌ ചെറുതാകണം എന്നു നിര്‍ബന്ധമുണ്ടോ?

ഇതൊന്നും കൂടുതല്‍ പഠിക്കുവാന്‍ അവസരം ഉണ്ടായില്ല

എന്നാല്‍ അതിനിടയിലാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പഠിക്കുവാനിടയായത്‌.

ദര്‍ശനങ്ങള്‍ പലത്‌. അവയിലൊന്ന് വൈശേഷികദര്‍ശനം. കണാദന്‍ എന്ന മുനി ആചാര്യന്‍. രസതന്ത്രത്തില്‍ വിഭജിച്ചു വിഭജിച്ചെത്തുന്നതു പറഞ്ഞതുപോലെ ഇദ്ദേഹവും വിഭജിച്ചു വിഭജിച്ച്‌ പരമാണുവിലെത്തി.
പഞ്ചഭൂതങ്ങളുടെ ഏറ്റവും ചെറിയ തന്മാത്ര. അവ രണ്ടെണ്ണം ചേര്‍ന്ന്‌ ഒരു ദ്വ്യണുകം, അവ രണ്ടെണ്ണം ചേര്‍ന്ന്‌ ചതുരണുകം ഇപ്രകാരം വസ്തു വലുതാകുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

ഇവിടെ പരമാണുക്കള്‍ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനവസ്തു അവ്യക്തം എന്ന നിര്‍വചിക്കപ്പെടാനാകാത്ത ഒന്നാണ്‌.

ചേതനമല്ലാത്ത ഇവയ്ക്ക്‌ തന്നെ യോജിക്കുവാനോ വേര്‍പെടുവാനോസാധ്യമല്ല അതുകൊണ്ട്‌ ആ പണി ചെയ്യിക്കുവാന്‍ അദ്ദേഹം പുറമേ ഒരു ഈശ്വരനെയും കൂട്ടു പിടിച്ചു.

അതായത്‌ കുശവന്‍ മണ്ണുപയോഗിച്ചു കലം ഉണ്ടാക്കുന്നതുപോലെ ഈശ്വരന്‍ അവ്യക്തം തുടങ്ങിയ പദാര്‍ത്ഥം ഉപയോഗിച്ച്‌ പ്രപഞ്ചം സൃഷ്ടിച്ചു എന്ന്‌.

ഇത്രയും ആയപ്പോള്‍ രസതന്ത്രം പഠിച്ചപ്പോള്‍ കേട്ട 'നിയമം' ഓര്‍മ്മ വന്നു.
അതെങ്ങനെ? ആരെങ്കിലും പുറമെ നിന്നു നിയന്ത്രിക്കുന്നോ അതോ ആ നിയമങ്ങള്‍ അകത്തു തന്നെ ആണോ?

ശരി എന്നു തോന്നിക്കുന്ന ഒരു ഉത്തരം കിട്ടിയില്ല.

അടുത്തതായി ബുദ്ധദര്‍ശനം പഠിച്ചു. അദ്ദേഹം ഈശ്വരനെ ഒഴിവാക്കി. സംഘാതം എന്ന ഒരു പ്രതിഭാസം അവതരിപ്പിച്ചു.

നമ്മുടെ ക്വാണ്ടം ഏകദേശം അതുപോലിരിക്കും.

അതിനോടു സാമ്യമുള്ളവയായതുകൊണ്ടാണ്‌ ഞാന്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചത്‌.

അതായത്‌ ഒരു വസ്തു , അതെന്തു തന്നെ ആകട്ടെ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.

ആ പരിണാമത്തിന്റെ ഏറ്റവും അടുത്ത രണ്ടു ഘട്ടങ്ങളില്‍, ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന ആ gap അതിനെ തല്‍ക്കാലം ഒരു 'മാത്ര' എന്നു വിളിക്കാം.

അപ്പോള്‍ ആ മാത്രയ്ക്കു മുമ്പുള്ളതും അതിനു ശേഷമുള്ളതും രണ്ടു വസ്തുക്കള്‍ ആണ്‌. അവയുടെ വ്യത്യാസം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യമാകണമെന്നില്ല എന്നു മാത്രം.

ഇതില്‍ ആദ്യത്തേത്‌ കാരണമായും രണ്ടാമത്തേത്‌ കാര്യം ആയും വരും. അങ്ങനെ കാരണകാര്യങ്ങളുടെ ഒരു ശൃംഖല. ഓരോ കാര്യവും അടുത്തതിന്റെ കാരണം ആണ്‌.

അപ്രകാരം നിരന്തരം പരിണമിക്കുന്നതുകൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌.

ഇങ്ങനെ ഈരണ്ട്‌ മാത്രകള്‍ക്കിടയില്‍ കാണുന്ന ഓരോരോ സംഘാതങ്ങള്‍ -ക്വാണ്ടങ്ങള്‍(?) - ഇതാണ്‌ പ്രപഞ്ചം എന്ന്‌ ബൗദ്ധദര്‍ശനം പറഞ്ഞു.


ഇവിടെ നിയന്ത്രിക്കുവാന്‍ ഈശ്വരന്‍ ഇല്ല. അപ്പോള്‍ വീണ്ടും സംശയം ആയി. ഈ പരിണാമ പ്രക്രിയ എന്തു നിയമങ്ങളെ അനുസരിച്ചാണ്‌?

ആ നിയമങ്ങള്‍ അതിനുള്ളിലോ പുറത്തോ?

പുറത്താണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പിന്നാലെ അങ്ങനെ ഒരു നിയന്താവ്‌ നടന്നു കൊണ്ടിരിക്കണം എന്നല്ലാ നിയന്താവിനിരിക്കുവാന്‍ ഇടം പോലും ഉണ്ടാവില്ല.

പിന്നെ അകത്താണൊ?

Added Later

അകത്താണെങ്കില്‍ എന്തിനകത്ത്‌? അകം എന്നത്‌ എത്രവരെ പോകാം?

അതും മനസ്സിലായില്ല.

പക്ഷെ നിയന്താവ്‌ വസ്തു എന്ന രണ്ട്‌ അടിസ്ഥാനപദാര്‍ഥങ്ങള്‍ അസംഭാവ്യം എന്ന്‌ സങ്കല്‍പത്തെ സംശയിക്കുവാന്‍ തുടങ്ങി.

ന്യായദര്‍ശനം വൈശേഷികത്തിന്റെ പാത തന്നെ.

സാംഖ്യം അവ്യക്തത്തെ മുറുകെപ്പിടിക്കുന്നു.

യോഗം പഠിച്ചു അതില്‍ കൃഷ്ണന്റെ ഭഗവത്‌ ഗീത പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, യോഗത്തെ സേശ്വരം എന്നു പറഞ്ഞിടത്ത്‌ സംശയമായി. വൈശേഷികര്‍ പറയുന്ന ഈശ്വരന്‍ ഗീതയില്‍ കാണുന്നില്ല.

"ഏകം സാംഖ്യം ച യോഗം ച" എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ടപ്പോള്‍, സാംഖ്യത്തിനും അല്‍പം മാപ്പു കൊടുത്തു.

ആ പശ്ചാത്തലത്തിലാണ്‌ ശ്രീ ശങ്കരന്റെ അദ്വൈതം പഠിക്കുന്നത്‌.

ആദ്യം തന്നെ വൈശേഷികരുടെ പരമാണുക്കളെ പരിശോധിച്ചു.

രണ്ട്‌ പരമാണുക്കള്‍ ചേര്‍ന്നാല്‍ അതിലും വലിയ ഒരു വസ്തുവാകും എന്നാണല്ലൊ വയ്പ്പ്‌. കീഴോട്ട്‌ കീഴോട്ട്‌ വിഭജിച്ചു കൊണ്ടു വരാന്‍ സാധിക്കും എങ്കില്‍ മുകളിലേക്ക്‌ മുകളിലേക്ക്‌ വളര്‍ത്തിക്കൊണ്ടു വരുവാനും സാധിക്കണമല്ലൊ.

അവിടെ ഒരു പ്രശ്നം.

രണ്ട്‌ പരമാണുക്കള്‍ തമ്മില്‍ എങ്ങനെ സന്ധിക്കും? പറൗന്നത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനവസ്തുവിനെ പറ്റിയാണ്‌. അതിന്റെ ഏറ്റവും ചെറിയ - വിഭജിക്കാനാകാത്ത - കണം. അങ്ങനെ രണ്ടെണ്ണം. അവയ്ക്ക്‌ എങ്ങനെ കൂടിച്ചേരുവാന്‍ സാധിക്കും?

വശങ്ങള്‍ തമ്മില്‍? മുകളിലും താഴെയും?

പറയുമ്പോള്‍ വളരെ എളുപ്പമായിരുന്നു.

പക്ഷെ 'വശം' ഉണ്ടൊ വശങ്ങള്‍ ഉണ്ടോ? മുകള്‍ഭാഗം ഉണ്ടോ? താഴ്ഭാഗം ഉണ്ടോ? അപ്പോള്‍ വീണ്ടും വിഭജിക്കാം അല്ലേ?

അങ്ങനെ വീണ്ടും വിഭജിച്ചു ഒരു 'വശം' മാത്രമേ ഉള്ളു ആ വശം മാത്രമായതാണൊ കണം?

അങ്ങനെ ഉള്ള രണ്ടെണ്ണം ആണെങ്കില്‍ തമ്മില്‍ ചേര്‍ന്നാലും വളരുകയില്ലല്ലൊ- അവ തമ്മില്‍ നൂറു ശതമാനം ഭാഗവും ബന്ധപ്പെട്ടിരിക്കും അതായത്‌ വലിപ്പം കൂടുവാന്‍ സാധിക്കില്ല എന്ന്‌. എത്ര 'പരമാണുക്കള്‍' ചേര്‍ന്നാലും അത്‌ ഒരു പരമാണുവിന്റെ അത്രയുമേ കാണുകയുള്ളു എന്ന്‌.

അല്ലേ

ഇപ്പോള്‍ മനസ്സിലായിക്കാണും എനിക്കു ഭ്രാന്താണെന്ന്‌ അല്ലേ?
സാരമില്ല.

പക്ഷെ പരമാണുസിദ്ധാന്തം പിശകാണെന്ന്‌ വ്യക്തം.

വീണ്ടും എത്തി ബുദ്ധനും ക്വാണ്ടവും സംഘാതവും പരിണാമവും.

Added Later
കാരണം കാര്യം എന്ന വിഭാഗം പോലും സാധ്യമല്ലാത്ത ഒരു 'വസ്തു' അതെന്തായാലും ആദ്യം ഉണ്ടായിരുന്നിരിക്കണം.

അത്‌ എല്ലാകാലത്തും നിലനില്‍ക്കുന്നതും ആയിരിക്കണം.

അല്ലാതെ കാരണത്തില്‍ നിന്നും കാര്യം ഉണ്ടായി എന്നത്‌ പ്രപഞ്ചത്തിന്റെ തുടക്കത്തിനെ സംബന്ധിച്ച്‌ അസംഭാവ്യമാണ്‌.

അതുകൊണ്ടു തന്നെ (നേരത്തെ നിയന്താവിന്‌ ഇരിക്കുവാന്‍ സ്ഥലം പോലും കാണുകയില്ല എന്നു പറഞ്ഞതും കൂട്ടി വായിക്കുക) പുറമെ ഒരു ദൈവം സൃഷ്ടിച്ചതാണ്‌ ഇക്കാണുന്നതൊക്കെ എന്ന വാദം നിലനില്‍ക്കുന്നതല്ല.

ഇപ്പറഞ്ഞതിലൊക്കെ കാര്യം ഉണ്ട്‌ എന്നു തോന്നി തുടങ്ങി.

( മഹാസ്ഫോടന സിദ്ധാന്തക്കാര്‍ പറയുന്നതും ഇക്കാണുന്ന പ്രപഞ്ചത്തിന്റെ വിരാട്‌ രൂപം ഉണ്ടായത്‌ മഹാ സ്ഫോടനത്തില്‍ നിന്നാണ്‌ എന്നേ ഉള്ളു - അല്ലാതെ യാതൊന്നിലാണോ ആ മഹാസ്ഫോടനം നടന്നത്‌, അതുണ്ടായത്‌ മഹാസ്ഫോടനം കൊണ്ടാണ്‌ എന്നല്ല.

എനിക്കു വിവരം കുറവാണ്‌ വിവരം ഉള്ളവര്‍ സമയാസമയത്ത്‌ തിരുത്തണേ )

അതായത്‌ നാം ആലോചിക്കുന്നത്‌ ഏറ്റവും ആദി - മഹാസ്ഫോടനത്തിനും മുമ്പുള്ള സാധ്യതകളാണ്‌ എന്നര്‍ത്ഥം

അപ്പോള്‍ അങ്ങനെ ആദിയും അന്തവും ഇല്ലാത്ത എന്തോ ഒന്ന്‌ ഉണ്ട്‌. അത്‌ നിത്യപരിണാമം നടന്നു കൊണ്ടിരിക്കുന്നതാണ്‌ . അതാണ്‌ ഇക്കാണുന്ന പ്രപഞ്ചം എന്ന സങ്കല്‍പം വന്നു.

ആ ഒന്നിനെ തന്നെയല്ലേ ആധുനികര്‍ {സുബ്‌ അറ്റൊമിc പര്‍റ്റിcലെസ്‌} വരെ ചെന്നെത്തിയിട്ട്‌ കയ്യിലൊതുക്കുവാന്‍ സാധിക്കാതെ വിഷമിക്കുന്നത്‌?

അതിന്റെ പരിണാമത്തിനെ ഉണ്ടാക്കുന്ന ഘട്ടത്തില്‍ ഒരു മൂര്‍ത്തദ്രവ്യത്തില്‍ നിന്നും വെളിയില്‍ വരുന്നതോ അതിലേക്കെടുക്കുന്നതോ ആയ ഒരു unit ശക്തി അല്ലേ ഈ Quantum ( എനിക്കു വിവരമില്ല ഇക്കാര്യത്തില്‍ വീണ്ടും പറയുന്നു വിവരമുള്ളവര്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ)

ഒരുദാഹരണം കൂടി കാണിച്ചു ചോദിക്കട്ടെ -

ഒരു photon വിസര്‍ജ്ജിക്കുന്നതിനു മുമ്പും പിന്‍പും ഉള്ള ദ്രവ്യം-

തീര്‍ച്ചയായും അത്‌ രണ്ടു വ്യത്യസ്ഥദ്രവ്യങ്ങള്‍ ആണ്‌ - പേരില്‍ അതിനെ ഒന്നാണെന്നു പറയാം എങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെ അല്ല

ചില ദ്രവ്യങ്ങള്‍ സ്വയം അതിനെ വിസര്‍ജ്ജിച്ചു വിസര്‍ജ്ജിച്ചു നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അറിയുവാന്‍ സാധിക്കുന്നത്ര ചെറിയ സമയം കൊണ്ട്‌ മറ്റൊന്നാകുന്നു. മറ്റുള്ളവയൊന്നും അങ്ങനെ പെട്ടെന്നു വിസര്‍ജ്ജിക്കുന്നില്ല എന്നത്‌ അവ വിസര്‍ജ്ജനമേ നടത്തുന്നില്ല എന്നു പറയുവാന്‍ തെളിവല്ല. അവ കാലതാമസം എടുക്കും എന്നേയുള്ളു- പരിണാമം കൊണ്ട്‌ ജന്തുക്കള്‍ മാറുന്നു എന്നു പറയുന്നതുപോലെ.

അതുകൊണ്ടാണ്‌ പെട്ടെന്നു സ്വയം പരിണാമം നടക്കുന്ന radio active ദ്രവ്യങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നത്‌ - മറ്റൊരു ദ്രവ്യമായി പോകുന്നത്‌ എന്നര്‍ത്ഥം.

അക്കണക്കിന്‌ , ആ ദ്രവ്യത്തിന്റെ അതിലെ ഏറ്റവും ചേറിയ അളവ്‌ പോയിക്കഴിഞ്ഞു ശേഷിക്കുന്ന ദ്രവ്യം ഒരു ശൃംഖലയിലെ ആദ്യത്തെ കണ്ണിയായി കരുതുക.

അതില്‍ നിന്നും രണ്ടാമത്തെ കണ്ണിയുണ്ടാകുന്നു. അതില്‍ നിന്നും മൂന്നാമത്തെ കണ്ണി ഇപ്രകാരം.

ഈ ഓരോ കണ്ണികളും വ്യത്യസ്ഥങ്ങളാണ്‌. അല്ലേ?

(ഈ ഓരോ കണ്ണികളേയും ഓരോ ക്വാണ്ടം എന്നു സങ്കല്‍പ്പിക്കാമോ എന്നു ഞാന്‍ ബാബുവിനോട്‌ ചോദിച്ചിരുന്നു. ബാബു അതിനുത്തരം പറഞ്ഞില്ല. പകരം എനിക്കുള്ള വിവരക്കുറവിനെ ആണ്‌ സൂചിപ്പിച്ചത്‌. മറ്റു പുലികളും ഒന്നും ഇറങ്ങാത്തതു കൊണ്ട്‌ ഞാന്‍ ക്വാണ്ടത്തെ ഒന്നു മാറ്റി നിര്‍ത്തി ബാക്കി പറയാം - അതു ചോദിക്കുവാന്‍ കാരണം - വിക്കിയിലെ തന്നെ ഒരു വാചകമായിരുന്നു അതു ഞാന്‍ അവിടെ പറഞ്ഞിരുന്നു)

അപ്പോള്‍ ചെറുതു മുതല്‍ വലുതു വരെ ഏതു ദ്രവ്യം എടുത്താലും ഇപ്പറഞ്ഞ ഒരു അനുസ്യൂതപരിണാമപ്രക്രിയ എല്ലാറ്റിലും ഉണ്ട്‌.

ഓരോന്നിന്റെയും പരിണാമം ഇന്ന രീതിയിലൊക്കെയേ ആകുവാന്‍ സാധിക്കൂ എന്ന നിയമവും ഉണ്ട്‌ അല്ലേ?

അതോ ഇനി നിയമം ഇല്ലേ?

Added Later -14-10-2008 Morning

അങ്ങനെ അനുസ്യൂതപരിണാമം നടക്കുന്ന ഓരോരോ ചെറിയ unit കള്‍ ചേര്‍ന്നുണ്ടായ ഒരു വലിയ വസ്തുവാണ്‍` ഈ കാണപ്പെടുന്ന പ്രപഞ്ചം.

ആ unit കള്‍ വസ്തു- ദ്രവ്യം ആണോ നിയമം മാത്രമാണോ?

നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും?

ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ എന്ന ഒരു ചോദ്യം മുമ്പു പറഞ്ഞു.

പുറത്താകുവാന്‍ സാധിക്കില്ല -

കാരണം,

എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല.

ഇല്ലാതെ ഒക്കുകയും ഇല്ല.

ആധുനികരും ഇവിടെ എത്തി വസ്തു എന്നത്‌ പലതരം ഊര്‍ജ്ജങ്ങളുടെ താല്‍ക്കാലിക ഭാവങ്ങളാണെന്നൊക്കെ വരുന്ന വിധം പറഞ്ഞു തുടങ്ങി. (തുടങ്ങിയോ? ആ ഞാന്‍ അതിനെ കുറിച്ചു പറയുന്നില്ല -അത്‌ പുലികള്‍ പറയട്ടെ

കിച്ചു ആന്‍ഡ്‌ ചിന്നുവും പറഞ്ഞു പഴയത്‌ പഴയതു പോലെ പറഞ്ഞാല്‍ മതി ആധുനികത്തില്‍ തൊട്ടു കളിക്കണ്ടാ എന്ന്‌. പോട്ടെ)

വീണ്ടും വിശദീകരിക്കണം എങ്കില്‍ ഉദാഹരണം വേണമല്ലൊ . ഞാന്‍ വീണ്ടും ഒരു കണം എടുത്തു.

ആ കണത്തിന്‌ 'ശരീരം' എന്നു പേരിട്ടു. ഇതു ഞാന്‍ മുമ്പു വിശദീകരിച്ച പല ഉദാഹരണങ്ങളിലും പറഞ്ഞ വാക്കായതു കൊണ്ട്‌ ഇവിടെയും പറഞ്ഞു അത്രേയുള്ളു.

ഇപ്പോള്‍ നമുക്കറിയാം ആ കണത്തിന്‌ എന്തെങ്കിലും പരിണാമം സംഭവിക്കണം എങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ - എവിടെയെങ്കിലും സംഭരിക്കപ്പെട്ടിരിക്കണം എന്ന്‌.

ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഉദാഹരണം പറഞ്ഞു- പല പല ഘട്ടങ്ങള്‍ - ഓരോ നിമിഷത്തിലും - ഓരോ മാത്രയിലും ആ മാങ്ങ പരിണമിക്കുന്നു. ഓരോ മാത്രയിലും അത്‌ ഒരു വ്യത്യസ്ഥ വസ്തുവാണ്‌.

ഈ മാത്രയില്‍ കാണുന്ന വസ്തു തന്നെയാണ്‌ അടുത്ത മാത്രയിലും എങ്കില്‍ അതു പഴുക്കുകയില്ല ഉവ്വോ?

ഇനി അഥവാ രണ്ടു മാത്രകള്‍ ഒരുപോലെ നില്‍ക്കും മൂന്നാമത്തെ മാത്രയില്‍ പരിണമിക്കും എന്നു പറയുന്നോ?

ആകാം വിരോധമില്ല - പക്ഷെ അതു മൂന്നാമത്തെ മാത്രയിലേ പരിണമിക്കാവൂ എന്ന സന്ദേശം അതിലുള്ളതുകൊണ്ടാണ്‌ അല്ലേ?

എനിക്കെന്നിട്ടും എന്നെ തന്നെ നിയന്ത്രിക്കുവാന്‍ ആകുന്നില്ല കിച്ചു ചിന്നൂ ക്ഷമിക്കണം ഞാന്‍ അല്‍പം പിന്നോട്ട്‌ പോകട്ടെ-

കഴിഞ്ഞ പോസ്റ്റുകളില്‍ ഒന്നില്‍ http://indiaheritage.blogspot.com/2008/09/blog-post_8389.html
അനിലിനോട്‌ ഞാന്‍ ചോദിച്ചിരുന്നു. 'അനില്‍' എപ്പോള്‍ തുടങ്ങി എപ്പോള്‍ വരെ ആണ്‌ എന്ന്‌.

രാജീവ്‌ ചേലനാട്ട്‌ അതിനുത്തരം തന്നു- ഇപ്രകാരം-

"ബോധം(അഹംബോധം ) എന്നത്‌ ആത്യന്തികമായി ശരീരര്‍ത്തിനെ ആശ്രയിച്ചിരിക്കുന്നു എങ്കിലും, ശരീരഭിന്നമായ ഒരവസ്ഥ അതിനുണ്ട്‌ എങ്കിലും, ശരീരത്തിന്റെ നാശത്തോടെ അവസാനിക്കുന്ന ഒന്നാണത്‌."

അതിനെ കുറിച്ച്‌ വീണ്ടും വിശദീകരിക്കുന്നു-

"ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്‌. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും-- " ബാക്കി അവിടെ വായിക്കുക.

ഏതായാലും ബൂലോകത്തിലെ മറ്റു പുലികളൊന്നും അവിടെയ്ക്കു വന്നില്ല. അതുകൊണ്ട്‌ ആ വാദം പുലികള്‍ക്ക്‌ സമ്മതമാണ്‌ എന്നു കരുതട്ടെ.

അതായത്‌ 'ശരീരം' എന്നു വിളിച്ച ആ കണം, അതിന്റെ നിയമങ്ങള്‍ ആയ സന്ദേശം ഇവ രണ്ടും രണ്ടാണ്‌.

ഒരു സന്ദേശം പ്രവര്‍ത്തിച്ചു ആ ശരീരം, പരിണമിച്ചു മറ്റൊന്നായി, അതിലെ സന്ദേശം വേറെ. അതു പരിണമിക്കുന്നത്‌ എങ്ങനെ എന്ന സന്ദേശം അതിലുണ്ട്‌.

ആ സന്ദേശങ്ങള്‍ രണ്ടും രണ്ട്‌. രണ്ടിന്റെയും ധര്‍മ്മങ്ങള്‍ (properties) രണ്ട്‌.

ഒരു ഉദാഹരണം പറഞ്ഞാല്‍ H2O2 ഹൈഡ്രജന്‍ പെറൊക്സൈഡ്‌ , H2O ജലം ഇവ പോലെ

ഹൈഡ്രജന്‍ പെറോക്സൈഡിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും , ജലത്തിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും.

കുറച്ചു നേരം വെളിയില്‍ വച്ചിരുന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ ജലമായി മാറും.

അപ്പോള്‍

ഇവയില്‍ ജലത്തിന്‌ അറിയുമോ ഹൈഡ്രജന്‍ പെറൊക്സൈഡെന്താണ്‌ ചെയ്തിരുന്നത്‌ എന്ന്‌

അറിയുവാന്‍ വഴിയില്ല അല്ലേ?

Added Later 14/10/2008 10am

പണ്ടൊരിക്കല്‍ ഒരു മാര്‍ക്സിസ്റ്റ്‌ നേതാവുമായി സംസാരിക്കുന്ന അവസരത്തില്‍ ഈ വൈരുദ്ധ്യാത്മകഭൗതികവാദം എന്താണെന്നു ചോദിച്ചു.

അദ്ദേഹത്തിന്റെ ഉത്തരം വളരെ രസകരമായിരുന്നു.
"താങ്കള്‍ ഇന്നാരുടെ പുസ്തകം വായിച്ചിട്ടുണ്ടൊ? ഒന്നു വായിച്ചു നോക്കണം. (ഒരു ഇംഗ്ലീഷ്‌ പുസ്തകത്തെ കുറിച്ചാണ്‌) വായിച്ചാല്‍ നമുക്കൊന്നും ഒരക്ഷരം മനസ്സിലാവില്ല . അറിയുമോ? എന്നിട്ടാ ചോദിച്ചു കൊണ്ട്‌ നടക്കുന്നത്‌"

അദ്ദേഹം എന്തോ മഹാകാര്യമാണ്‌ പറഞ്ഞത്‌ എന്ന്‌ അദ്ദേഹം വിചാരിക്കുന്നു. വല്ലവനും എഴുതിയ കാര്യങ്ങള്‍ വായിച്ചു നോക്കി മനസ്സിലാക്കുവാന്‍ പോലും അറിയാത്ത ഇവനെ പോലെയുള്ള വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ അതും പ്രചരിപ്പിച്ചു നടക്കുന്നു എന്നു ഞാനും വിചാരിച്ചു. എന്തു ചെയ്യാം എനിക്കു വിവരമില്ലാതായി പോയില്ലേ?

എന്നാല്‍ വായിച്ചാല്‍ മനസ്സിലാകുന്ന എന്തെങ്കിലും വായിച്ചു കൂടേ എന്നദ്ദേഹത്തിനോടു ചോദിച്ചിട്ട്‌ അദ്ദേഹത്തിനത്‌ ഇഷ്ടപ്പെട്ടുമില്ല.

ഇതെന്തിനാണാവോ ഇപ്പോള്‍ എഴുതിയത്‌ ?

ആ.

വായിച്ചാല്‍ മനസ്സിലാകാത്ത ചിലതു ചോദിച്ചു മനസ്സിലാക്കാം എന്നു വിചാരിച്ചാലും നമുക്കുള്ള വിവരക്കുറവു മൂലം ചിലര്‍ പറഞ്ഞു തരുന്നും ഇല്ല.:)

അതും ശരിയാണ്‌ എന്തെങ്കിലും മനസ്സിലാകണം എങ്കില്‍ അതിനുള്ള അടിത്തറ വേണം. അതില്ലാത്തവരോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല.
( മുമ്പ്‌ പലതവണ ഞാന്‍ 'അഥ' ശബ്ദം സംസ്കൃതഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്നത്‌ വിശദീകരിച്ചിരുന്നു ഇതേ അര്‍ത്ഥത്തില്‍)

അതിരിക്കട്ടെ.
രാജീവ്‌ ചേലനാട്ട്‌ പറഞ്ഞതുപോലെ ശരീരവും ബോധവും രണ്ടാണ്‌ എന്നു തന്നെ തല്‍ക്കാലം വിചാരിക്കാം അല്ലേ?

ശരീരം നശിച്ചു എന്നു പറയുമ്പോള്‍ ബോധവും നശിച്ചു എന്നും കരുതാം അല്ലേ.

ഇനി നമുക്ക്‌ മറ്റൊരു പോസ്റ്റിലേക്കു പോയി നോക്കാം

വിക്കിയിലെ ഒരു വാചകം എന്ന പോസ്റ്റില്‍ ഞാന്‍ ചോദിച്ചു - ഈ പരിണാമത്തിന്റെ വിശദാംശം അവിടെ ബാബുപറഞ്ഞ ചില കാര്യങ്ങള്‍.

ദേ ഇവിടെ http://indiaheritage.blogspot.com/2008/10/blog-post_11.html?showComment=1223809620000#c4706147078490743841
എനിക്കു വിവരമില്ലെന്നു മനസ്സിലാകുന്നതിനു മുമ്പായതു കൊണ്ട്‌ അദ്ദേഹം ഇത്രയും പറഞ്ഞുതന്നു.

ഈ മുറിഞ്ഞു മുറിഞ്ഞ്‌ ഊര്‍ജ്ജം റേഡിയറ്റ്‌ ചെയ്യുന്നു- എന്നു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ച ചോദ്യത്തിലെ-

പരിണാമത്തിന്റെ ആ ശൃംഖലയിലെ ഒരു കണവും അടുത്ത കണവും തമ്മില്‍ ബന്ധം,ഇല്ല എന്നു തന്നെ അല്ലേ വായിക്കുന്നവര്‍ മനസ്സിലാക്കുന്നത്‌? അതോ എനിക്കു വിവരമില്ലാത്തതു കൊണ്ട്‌ തോന്നുന്നതാണൊ?

ആകാന്‍ വഴിയില്ല കാരണം ആദ്യം പറഞ്ഞു -"ശാസ്ത്രത്തിന്റെ പഴയ ധാരണയായ steadiness അഥവാ ഭംഗമില്ലാത്ത തുടര്‍ച്ച തെറ്റായിരുന്നു ---" എന്നു തുടങ്ങിയ വാചകം.

കിച്ചു ആന്‍ഡ്‌ ചിന്നു ക്ഷമിക്കണം - ഇടയ്ക്കിടക്ക്‌ ആധുനികരെ ബുദ്ധിമുട്ടിക്കുന്നതില്‍-

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ ഞാന്‍ എഴുതിയ വാചകം -ഏറ്റവും അടുത്ത സമയതന്മാത്രയുടെ അപ്പുറവും ഇപ്പുറവും ഉള്ള ദ്രവ്യം വ്യത്യസ്ഥങ്ങളായിരിക്കും- എന്ന അര്‍ത്ഥം

ഈ വാചകത്തില്‍ നിന്നും "അതായത്‌ ഒരു നിമിഷത്തില്‍ നാം കാണുന്ന വസ്തു, അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുമ്പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ ?" ലഭിക്കുകയില്ലേ?

ഇല്ലെങ്കില്‍ എന്റെ തെറ്റ്‌ എന്റെ തെറ്റ്‌ എന്റേ വലിയ തെറ്റ്‌ ആമേന്‍.

എങ്കില്‍ ഇപ്പോള്‍ അങ്ങനെ മനസ്സിലാക്കി കൊള്ളുക. എന്ത്‌ ദ്രവ്യം പരിണമിക്കുന്നു എന്നു പറയുമ്പോള്‍ ഓരോരോ പ്രത്യേകം പ്രത്യേകം കഷണങ്ങളായാണ്‌ പരിണമിക്കുന്നത്‌ അനുസ്യൂതമല്ല എന്ന്‌.

രാജീവ്‌ പറഞ്ഞതും ഇതും കൂട്ടി നോക്കാം അല്ലേ?

ശരീരം ബോധം ഇവ രണ്ടാണ്‌ എന്നാലും ഒരു ശരീരത്തിന്‌ അതിന്റേതായ ബോധം ഉണ്ട്‌, അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. എന്ന്‌ രാജീവ്‌

അടുത്ത വസ്തുവിന്‌ അതിന്റേതായ ഒരു ബോധം ഉണ്ട്‌ അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. ആ ശൃംഖല അങ്ങനെ തുടരുന്നു മുറിഞ്ഞു മുറിഞ്ഞ്‌ അല്ലേ?

ഇതു തന്നെയാണ്‌ ബുദ്ധമതത്തിലെ വൈനാശികമതം പറയുന്നത്‌.

കിച്ചു ആന്‍ഡ്‌ ചിന്നു വീണ്ടും ക്ഷമിക്കണം. രണ്ടും ഒരു പോലെ ആയതു കൊണ്ട്‌ അറിയാതെ അങ്ങു പറഞ്ഞു പോകുന്നതാണ്‌.

ഇനി പറയാതിരിക്കുവാന്‍ ശ്രമിക്കാം (പക്ഷെ ഉറപ്പൊന്നുമില്ല കേട്ടൊ)

Added 14-10-2008 evening

പറഞ്ഞു വന്നത്‌ രാജീവ്‌, ബാബു എന്നിവരുടെ അഭിപ്രായപ്രകാരം വസ്തു പരിണാമം നടക്കുന്നത്‌ മുറിഞ്ഞു മുറിഞ്ഞാണ്‌. അവയിലുള്ള ബോധവും മുറിഞ്ഞു മുറിഞ്ഞതാണ്‌- തുടര്‍ച്ചയായതല്ല.

ഈ തത്വം ഏറ്റവും ചേരിയ വസ്തു മുതല്‍ ഏറ്റവും വലിയ വസ്തു വരെ ഒരുപോലെ തന്നെ ആയിരിക്കണം അല്ലേ അപ്പോഴല്ലെ ഇങ്ങനെപറയുവാന്‍ സാധിക്കൂ?
അല്ലാതെ ചെറുതിനിങ്ങനെ വലുതിന്‌ വേറൊരു തരത്തില്‍ അങ്ങനെ വ്യത്യാസം ഉണ്ടാകില്ലല്ലൊ അല്ലേ?

ഇല്ല

കാരണം വിക്കിയില്‍ ദേ ഇങ്ങനെ ഒരു വാചകം കാണുന്നുണ്ട്‌

""Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "

അപ്പോള്‍ വലുതിനും ഇതൊക്കെ തന്നെ നിയമങ്ങള്‍.

ഈ വലിയ സാധനം എന്നു പറയുമ്പോള്‍ നമ്മുടെ ശരീരവും അതില്‍ പെടില്ലേ?

നമ്മുടെ ശരീരവും ഉണ്ടായിരിക്കുന്നത്‌ ഇതുപോലെ പരിണമിക്കുന്ന ചെറിയ ചെറിയ unit കളെ കൊണ്ടല്ലേ?

അവയ്ക്കൊക്കെയും അവയുടെതായ ഓരോ ബോധം ഇല്ലെ?

(ഇവിടെ ചിലര്‍ ഇല്ലെന്നു പറഞ്ഞേക്കാം, അവര്‍ വിഡ്ഢികളാണെന്നു സ്വയം മനസ്സിലാകുന്നതു വരെ അവരോടു പറഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാത്തതുകൊണ്ട്‌ അതിനുള്ള മറുപടി ഇനിയും വിശദീകരിക്കുന്നില്ല)

ആ ബോധവും അനുനിമിഷം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതല്ലേ?

വസ്തുവിന്റെ ഓരോ മുറിയലിലും ഓരോ പുതിയ ബോധം എന്നല്ലേ നിങ്ങള്‍ പറഞ്ഞത്‌?

അങ്ങനെ ഉള്ള ഒരു കൂട്ടം വസ്തുക്കള്‍ ഒരുമിച്ചു കൂടിയ പിണ്ഡം മാത്രമാണ്‌ ജീവനുള്ള ശരീരം എന്നാണൊ നിങ്ങള്‍ പറയുന്നത്‌?

അപ്പോള്‍ രാജീവേ, ബാബൂ, ഒരു ചോദ്യം ഇതില്‍ രാജീവ്‌ എവിടെയാണ്‌ ബാബു എവിടെയാണ്‌?


ഓരോ കണത്തിലും രാജീവിന്റെ ഓരോ കണങ്ങള്‍ ഉണ്ടോ? അതും മുറിഞ്ഞു മുറിഞ്ഞാണൊ പരിണമിക്കുന്നത്‌?

Added 15-10-2008 morning


ഇനി ഇവിടെ നിന്നും അല്‍പം പിന്നിലേക്കു പോകാം

പൊയ്ക്കൂടേ അതോ വീണ്ടും കഷണം കഷണമായ വസ്തു- ബോധങ്ങളെന്ന വിഡ്ഢിത്തത്തെ കുറിച്ചു തന്നെ ചര്‍വിതചര്‍വണം നടത്തണോ? വേണ്ടല്ലൊ.

ആദ്യം പറഞ്ഞു വസ്തുവിനെ അംഗീകരിച്ചാല്‍ ബോധത്തിനിരിക്കുവാന്‍ സ്ഥലം ഉണ്ടാകില്ല, അതുപോലെ തന്നെ മറിച്ചും എന്ന്‌. ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ ബോധം.

ഇതു മനസ്സിലാകണം എങ്കില്‍ സാധാരണ വിവരം മതി കേട്ടൊ.

നമ്മുടെ H2O2, H2O പറഞ്ഞ ഭാഗത്തേക്ക്‌ തിരിച്ചൊരു യാത്ര.

H2O2 ഇല്‍ നിന്നും ഒരു [O] വിട്ടു പോയി അത്‌ H2O ആകുമ്പോള്‍ അല്‍പസമയം വിടവുണ്ടെന്നു അല്ലേ ബാബുവിന്റെ അഭിപ്രായം - ക്വാണ്ടം സിദ്ധാന്തമനുസരിച്ച്‌, അതോ ബാബു അവിടെ വിടവില്ല എന്നു പറയുന്നോ? അതു തുടര്‍ച്ചയാണെന്നു പറയുന്നോ.

ബാബു മറുപടി പറയും എന്നു തോന്നുന്നില്ല.
പക്ഷെ രാജീവ്‌ ബോധം നശിക്കും എന്നു പറഞ്ഞതില്‍ ആ വിടവുണ്ടെന്നു തെളിച്ചു പറയുന്നു.

ഇവിടെ ഒരു സംശയം വരും.

H2O2 വിനറിയാം അതെന്താണെന്നും അതിന്റെ ധര്‍മ്മങ്ങള്‍ എന്താണെന്നും അതതിനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതിലെ ഒരു ഓക്സിജന്‍ ആറ്റത്തെ വെളിയില്‍ വിടുന്നു. ജലം ഒരു ഓക്സിജന്‍ ആറ്റം എന്ന രണ്ടു വസ്തുക്കള്‍ എന്ന അവസ്ഥയെ പ്രാപിക്കുന്നു. ജലം ജലത്തിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു ഓക്സിജന്‍ ആറ്റം അതിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു.

H2O2 ഉണ്ടാകുവാന്‍ സഹായിച്ച ഹൈഡ്രജനും ഓക്സിജനും യഥാക്രമം അവയുടെ ധര്‍മ്മങ്ങള്‍ അറിയാമെകിലും കൂട്ടായിരിക്കുമ്പോള്‍ അവയുടെ ധര്‍മ്മം വേറേ ആണെന്നും അറിയം.

അപ്പോള്‍ രാജീവിന്റെ വാദം -- ശരീരത്തിനോടു ചേര്‍ന്നും എന്നാല്‍ അതില്‍ നിന്നു ഭിന്നവും ആയി നിലനില്‍ക്കുന്ന ഒരു പ്രജ്ഞ ആണ്‌ ബോധം, ശരീരം നശിക്കുമ്പോള്‍ അതും നശിക്കും എന്നും പറഞ്ഞത്‌ - ഇങ്ങനെ വ്യാഖ്യാനിക്കാമോ?

ഒരു പ്രോടോണും ഒരു ഇലക്റ്റ്രോണും വ്യത്യസ്ഥ ധര്‍മ്മങ്ങള്‍ ഉള്ളതായിരുന്നു എങ്കിലും അവ ചേര്‍ന്ന്‌ ഹൈഡ്രജന്‍ ആയപ്പോള്‍ അതിന്റെ ഒരു ബോധം അതു വേറേ. അതായത്‌ താല്‍ക്കാലികമായി പ്രോടൊണിന്റെയും ഇലക്റ്റ്രോണിന്റെയും ബോധം നശിച്ചു(?) എന്നു പറയാം.

അങ്ങനെ രണ്ട്‌ ഹൈഡ്രജനും രണ്ട്‌ ഓക്സിജനും ചേര്‍ന്ന്‌ ഹൈഡ്രജന്‍ പെറോക്സൈഡായപ്പോള്‍ അതിനുള്ള ബോധം വേറേ. അവിടെ ഹൈഡ്രജന്റെയും ഓക്സിജന്റെയും ബോധം നശിച്ചു(?)

അതില്‍ നിന്നും ഒരു ഓക്സിജന്‍ ആറ്റം പോയപ്പോള്‍ അതു ജലമായി അതിനുള്ള ബോധം വേറേ. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ ബോധം നശിച്ചു(?)


എങ്കില്‍ ഇനിയെനിക്കു ചോദിക്കുവാനുള്ളത്‌ -

ഹൈഡ്രജന്‍ ആറ്റത്തിനറിയാം അത്‌ രണ്ടെണ്ണം ഓക്സിജനുമായി ചേര്‍ന്നാല്‍ ജലം ആകാനുള്ളതാണ്‌ എന്ന്‌, രണ്ട്‌ ഓക്സിജനുകളുമായി ചേര്‍ന്നാല്‍ അത്‌ ഹൈഡ്രജന്‍ പെറോക്സൈഡാണാകേണ്ടത്‌ എന്ന്‌. അല്ലേ?

അതേ പോലെ തന്നെ ഓക്സിജന്‍ ആറ്റത്തിനും അതിലൊരെണ്ണം ഹൈഡ്രജനോടു ചേര്‍ന്നാല്‍ ജലം ആകണം എന്നും , രണ്ടെണ്ണം ചേര്‍ന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡാകണം എന്നും അറിയാമായിരിക്കണം അല്ലേ?

ശരീരത്തിന്റെ ഒരു താല്‍ക്കാലിക പ്രജ്ഞ എന്നൊക്കെ രാജീവ്‌ പറഞ്ഞത്‌ ഹൈഡ്രജന്റെ ആ ശരീരം ഉണ്ടാകുമ്പോള്‍ അതിലുത്ഭവിക്കുന്ന താല്‍കാലികപ്രജ്ഞ അതായിരികണം അല്ലേ?

വിഷ്ണുപ്രസാദ്‌ കവിതയില്‍ ചോദിച്ചതുപോലെ

മനസ്സിലാവ്‌ണ്‌ ണ്ടോ ആവോ

ഉവ്വേ ഉവ്വേ അല്ലെങ്കില്‍ ഇല്ലേ ഇല്ലേ

എങ്കില്‍ വിക്കിയില്‍ എ ഒരു വാചകം എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ ഇപ്പോള്‍ ഇവിടെ ചോദിക്കട്ടെ. (അതിനവിടെ ഉത്തരം ഞാന്‍ പറയാഞ്ഞത്‌ ഇവിടെ പറയാന്‍ പോകുന്നു എന്നറിയാവുന്നതുകൊണ്ടാണ്‌. മറ്റുള്ളവര്‍ പറയാത്തത്‌ പറഞ്ഞാല്‍ അതവരുടെ മനസ്സാക്ഷിക്കു കുത്തലുണ്ടാക്കും എന്നതു കൊണ്ടൂം - അങ്ങനെ ഒന്നുണ്ടെങ്കില്‍- കൂട്ടത്തില്‍ വിവരവും ഉണ്ടെങ്കില്‍)

രണ്ടു ലിറ്റര്‍ ഹൈഡ്രജനും 1 ലിറ്റര്‍ ഓക്സിജനും കൂട്ടി വച്ചാല്‍ ജലം ഉണ്ടാകുമോ?

ഇല്ല

എന്തുകൊണ്ട്‌?

Added 15-10-2008 evening

കാരണം അതിനെ നിയന്ത്രിക്കുന്ന മറ്റ്‌ എന്തോ ശക്തി- അഥവാ നിയമം ഉണ്ട്‌. അത്‌ അതിനെ തടയുന്നു. അനുകൂല സാഹചര്യം വരുമ്പോള്‍ അനുവദിക്കുന്നു. അതു തന്നെ.

അതായത്‌ ഹൈഡ്രജന്‍ എന്ന ആറ്റം ഒരേ സമയം അതിന്റെ സ്വന്തം നിയാമക ശക്തിയുടെയും മറ്റ്‌ എന്തോ ഒരു ശക്തിയുടെയും നിയന്ത്രണത്തിലാണെന്നല്ലേ?

അതെന്താണെന്നതിനറിയാം അതെന്തൊക്കെയായി കൂടിച്ചേരണം എന്നറിയാം പക്ഷെ അതിനൊത്ത ഒരു വസ്തു അടുത്തു വന്നാലും മറ്റ്‌ എന്തോ ഒരു ശക്തിയുടെ നിയന്ത്രണത്തില്‍ മാത്രമേ അതിനു യോജിക്കുവാനോ വിട്ടുപോകാനോ കഴിയുകയുള്ളു എന്ന്‌

അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ വിഭജിച്ച്‌ ജലവും ഓക്സിജനും ആകുന്നതിനിടയ്ക്കുള്ള ആ വിടവില്‍(?) അത്‌ യാതൊരു നിയന്ത്രണങ്ങളുടെയും അധീനതയിലല്ല ആണോ?

അങ്ങനെ ഒരു ശൂന്യത വരുമെങ്കില്‍ അതിനപ്പുറവും ഇപ്പുറവും ഉള്ള വസ്തുക്കള്‍ എന്തായിരിക്കണം എന്നു നിയമം ഉണ്ടാകില്ല - അവിടെ ചക്കയില്‍ നിന്നു മാങ്ങയോ തേങ്ങയോ ഉണ്ടായേക്കാം അല്ലേ?

അതുകൊണ്ടല്ലേ മഹാനായ ഐന്‍സ്റ്റൈന്‍ ഈ വാചകം പറഞ്ഞത്‌

"God doesn't play dice with the universe"

അര്‍ത്ഥം വിശദീകരിക്കേണ്ടല്ലൊ അല്ലേ?

ഈ ഒരു വാചകത്തില്‍ "GOD" എന്ന വാക്കുപയോഗിക്കുവാന്‍ ഐന്‍സ്റ്റൈന്‌ ഒരു മടിയും ഉണ്ടായിരുന്നില്ല.

ഹൊ ഹൊ ഹൊ അദ്ദേഹം നമ്മുടെ ഇടയിലുള്ള 'മഹാജ്ഞാനി' കളോളം അറിവുള്ള ആളല്ലല്ലൊ അല്ലേ? സ്വാറി

അദ്ദേഹം ഉദ്ദേശിച്ച ആനുസ്യൂതപ്രവാഹം അതില്ലെന്നു പറയുന്ന ഈ "മഹാജ്ഞാനികള്‍"

യഥാര്‍ത്ഥത്തില്‍ ഈ അനുസ്യൂതപ്രവാഹം മാത്രമാണ്‌ ഉള്ളത്‌ , ഇടയ്ക്ക്‌ പരിമിതമായ വസ്തുവിലുണ്ടെന്നു പറയുന്ന ആ ബോധമാണ്‌ താല്‍ക്കാലികം, അല്ലാതെ അവ രണ്ടും രണ്ടല്ല.

അതു മനസ്സിലാക്കിയാല്‍ രാജീവ്‌ പറഞ്ഞ - ബോധം ശരീരത്തിനോട്‌ ബന്ധപ്പെട്ടതാണെങ്കിലും ശരീരനാശത്തില്‍ അതും നശിക്കുന്നു എന്നതിലെ "നശിക്കുന്നു" എന്ന ഭാഗം മാറ്റി രൂപാന്തരം സംഭവിക്കുന്നു എന്നാക്കിയാല്‍ വ്യക്തമാകും.

Added 15-10-2008 CONCLUDING

അവസാനമായി ഒരു വിഷയം കൂടി
രാജീവ്‌ ചോദിച്ച ചോദ്യം

മാങ്ങ പഴുക്കുന്നത്‌ ബോധത്തോടു കൂടിയാണോ എന്ന ചോദ്യം.

ഇതു വരെ വിശദീകരിച്ച രീതിയില്‍നിന്നും ഒരു വസ്തുവിന്‌ അതിനെക്കുറിച്ച്‌ "അറിയാവുന്ന" കാര്യങ്ങള്‍ - അതിന്റെ അതിരുകള്‍, അതിന്റെ properties, അതിനു ബാക്കി ചുറ്റും ഉള്ളവയുമായി ഉള്ള ബന്ധം ഇവയല്ലേ ബോധം എന്നു വ്യവഹരിക്കുവാന്‍ സാധിക്കുന്നത്‌. മേല്‍പറഞ്ഞ അനുസ്യൂതപ്രവാഹത്തിന്റെ ഭാഗമായിരികുമ്പോഴും തന്നെ അതിനുള്ളിലുള്ള ഒരു ചെറിയ അതിരിനുള്ളില്‍ തളച്ചിട്ടതായി കാണുന്ന ആ അറിവ്‌?

എനിക്കറിയാം ഞാന്‍ എന്റെ ശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ടതാണെന്ന്‌. എന്റെ അതിരുകള്‍ എനിക്കറിയാം. ഞാന്‍ എന്തൊക്കെ ചെയ്യുന്നു എന്നെനിക്കറിയാം, ചുറ്റുമുള്ളതൊന്നും എന്റെ ഭാഗങ്ങളല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇതേപോലെ രാജീവിനും അറിയാം.

നാം വളര്‍ത്തുന്ന നായക്കറിയാം അതിന്റെ ശരീരം അതിരുകള്‍ തുടങ്ങിയവ.

ഒരു ചെടി നോക്കിയാല്‍ അതിനും അറിയാം അതിന്റെ ശരീരം.

ഒരു വ്യത്യാസമുള്ളത്‌ അറിവിന്റെ അളവിലാണ്‌.

താഴെക്കിടയിലുള്ള നാം നിര്‍ജ്ജീവവസ്തു എന്നു വിളിക്കുന്ന അവയ്ക്കും ഉണ്ടാവില്ലേ ഇതുപോലെ ഏതെങ്കിലും ഒരു നിലയിലുള്ള അറിവ്‌?

ഒരു ഇലക്ട്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനറിയാം എങ്കില്‍ നിര്‍ജ്ജീവവസ്തുവിന്‌ അറിവില്ല എന്നു വാദിക്കുന്നതിനു മുമ്പ്‌ രണ്ടു വട്ടം ആലോചിക്കേണ്ടി വരും.

ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌.

ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.

സംസ്കൃതശ്ലോകങ്ങളിലും, സൂത്രങ്ങളിലും ഒക്കെയായി പരന്നു കിടക്കുന്ന ഈ വെളിച്ചം നമ്മുടെ സാമാന്യജീവിതത്തില്‍ ഉപയോഗിക്കുന്ന terminology ഉപയോഗിച്ച്‌ വിശദീകരിക്കുവാന്‍ ശ്രമിച്ചതാണ്‌. പാളിച്ചകള്‍ ഉണ്ടാകാം.

എഴുതുവാന്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ അറിയാത്തതിന്റെ കുഴപ്പം ഉണ്ടാകാം ധാരാളം. അറിവു കുറവിന്റെതായ പോരായ്മകളും ഉണ്ടാകാം.

ഒക്കെ ക്ഷമിച്ച്‌ ഇതു വായിച്ച്‌ അഭിപ്രായം രേഖപ്പെടൂത്തും എന്നു കരുതി തല്‍ക്കാലത്തേക്ക്‌ നിര്‍ത്തുന്നു.

Saturday, October 11, 2008

വിക്കിയിലെ ഒരു വാചകം

വിക്കിയിലെ ഒരു വാചകം

"The discovery that waves have discrete energy packets (called quanta) that behave in a manner similar to particles led to the branch of physics that deals with atomic and subatomic systems which we today call quantum mechanics. "

മാങ്ങ പഴുക്കുന്ന ഉദാഹരണത്തിലെ, ഏറ്റവും അടുത്തടുത്ത രണ്ടു സമയതന്മാത്രകള്‍ക്കിടയിലുള്ള വസ്തുവിന്റെ അവസ്ഥയെ ഇതിനോടുപമിക്കുവാന്‍ സാധിക്കുമോ?

അതായത്‌ വസ്തു പരിണമിച്ച്‌ കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു അവസ്ഥയില്‍ നിന്നും വ്യത്യാസമുള്ള ഏറ്റവും അടുത്ത അവസ്ഥയില്‍ എത്തുന്നതിനെടുക്കുന്ന സമയം ഒരു സമയതന്മാത്ര. അങ്ങിനെ രണ്ടെണ്ണങ്ങള്‍ക്കിടയില്‍ കാണുന്ന ഒരു രൂപം എന്ന്‌.

പുലികളുടെ ശ്രദ്ധ ഇവിടെയ്ക്ക്‌ ക്ഷണിക്കുന്നു

Added Later
എന്റെ വാചകങ്ങള്‍ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ച ആശയം ശരിക്കും വെളിപ്പെടുത്തിയില്ലേ എന്ന്‌. അതുകൊണ്ട്‌ ഇതൊന്നുകൂടി വിശദമാക്കുവാന്‍ നോക്കട്ടെ.

ഉദാഹരണം കൊണ്ട്‌ വ്യക്തമാക്കുവാന്‍ ശ്രമിക്കാം.

ഓക്സിജന്‍ ഒരു അടിസ്ഥാന മൂലകം, ഹൈഡ്രജന്‍ മറ്റൊരു അടിസ്ഥാന മൂലകം.
ഈ ഓക്സിജന്‌ വെറുതേ - മറ്റൊരു ശക്തിയും അതില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍-ഇരുന്നാല്‍ എത്രനാള്‍ അതുപോലെ ഇരിക്കും? അതില്‍ പരിണാമം ഉണ്ടാകുമോ ഇല്ലയോ? അതായത്‌ അനന്തകാലം കഴിഞ്ഞു നോക്കിയാലും ആ ഓക്സിജന്‍ അതുപോലെ അവിടെ ഉണ്ടാകുമോ?

( ഞാന്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ പറഞ്ഞു പരിണാമം ഇന്ത ഉലഹത്തിലുള്ള എല്ലാറ്റിനും ബാധകം ആണെന്ന്‌)

ഹൈഡ്രജനും അതുപോലെ തന്നെ ആണോ?

ഇവയെ മറ്റേതെങ്കിലും ഒരു ശക്തി കൂട്ടിപ്പിടിപ്പിക്കുമ്പോള്‍ അവ ചേര്‍ന്ന്‌ ജലം ഉണ്ടാകുന്നു എന്ന്‌ രസതന്ത്രം.

അപ്പോള്‍ ഓക്സിജന്‍ ആയിരുന്ന അവസ്ഥയില്‍ നിന്നും ജലം ആകുവാന്‍ വേണ്ടി തന്റെ electron ഷെയര്‍ ചെയ്യുന്നതിന്‌ എത്ര കുറഞ്ഞതാണെങ്കിലും ഒരു സമയം ആവശ്യം ആണല്ലൊ. ഈ ഷെയര്‍ ചെയ്യുന്നതിനു മുമ്പും പിന്‍പും ഉള്ള ഓക്സിജനുകള്‍ ഒരേ propeties ഉള്ളതാണൊ?

(അല്ല എന്നു പറയേണ്ടി വരും - കാരണം ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന ജലത്തിന്‌ ഓക്സിജന്റെ പ്രൊപര്‍ട്ടീസ്‌ ഇല്ല)

ഇതേ ചോദ്യം തന്നെ ഹൈഡ്രജന്റെ കാര്യത്തിലും ചോദിക്കാം.

ഇനി ഇപ്പറഞ്ഞ ഉദാഹരണത്തിലെ ഓക്സിജന്‍ ഒരു ക്വാണ്ടം എന്നു പറയുവാന്‍ സാധിക്കുന്ന സാധനം ആണൊ?
ഇത്രയും ആരെങ്കിലും ഒന്നു വിശദമാക്കിത്തന്നാല്‍ കൊള്ളാം എന്നയിരുന്നു ഞാന്‍ ഉദ്ദേശിച്ചത്‌

Friday, October 10, 2008

പരിണാമത്തെ കുറിച്ച്‌

പരിണാമത്തെ കുറിച്ച്‌ ഒരു ചര്‍ച്ച കണ്ടു. അവിടേയ്ക്കു ബന്ധപ്പെടുത്താവുന്ന രീതിയില്‍ എനിക്കു തോന്നുന്ന ചില സംഗതികള്‍.
ഇതിവിടെ എഴുതുവാന്‍ കാരണം അതിനിടയ്ക്ക്‌ ഇസ്ലാം മതം കൂടി എവിടെ ഒക്കെയോ കൂടിക്കുഴഞ്ഞു കിടക്കുന്നു. എനിക്കതിനെ കുറിച്ച്‌ വലിയ പിടിപാടില്ല. അതുതന്നെ.

വീണ്ടും എനിക്കു തരാനുള്ള ഉദാഹരണം മുമ്പു കര്‍മ്മഫലം എന്ന പോസ്റ്റില്‍ പറഞ്ഞ മാങ്ങ പഴുക്കുന്ന ഉദാഹരണം.

നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയാവുന്ന ഏറ്റവും ചെറിയ കണം, അഥവാ ഒരു വസ്തു വിഭജിച്ചു ചെന്നാല്‍ വീണ്ടും വിഭജിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിപ്പെട്ട അവസാന കണം സങ്കല്‍പ്പിക്കുക.

(അങ്ങനെ ഒരു വസ്തു ഉണ്ടോ ഇല്ലയോ എന്ന ഒരു ചോദ്യം ഉണ്ട്‌ അതും അതിനുള്ള ഉത്തരവും ബ്രഹ്മസൂത്രത്തില്‍ വിശദമാക്കിയിട്ടും ഉണ്ട്‌ . വായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വായിച്ചു നോക്കുന്നത്‌ നന്നായിരിക്കും- രസകരമാണ്‌ ; ആ വിഷയം ഇവിടെ ഞാന്‍ പറയുന്നില്ല)

ആ കണം ആണ്‌ പരമാണു എന്ന പേരില്‍ വ്യവഹരിക്കാവുന്നത്‌ - പരമമായ അണു ഏറ്റവും ചെറുത്‌. അങ്ങനെ രണ്ടെണ്ണം കൂടി ഒരു ദ്വ്യണുകം - ഈ ക്രമത്തില്‍ വലിയ വസ്തുക്കളുണ്ടായി അങ്ങനെ ആണ്‌ പ്രപഞ്ചം എന്ന ദ്രവ്യം നിലനില്‍ക്കുന്നത്‌.

ഇപ്രകാരം, ഉണ്ടാകുന്ന എല്ലാ വസ്തുക്കളും ക്രമത്തില്‍ പാകം സംഭവിച്ച്‌ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ പറഞ്ഞതു പോലെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു.

ഈ പാകം എന്നത്‌ അനുനിമിഷം സംഭവിക്കുന്നു, അതുകൊണ്ടു തന്നെ ദ്രവ്യം എന്ന നിലയില്‍ യാതൊരു വസ്തുവും അടുത്തടുത്ത രണ്ടു നിമിഷങ്ങളില്‍ ഒരേ പോലെ ഇരിക്കുന്നില്ല

ഈ എഴുതിയത്‌ ഭാരതീയ ദര്‍ശനങ്ങളില്‍ പറയുന്ന വിവരം - വിരാട്‌പുരുഷന്‍ എന്നു വ്യവഹരിക്കപ്പെടുന്ന പ്രപഞ്ചസ്വരൂപം.

ദര്‍ശനങ്ങളില്‍ സേശ്വരദര്‍ശനങ്ങള്‍ ഇവയ്ക്കു മുകളില്‍ ഒരു ഈശ്വരനെ പ്രതിഷ്ഠിച്ചു - ഇതില്‍ നിന്നും വ്യത്യസ്ഥനായി.

ബുദ്ധന്‍ അതിനെ സമ്മതിച്ചില്ല. പകരം ഈ പാകങ്ങളുടെ ഇടയില്‍ ഓരോ സമയത്തും ഉള്ള ഇടക്കാല ദ്രവ്യങ്ങളേ സംഘാതം എന്നു പേരിട്ട്‌, അങ്ങനെയുള്ള സംഘാതങ്ങളുടെ ഒരു താല്‍ക്കാലിക നിലയാണ്‌ പ്രപഞ്ചം എന്നു സ്ഥാപിച്ചു.

കൃത്യമായി പറഞ്ഞാല്‍ കര്‍മ്മഫലം എന്ന പോസ്റ്റില്‍ രാജീവ്‌ ചേലനാട്ടിന്റെ കമന്റ്‌ പോലെ - ബോധം എന്നത്‌ Continuous അല്ല എന്ന്‌. ശരീരം നശിക്കുമ്പോള്‍ ബോധവും നശിക്കും എന്ന്‌

രണ്ടു അനുക്രമവസ്തുക്കള്‍ക്കുള്ളില്‍ അനുസ്യൂതമായ ബോധം വേണം എന്നു മനസ്സിലാക്കണം . ഇല്ലെങ്കില്‍ ചക്ക പഴുത്ത്‌ മാങ്ങയുണ്ടാകും എന്ന അവസ്ഥ വരും എന്നു മനസ്സിലാക്കണം . ചക്കയിലും മാങ്ങയിലും എല്ലാം അടങ്ങിയിട്ടുള്ള അടിസ്ഥാന മൂലകങ്ങള്‍ രസതത്രം പരയുന്ന കാര്‍ബണ്‍, നൈറ്റ്രജന്‍ തുടങ്ങിയവയാണെങ്കിലും അവ ഏതൊക്കെ വഴിയിലൂടെ ആണ്‌ ഓരോന്നിലും പോകേണ്ടത്‌ എന്ന വിവരം നിശ്ചയിച്ച്‌ ക്രോഡീകരിക്കുന്ന ആ ബോധം ഇല്ല എന്നു വാദിക്കുന്നവരോട്‌ ബാക്കി എന്തു പറയുവാന്‍. ആ ബോധം ഇടയ്ക്കു വച്ചു നിലയ്ക്കും എന്നു വാദിക്കുന്നവരോട്‌ ബാക്കി എന്തു പറയുവാന്‍?

അദ്വൈതം ഈ വിഷയത്തില്‍ ഇപ്പോള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നില്ല, കാരണം ഇവിടെ പരിണാമം എന്ന പോസ്റ്റാണല്ലൊ വിഷയം.

പരിണാമം എന്നത്‌ ഈ പാകപ്രക്രിയയെ കുറിച്ചാണെങ്കില്‍ അത്‌ വളരെ ലോജിക്കല്‍ ആയി മനസ്സിലാക്കാം.

അനില്‍ അറ്റ്‌ ബ്ലോഗ്‌ ആ പോസ്റ്റില്‍ ഒരു കമന്റ്‌ എഴുതിയത്‌ കണ്ടു.

ചെറിയ ചെറിയ ജനിതക മാറ്റങ്ങള്‍ ഒരു ജീവിയിലുണ്ടാകുന്നതും അവ, ജീവന്റെ നിലനില്‍പ്പിന്‌ തടസ്സമാകുന്നില്ലെങ്കില്‍- അതു നിലനില്‍ക്കുന്നതും മറ്റും . അത്‌ വിശദമായി അവിടെ വായിക്കുക.

വൈറസുകളെ പോലെയുള്ള ചെറിയ ജീവകണങ്ങളില്‍ കാണുന്ന ഒരു പ്രതിഭാസം ആണ്‌ "antigenic drift and antigenic shift" പ്രത്യേകിച്ചും influenza virus ല്‍ കണ്ടിട്ടുള്ളതാണ്‌.

അല്ലാതെ വലിയ ജന്തുക്കളില്‍ കാണാവുന്ന ഉദാഹരണങ്ങള്‍ - ഒന്ന്‌ മനുഷ്യനിലുണ്ടാകുന്ന Sickle Cell ഹീമോഗ്ലോബിന്‍ തകരാറുണ്ടെങ്കിലും മനുഷ്യന്‍ ജീവിക്കുന്നു, ആ തരം കോശങ്ങള്‍ Falciparum malaria ഉടെ ആക്രമണത്തില്‍ നിന്നും രക്ഷതരികയും ചെയ്യുന്നു. ഈ രോഗം, falciparum malaria യില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ശരീരം സ്വയം ഉണ്ടാക്കിയതാണൊ എന്നെനിക്കറിയില്ല, പക്ഷെ അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ അല്ല എന്നും പറയുവാന്‍ സാധിക്കില്ല.
കരണം Malaria Endemic area യില്‍ ഈ രോഗം സാധാരണ കാണുന്നുണ്ട്‌.

ഇപ്പറഞ്ഞതത്രയും മനുഷ്യ ലോജിക്കിനു നിരക്കുന്ന വസ്തുതകള്‍ ഇതുപോലെ മറ്റുദാഹരണങ്ങളും കണ്ടേക്കാം.

പക്ഷെ ഈ ചെറിയ വ്യത്യാസത്തിനു പകരം വലിയ വലിയ വ്യത്യാസങ്ങള്‍ വന്നാല്‍ ആ കോശം സാധാരണ നിലനില്‍ക്കാറില്ല അങ്ങു നശിച്ചു പോകുകയേ ഉള്ളു.

അതുകൊണ്ടു തന്നെ ചെറിയ ചെറിയ പലവ്യത്യാസങ്ങള്‍ വന്ന്‌ വലിയ ഒരു വ്യത്യാസമുള്ള ജന്തു ഉണ്ടായി എന്നു വിശ്വസിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌.

ഇവിടെ ഒരു ചോദ്യം വന്നേക്കാം sickling രോഗം ഉള്ളയാള്‍ക്ക്‌ അതേ പോലെ വേറൊന്ന്‌ പിന്നെ മറ്റൊന്ന്‌ അങ്ങനെ അങ്ങനെ അനേകായിരം കൊല്ലങ്ങള്‍ കൊണ്ട്‌ വന്നു കൂടേ?

പക്ഷെ ആ ഒരു രോഗം കൊണ്ടു തന്നെ അയാളുടെ ജീവിതം പലപ്പോഴും കാലം ചെല്ലാതെ അവസാനിക്കാം എന്നറിയുന്ന ആള്‍ അതുപോലെ ഒരു രണ്ട്‌ വ്യത്യാസം കൂടി കൊണ്ട്‌ എന്തു സംഭവിക്കാം എന്ന് മനസ്സിലാക്കും- ചുരുക്കത്തില്‍ പൂര്‍ണ്ണാരോഗ്യവാനല്ല ആ രോഗി, താല്‍ക്കാലികമായ ജീവന്‍ നിലനില്‍പ്പു മാത്രമേ അതുകൊണ്ട്‌ അയാള്‍ക്ക്‌ ലഭിച്ചുള്ളു എന്നു മനസ്സിലാക്കുക.

ഈ ചില കാരണങ്ങള്‍ കൊണ്ടാണ്‌ അജ്ഞാതന്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ എനിക്കും ഉള്ളത്‌.

എന്തുകൊണ്ട്‌ എന്ന വിശദീകരണം ഞാനും പ്രതീക്ഷിക്കുന്നു. ലളിതമായി അവനവന്‌ മനസ്സിലായ വിവരങ്ങള്‍ എഴുതി അറിയിക്കാമെങ്കില്‍ മതി അല്ലാതെ ലിങ്കുകള്‍ വേണ്ട

Wednesday, October 08, 2008

സ്വര്‍ഗ്ഗവും നരകവും

സ്വര്‍ഗ്ഗവും നരകവും

സ്വര്‍ഗ്ഗം ഭൂമിക്കു മുകളിലും നരകം ഭൂമിക്കു താഴെയും എന്നൊക്കൊരോ ധാരണകള്‍ നമ്മളില്‍ എങ്ങനെയോ കടന്നുകൂടിയിട്ടുണ്ട്‌, അഥവാ കടത്തികൂട്ടിയിട്ടുണ്ട്‌ അല്ലേ. നരകത്തില്‍ ആളുകളെ വറക്കും ,പൊരിക്കും അടിക്കും എന്നൊക്കെ. സ്വര്‍ഗ്ഗത്തില്‍ അപ്സരസ്സുകളുമായി നൃത്തം സുഖം എന്നൊക്കെ

എന്നാല്‍ ഈ കഥ കേട്ടിട്ടുണ്ടോ? ഉണ്ടാവും എന്നാലും കേള്‍ക്കാത്തവര്‍ക്കു വേണ്ടി പറയാം.

ഒരിക്കല്‍ അര്‍ജ്ജുനന്‍ കൃഷ്ണനോട്‌ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന സമയം. ഉച്ചഭക്ഷണത്തിനുള്ള സമയമായി. പെട്ടെന്നു കൃഷ്ണന്‍ ചോദിച്ചു
"അര്‍ജ്ജുനാ എന്റെ കൂടെ വരുന്നോ? സ്വര്‍ഗ്ഗവാസികള്‍ക്കും നരകവാസികള്‍ക്കും ഭക്ഷണം കൊടുക്കാനുള്ള സമയമായി."

അതുകേട്ടപ്പോള്‍ അര്‍ജ്ജുനന്‍ വാചാലനായി" ഹും നിങ്ങള്‍ അല്ലെങ്കിലും സവര്‍ണ്ണമൂരാച്ചിയാണ്‌. നിങ്ങള്‍ സ്വര്‍ഗ്ഗവാസികള്‍ക്ക്‌ വേണ്ടതെല്ലാം കൊടുക്കും . പാവം നരകവാസികള്‍. അവരെ ആരു നോക്കാന്‍. അവര്‍ ഭൂമിയില്‍ മനുഷ്യരായി ജീവിച്ചിരുന്നപ്പോല്‍ പാവങ്ങള്‍ വല്ല പിഞ്ചുകുഞ്ഞുങ്ങളെയും ഭോഗിച്ചു കൊന്നുകാണും സ്വാഭാവികം, അല്ലെങ്കില്‍ ഒറ്റയ്ക്കുപോകുന സ്ത്രീകളെയും മറ്റും മാനഭംഗപ്പെടുത്തുകയോ , ഒറ്റയ്ക്കു താമസികുന്ന വൃദ്ധജനങ്ങളെ കൊന്ന്‌ അവരുടെ മുതല്‍ മോഷ്ടിക്കുകയോ ഒക്കെ ചെയ്തു കാണും , വളരെ നല്ല കാര്യം സ്വാഭാവിക, അല്ലേ
അല്ലെങ്കില്‍ ഒറ്റയ്ക്കു പോകുന്ന ഒരു സ്ത്രീയുടേ മുതല്‍ പിടിച്ചുപറിക്കുവാന്‍ ശ്രമിക്കുന്ന കള്ളനെ തടയുവാന്‍ ശ്രമിക്കുന്ന ഒരു കാഴ്ച്ചക്കാരനെ കുത്തിമലര്‍ത്തിക്കാണും =

ഹല്ലേ, കള്ളനെ തടയുവാന്‍ ശ്രമിക്കുകേ ? അതു പോലീസിന്റെ ജോലിയല്ലേ അവന്‍ എന്തിനു നിയമം കയ്യിലെടൂത്തു അവന്‍ നേരെ പോലീസില്‍ പോയി പരാതി എഴുതികൊടുത്തിട്ട്‌ പിന്നെ കോടതി കയറിയിറങ്ങി സ്വാഭാവികമായി സാക്ഷി പറഞ്ഞുകൊണ്ടു നടക്കുകയല്ലേ വേണ്ടിയിരുന്നത്‌?
ഇതൊന്നും ബ്ലോഗില്‍ കണ്ടതോ വായിച്ചതോ ഒന്നും കൊണ്ടെഴുതിയതല്ല കേട്ടോ. അങ്ങനെ ആരും തെറ്റിദ്ധരിക്കല്ലേ

അങ്ങനെ അങ്ങനെ അര്‍ജ്ജുനന്‍ കൃഷ്ണാട്‌ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നത്‌ ക്രൂരതയാണ്‌. എല്ലാവരെയും എപ്പോഴും ഒരുപോലെ കാണണം, ഒരേ പോലെ ഉള്ള സൗകര്യങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കണം.

കൃഷ്ണന്‍ മറുപടി ഒന്നും കൊടുത്തില്ല . പകരം പറഞ്ഞു- "അര്‍ജ്ജുനന്‍ എന്റെ കൂടെ വാ"

രണ്ടു പേരും കൂടി പുറപ്പെട്ടു. ഭക്ഷണം പാകം ചെയ്ത്‌ പാക്കു ചെയ്യുന്ന സ്ഥലത്തെത്തി. നല്ല വിഭവസമൃദ്ധമായ ഭക്ഷണം ഓരോറോ പൊതികളിലായി പാക്കു ചെയ്യുന്നു. പൊതികളെല്ലാം ഒരു വലിയ പെട്ടിയിലാക്കി വിമാനത്തില്‍ വച്ചു.

( വിമാനമില്ലെന്നു വിശ്വസിക്കുന്നവര്‍, അവരവര്‍ക്കിഷ്ടമുള്ള വാഹനത്തില്‍ വച്ചു എന്നു മാത്രം മനസ്സിലാക്കുക. കഥയാണ്‌ കഥയില്‍ ചോദ്യമില്ല :)
രണ്ടു പെട്ടികള്‍ കണ്ട്‌ അര്‍ജ്ജുനന്‍ ചോദിച്ചു.

"ഹോ സ്വര്‍ഗ്ഗത്തിലേക്കുള്ള ആഹാരം ആയി. ഇനി നരകത്തിലേക്ക്‌ നിങ്ങള്‍ എന്തൊക്കെ ചവറുകളാണൊ കൊടുക്കുവാന്‍ പോകുന്നത്‌?"

പിന്നെയും കൃഷ്ണന്‍ ഒന്നും മിണ്ടിയില്ല.

വിമാനം പറന്നു. നരകത്തിന്റെ മുകളില്‍ എത്തി. നരകവാസികളെല്ലാ കൂടി നില്‍പ്പുണ്ട്‌. ആഹാരം വരുന്ന സമയമായി എന്നവര്‍ക്കറിയാം. അര്‍ജ്ജുനന്‍ ചോദിച്ചു ഇതാണോ നരകം? കഥയില്‍ കേട്ടതുപോലൊന്നുമല്ലല്ലൊ. ഇത്ര നല്ല ഉദ്യാനങ്ങളും, കൊട്ടാരങ്ങളും എന്നു വേണ്ട എല്ലാ സുഖസൗകര്യങ്ങളും വച്ചാണൊ നരകം ഉണ്ടാക്കിയിരിക്കുന്നത്‌?

കൃഷ്ണന്‍ പതുക്കെ പറഞ്ഞു " അര്‍ജ്ജുനാ സ്വര്‍ഗ്ഗവും നരകവും ഒക്കെ അവനവന്‍ ഉണ്ടാക്കുന്നതല്ലേ അല്ലാതെ ഞാനാണോ ഉണ്ടാക്കുന്നത്‌?"

കൃഷ്ണന്‍ പെട്ടി എടുത്ത്‌ ഓരോരോ പൊതികളായി താഴേക്കിടുന്നു. ആക്യുള്ള ആളുകളുടെ എണ്ണത്തിനൊപ്പം പൊതികള്‍ ഇട്ടുകഴിഞ്ഞു.

ഒരുത്തന്റെ കയ്യില്‍ ഒരു പൊതികിട്ടി, അടുത്തവന്‍ അതിനു പിടിയായി വലിയായി ഉന്തായി തള്ളായി. പൊതികള്‍ ഓരോന്നായി താഴേക്കു വീഴുന്നു.

താഴെകാണുന്ന കാഴ്ച്ച - തെരുവില്‍ നായ്ക്കള്‍ കടിപിടി കൂടില്ലേ? അതു തന്നെ. എല്ലവരും കൂടി കടിച്ചുപറിച്ച്‌ ആഹാരമെല്ലാം നശിപ്പിച്ച്‌ കുറെ പേര്‍ തിന്നും നിലത്തു നിന്നു വാരിയും -- വിശദീകരിക്കാതെ തന്നെ മനസ്സിലായിക്കാണുമല്ലൊ.

അര്‍ജ്ജുനന്‍ വീണ്ടും തുടങ്ങി"ഹേയ്‌ ഇതു ശരിയല്ല . നിങ്ങള്‍ പോലീസ്നെ നിര്‍ത്തി വരിവരിയായി ഓരോരുത്തരെ വരുത്തി ആഹാരം കൊടുക്കേണ്ടതായിരുന്നു.. തെറ്റ്‌ നിങ്ങളുടെതാണ്‌ നിങ്ങളുടെ മാത്രമാണ്‌. പാവം നരകവാസികള്‍ സിന്ദാബാദ്‌ മൂരാച്ചി സവര്‍ണ്ണ കൃഷ്ണന്‍ മുര്‍ദാബാദ്‌"

കൃഷ്ണന്‍ വീണ്ടും ഒന്നും മിണ്ടുന്നില്ല. വിമാനം യാത്ര തുടര്‍ന്നു.
സ്വര്‍ഗ്ഗത്തിനു മുകളിലെത്തി. അവിടെയും ആളുകള്‍ കൂടിനില്‍ക്കുന്നു. അര്‍ജ്ജുനന്‍ ശബ്ദമുയര്‍ത്തി-

"കൃഷ്ണാ വേണ്ടാ വഴക്കുണ്ടാക്കിക്കണ്ടാ ഞാന്‍ ഗാണ്ഡീവവും എടുത്ത്‌ വരാം. എന്നിട്ട്‌ നമുക്ക്‌ അത്‌ ഓരോരുത്തര്‍ക്കായി കൊടൂക്കാം"

എവിടെ ? കൃഷ്ണന്‍ ഒന്നും കേള്‍ക്കുന്നില്ല. പൊതികള്‍ ഓരോന്നായി താഴേക്കിടുന്നു.

പക്ഷെ അര്‍ജ്ജുനന്‍ നോക്കിയിട്ട്‌ കുഴപ്പമൊന്നും കാണുന്നില്ല. എന്താ ബഹളം ഉണ്ടാകാത്തത്‌?

അപ്പോഴല്ലെ കാണുന്ന കാഴ്ച്ച. പഴയതുപോലെ തന്നെ . പൊതി ആദ്യം ഒരുത്തന്റെ കയ്യില്‍ കിട്ടി. അവന്‍ അത്‌ അടുത്തു നിന്നവന്റെ കയ്യില്‍ കൊടുക്കുന്നു , അവന്‍ അത്‌ അടുത്തയാളിലേക്ക്‌ അങ്ങനെ ഏറ്റവും ദൂരെ നില്‍ക്കുന്ന ആളിന്റെ കയ്യില്‍ എത്തുന്നു. അടുത്ത പൊതി വീഴുന്നു അതും ഇതുപോലെ തന്നെ. പകര്‍ന്നു പകര്‍ന്ന്‌ എല്ലാവരുടെയും കൈകളില്‍ പൊതികള്‍ ആയിക്കഴിഞ്ഞപ്പോള്‍ എല്ലാവറും കൂടി വൃത്തത്തില്‍ ഇരുന്ന്‌ സന്തോഷമായി ഒന്നിച്ച്‌ കഴിക്കുന്നു.

Saturday, September 27, 2008

കര്‍മ്മഫലം

ആത്യന്തികമായ ആത്മതത്വത്തെ കുറിയ്ക്കുന്ന ഭാഗത്ത്‌ ദര്‍ശനങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും, നിലനില്‍ക്കുന്ന , നാം ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കുന്ന ജഗത്തിനെ പറ്റിയുള്ള വിവരണം വലിയ വ്യത്യാസമില്ല.

ആദ്യം ഒരു ദ്രവ്യം എന്ന അവസ്ഥയിലുള്ള , ഇന്ദ്രിയവേദ്യമായ ഒരു വസ്തു ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും? അല്ലെങ്കില്‍ ആയിരിക്കാം?

ഇന്ദ്രിയവേദ്യമായ രൂപമാണ്‌ ഒരു വസ്തുവിന്റെ ശരീരം

ഏതൊരു വസ്തുവും അനുസ്യൂതമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഒരു ഉദാഹരണം എഴുതിയിരുന്നു.

പച്ച മാങ്ങ കുറച്ചു ദിവസം വച്ചിരുന്നാല്‍ അത്‌ ക്രമേണ പഴുത്ത്‌ പഴുത്ത മാങ്ങയാകുന്നു. പുളിയുള്ള പച്ച നിറമുള്ള കടൂത്ത ദ്രവ്യം മധുരമുള്ള മഞ്ഞ നിറമുള്ള, മൃദുവായ ഒരു ദ്രവ്യമാകുന്നു.

ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ നോക്കിയാല്‍ മങ്ങയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയമല്ല - അവ നമുക്ക്‌ മനസ്സിലാകുന്നില്ല , എന്നാല്‍ സമയദൈര്‍ഘ്യം കൂടുന്നതിനനുസ്സരിച്ച്‌ വ്യത്യാസം മനസ്സിലാക്കത്തക്കവണ്ണം വെളിപ്പെടുന്നു.

ഇതിനര്‍ത്ഥം പരിണാമം എന്നത്‌ സൂഷ്മരൂപത്തില്‍ അനുനിമിഷം നടക്കുന്നു എന്നല്ലേ?

(ശരീരം എന്ന വാക്കിന്റെ നിഷ്പത്തി - "ശീര്യതെ ഇതി ശരീരം " = നശിക്കുന്നത്‌ ശരീരം- അനുനിമിഷം നശിക്കുന്നത്‌ എന്നര്‍ത്ഥം)

അതായത്‌ ഒരു നിമിഷത്തില്‍ നാം മനസ്സിലാക്കുന്ന വസ്തു അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുന്‍പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ?

ക്രമമായി ഇങ്ങനെ പരിണാമം നടക്കുന്നതു കൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌ - അല്ലെങ്കില്‍ അതു പച്ചയായി തന്നെ ഇരുന്നേനേ അല്ലേ?

ഇതെ തത്വം തന്നെയാണ്‌ ഞാന്‍ സ്രോതസ്സിനെ കുറിച്ചെഴുതിയപ്പോഴും പറഞ്ഞത്‌. ഇതൊരു അനുസ്യൂതമായ ഒഴുക്കാണ്‌.

ഇനി ഈ ഒഴുക്കിന്റെ നിയന്താവ്‌ ആരാണ്‌?

അതായത്‌ ഈ ഒഴുക്കിനെ നിയന്ത്രിക്കുന്ന എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ?

ഉണ്ടായിരിക്കണം.

ഇല്ലെങ്കിലോ?

മാങ്ങ പഴുക്കുമ്പോള്‍ പഴുത്ത ചക്ക ഉണ്ടായേക്കാം. അങ്ങനെ എന്തു കൊണ്ട്‌ സംഭവിക്കുന്നില്ല?

അതായത്‌ സധാരണഗതിയില്‍ ഒരു മാങ്ങ വച്ചിരുന്നാല്‍ അത്‌ ഇത്ര ദിവസത്തിനുള്ളില്‍ പഴുത്ത്‌ പഴുത്ത മാങ്ങയാകും എന്ന ഒരു നിയമം ഏതു മാങ്ങയ്ക്കും ഉണ്ട്‌. സാഹചര്യം അനുസരിച്ച്‌ അതിന്‌ അല്‍പസ്വല്‍പം വ്യത്യാസം വരാം

ഉദാഹരണത്തിന്‌ വയ്ക്കോല്‍ കൂട്ടി അതിനകത്തു വച്ചാലോ പുകച്ചാലോ പെട്ടെന്നു പഴുക്കും, ഫ്രിഡ്ജില്‍ വച്ചാല്‍ താമസിച്ചേ പഴുക്കൂ ഇത്യാദി - എന്നല്ലാതെ ഒരിക്കലും മാങ്ങ പഴുത്താല്‍ തേങ്ങയോ ചക്കയോ ഒന്നും ആവുകയില്ല. അത്‌ നിയമം ആണ്‌.

ഈ നിയമം മാങ്ങയ്ക്കു മാത്രമേ ഉള്ളോ?

അല്ല പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും ബാധകം ആണ്‌.

അപ്പോള്‍ പരിണാമം നിശ്ചിതം ആണ്‌. അതിന്റെ നിയമങ്ങളും നിശ്ചിതമാണ്‌ - സാഹചര്യത്തിന്‌ പങ്കുണ്ടെന്നു മാത്രം.

ആ നിശ്ചിതമായ പരിണാമത്തെ നമുക്ക്‌ നിയന്ത്രിക്കുവാന്‍ നമ്മുടെ കയ്യിലുള്ള ഒരേ ഒരായുധം ആണ്‌ നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുക്‌ ഏന്നത്‌ - ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന്‌ പൂര്‍വികര്‍ പറഞ്ഞു.

ആ വാക്കാണ്‌ കര്‍മ്മഫലം

ഭാരതീയദര്‍ശനങ്ങള്‍

ഈ പ്രപഞ്ചത്തിനെ കുറിച്ചറിയുവാന്‍ നമ്മുടെ പൂര്‍വികര്‍ ശ്രമിച്ചതിന്റെ ഫലം ആണ്‌ ദര്‍ശനങ്ങള്‍ - ഭാരതീയദര്‍ശനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത്‌ എന്നതിനു തീരുമാനമാകാത്തതു പോലെ ഏറ്റവും ആദി എന്തായിരുന്നു എന്നത്‌ തീരുമാനത്തിലെത്തുവാന്‍ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌ ആദി എന്നത്‌ എന്തോ ഉള്ള ഒന്ന്‌ എന്നു സങ്കല്‍പ്പിച്ചു.

അതില്‍ നിന്നാണ്‌ ഈക്കാണുന്ന പ്രപഞ്ചം മുഴുവനും ഉരുത്തിരിഞ്ഞത്‌

ഈ ഉള്ള ഒരു എന്തോ ഒന്ന്‌ വസ്തു (ദ്രവ്യം = matter) ആണോ, അല്ലയോ എന്നതില്‍ ആണ്‌ ആദ്യം ഉണ്ടായ തര്‍ക്കങ്ങള്‍.

ഈ ഉള്ള ഒരു വസ്തുവിന്‌ 'അവ്യക്തം' എന്നു പേരിട്ടു ചിലര്‍. നിര്‍വചിക്കുവാന്‍ സാധിക്കാത്തത്‌ എന്നര്‍ത്ഥത്തില്‍ അത്‌ സാംഗത്യമുള്ളതായി കരുതി. അത്‌ ഉണ്ടാകുവാന്‍ മറ്റ്‌ യാതൊരു കാരണവും ആവശ്യമില്ല കാര്യവും കാരണവും എല്ലാം അതു തന്നെ അത്രെ.

"സര്‍വഭൂതാനാം കാരണം അകാരണം ---" എന്നു തുടങ്ങുന്ന പാഠഭാഗം (സുശ്രുതം ശാരീരസ്ഥാനം സര്‍വഭൂതചിന്താശാരീരം) പറയുന്നു സര്‍വഭൂതാനാം = എല്ലാ ഭൂതങ്ങളൂടെയും
കാരണം = പ്രഭവസ്ഥാനം
അകാരണം = കാരണങ്ങളില്‍ നിന്നുണ്ടായതല്ല , അത്‌ ഉള്ളവസ്തു ആണ്‌.

പിന്നീട്‌ ഈ ഉരുത്തിരിയല്‍, തന്നെ ഉണ്ടായോ അതോ ആരെങ്കിലും ഉരുത്തിരിച്ചോ എന്ന തര്‍ക്കങ്ങള്‍.

കുശവന്‍ മണ്ണൂപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ ആരെങ്കിലും ഒരാള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചാലേ ഏതൊരു വസ്തുവിനും മറ്റൊന്നാകുവാന്‍ കഴിയൂ - എന്നു വാദിക്കുന്നവ സേശ്വര ദര്‍ശനങ്ങള്‍. അവര്‍ സര്‍വശക്തനായ ഒരു ഈശ്വരനെ സങ്കല്‍പ്പിക്കുന്നു അദ്ദേഹം മേല്‍പറഞ്ഞ വസ്തു ഉപയോഗിച്ച്‌ പ്രപഞ്ചം ഉണ്ടാക്കുന്നു.

ന്യായ വൈശേഷികദര്‍ശനങ്ങളും പൂര്‍വമീമാംസയും ഇക്കൂട്ടത്തില്‍ പെടുന്നു. (സേശ്വരദര്‍ശങ്ങളുടെ കൂട്ടത്തിലാണ്‌ ചിലര്‍ സാംഖ്യയോഗങ്ങളെയും കൂട്ടുന്നത്‌. എനിക്ക്‌ അതില്‍ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട്‌ ഇങ്ങനെ എഴുതി)


മുമ്പു പറഞ്ഞ എല്ലാവരും വേദവാക്യങ്ങളെ ആയിരുന്നു തങ്ങള്‍ക്കിഷ്ടമുള്ളരീതിയി വ്യാഖ്യാനിച്ച്‌ പ്രപഞ്ചസ്രഷ്ടാവായി ഒരു ഈശ്വരനെ പ്രതിഷ്ഠിച്ചത്‌. അപ്പോള്‍ അവ്യക്തം എന്ന ഒരു വസ്തുവിനെ ഈശ്വരന്‍ എവിടെയോ ഇരുന്ന്‌ നിയന്ത്രിക്കുന്നു എന്നു വരുത്തി.

എന്നാല്‍ ശ്രീശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തിനു ഭാഷ്യമെഴുതിയതോടു കൂടി ഇവയുടെ ഒക്കെ അലകും പിടിയും വേര്‍തിരിച്ചു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങിയതാണ്‌ അല്ലാതെ വേറേ ഒരു ഈശ്വരനില്ല, അറിവ്‌ അഥവാ ബോധം എന്ന ആ "വസ്തു" അതു തന്നെയാണ്‌ നാം എല്ലാവര്‍ക്കും ഉള്ളിലുള്ളത്‌. അതു നാം അറിയുന്നില്ല എന്നേ ഉള്ളു, അതിനെ അറിയുവാന്‍ ശ്രമിക്കുക,അതായിത്തീരാനും നമുക്കു സാധിക്കും എന്നുദ്ഘോഷിക്കുന്ന അദ്വൈതസിദ്ധാന്തം അദ്ദേഹം കൊണ്ടു വന്നു.

സ്വാര്‍ത്ഥബുദ്ധിയില്ലാത്ത ശ്രേഷ്ഠവ്യക്തികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌.അന്നു നിലവിലുണ്ടായിരുന്ന രീതിയ്ക്കനുസരിച്ച്‌ ശങ്കരാചാര്യര്‍ക്ക്‌ വേണമെങ്കില്‍ തന്റെപേരില്‍ ഒരു പുതിയ മതം തുടങ്ങി അതിന്റെ മേലാളായി വിലസാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശം അതലായിരുന്നു, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുക എന്നതു മാത്രമായിരുന്നു.

Friday, September 26, 2008

ജഡഭരതന്‍ ഭാരതം എന്ന പേരു

കമന്റ്‌ സ്വല്‍പം വലുതായതു കൊണ്ട്‌ ഒരു പോസ്റ്റാക്കുന്നു

ജഡഭരതന്‍ എന്ന ഒരു കഥാപാത്രത്തിന്റെ കഥയുണ്ട്‌.

ഒരു ബ്രാഹ്മണന്‌ ജനിച്ച നാലു മക്കളില്‍ നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു മുനിയെ പോലെ ജീവിയ്ക്കുന്ന ഒരുവന്‍.

ആഹാരം കൊടുത്താല്‍ കഴിക്കും . കൊടുത്തില്ലെങ്കില്‍ ചോദിയ്ക്കുക പോലും ഇല്ല .

എല്ലാ ജോലികളും ചെയ്യും യാതൊരു പരാതിയും ഇല്ല എന്നല്ല മൗനത്തിലായിരിക്കും എല്ലായ്പ്പോഴും.

യാതൊരു കാര്യവും ആവശ്യപ്പെടുകയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കര്യം.

ഒരിക്കല്‍ അദ്ദേഹം വഴിവക്കില്‍ ഇരിക്കുന്നു.


ആ ദേശത്തെ രാജാവ്‌ ഗുരുവിനെ തേടിയുള്ള യാത്രയില്‍ കപിലന്റെ അടുത്തു പോകുന്ന സമയത്ത്‌

രാജാവിന്റെ പല്ലക്കു ചുമക്കുവാന്‍ ആളു കുറവായതിനാല്‍ ആരോ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടു വന്നു.

മറ്റു മൂന്നു പേരും സാധാരണ പല്ലക്കു ചുമട്ടുകാര്‍.

ജഡഭരതന്‍ നടക്കുമ്പോള്‍ വഴിയിലിള്ള ഉറുമ്പു പോലെയുള്ള ജന്തുക്കള്‍ക്കു പോലും തന്റെ പാദസ്പര്‍ശത്താല്‍ അപകടം വരാതെ ഇരിക്കുവാന്‍ നോക്കിയും ചാടിച്ചാടിയും ആണ്‌ നടന്നിരുന്നത്‌. അതിനാല്‍ പല്ലക്കിലിരുന്ന രാജാവിന്‌ ദേഷ്യം വരികയും നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കുന്നുണ്ട്‌" എന്ന പോലെയുള്ള ചില " വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു.

ഇതുകേട്ട ജഡഭരതന്‍ തന്നെ എന്നു വച്ചാല്‍ തന്റെ ശരീരത്തെയാണോ , അതോ ആത്മാവിനെയാണോ മര്യാദ പഠിപ്പിക്കുന്നത്‌ എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിച്ചു.

തുടര്‍ന്ന്‌ രാജാവും ഇദ്ദേഹവും തമ്മില്‍ നടന്ന വാഗ്വാദത്തില്‍ നിന്നും ഇദ്ദേഹം അസാമാന്യജ്ഞാനിയായ ഒരു വ്യക്തിയാണെന്നു മനസ്സിലായി
തുടര്‍ന്ന്‌ ഗുരുവായി ഇദ്ദേഹം മതി , താന്‍ ഇനി കപിലന്റെ അടുത്ത്‌ പോകുന്നില്ല എന്നു തീരുമാനിച്ച്‌ അദ്ദേഹം പല്ലക്കില്‍ നിന്നിറങ്ങി ജഡഭരതന്റെ പാദത്തില്‍ വീണു വണങ്ങി.

അപ്പോള്‍ ജഡഭരതന്‍ പറയുന്നുണ്ട്‌ രണ്ടു ജന്മങ്ങള്‍ക്കു മുമ്പ്‌ പതിനായിരത്തില്‍ പരം വര്‍ഷങ്ങള്‍ അജനാഭവര്‍ഷം ഭരിച്ച ഭരതനാണ്‌ താന്‍ എന്നും തന്റെ ഭരണം നിമിത്തമാണ്‌ അജനാഭവര്‍ഷത്തിന്‌ ഭാരതം എന്ന പേരു ലഭിച്ചതെന്നും. ഈ കഥ ഭാഗവതം മൂലത്തിലുണ്ട്‌. (ഇവിടെ ഒരു തത്വം കൂടി കാണിക്കുന്നു - ഗംഭീരനായി ഭാരതം ഭരിച്ച രാജാവായിട്ടും ഭാവിയില്‍ പല്ലക്കു ചിമക്കേണ്ടി വരുന്ന അവസ്ഥ)

ആ ഭരതന്‍ ഋഷഭന്റെ പുത്രനാണ്‌.

എന്നാല്‍ ശകുന്തളയുടെ പുത്രനായ ഭരതന്‍ ഭരിച്ചതുകൊണ്ടാണെന്ന്‌ വേറൊരു മതവും ഉണ്ട്‌.

Wednesday, September 24, 2008

ആധ്യാത്മികചിന്ത

വിശ്വാമിത്രന്റെ കഥ വായിച്ചു കഴിഞ്ഞു എങ്കില്‍ എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്‌.

ആധ്യാത്മികചിന്ത കൊണ്ട്‌ എന്താണ്‌ നേടുവാനുദ്ദേശിക്കുന്നത്‌ അതിന്റെ പൂര്‍ണ്ണഫലമാണ്‌ വിശ്വാമിത്രന്‍ എന്ന ബ്രാഹ്മണന്‍.

ഭൗതികസുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാമധേനുവിനു പിന്നാലെ പോയ വിശ്വാമിത്രന്‍ ശക്തിയുടെയും കാമത്തിന്റെയും ക്രോധത്തിന്റെയും എല്ലാം പരമമായ അവസ്ഥകള്‍ അനുഭവിച്ചുകഴിഞ്ഞു.

എന്നാല്‍ അതൊന്നും ശാശ്വതമായ സുഖം നല്‍കുന്നവയല്ലെന്നും, അതിനും മുകളില്‍ മറ്റ്‌ എന്തോ ഉണ്ടെന്നും മനസ്സിലായവനാണ്‌ വിശ്വാമിത്രന്‍.

ഭൂമിയില്‍ ജനിക്കുന്ന ഓരോ മനുഷ്യനും കടന്നു പോകുന്ന ഓരോ അവസ്ഥകള്‍ തന്നെയാണ്‌ ഈ കഥയില്‍ കൂടിവരച്ചു കാട്ടുന്നതും.

പക്ഷെ മറ്റു ജന്തുക്കളില്‍ നിന്നും വ്യത്യസ്ഥമായി വിശേഷബുദ്ധി ഒന്നുള്ളതിനാല്‍, മനുഷ്യന്‌ വേണമെങ്കില്‍ മറ്റുള്ളവരുടെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌, ഇതിലെ ചില അവസ്ഥകള്‍ അനുഭവിക്കാതെ ഒഴിവാക്കുവാന്‍ സാധിക്കും.

അത്‌ അവനവന്റെ ചിന്താശക്തിക്കനുസരിച്ചിരിക്കും.

സുഖം എന്നത്‌ ഓരോരുത്തരെയും സംബന്ധിച്ച്‌ വ്യത്യസ്ഥ നിര്‍വചനങ്ങള്‍ ഉള്ളതാണ്‌.

ഞാന്‍ ആദ്യം എഴുതിയ മതം മനുഷ്യന്‌ വേണം വേണ്ടാ എന്ന ലേഖനത്തില്‍ പറഞ്ഞതു പോലെ അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കാത്തവന്‌ പ്രധാനം അവ തന്നെയാണ്‌.

അതിലെ പടികള്‍ ഓരോന്നും കടന്നവന്‌ വേണമെങ്കില്‍ ഇപ്രകാരം ചിന്തിക്കാം.

അഥവാ വിശ്വാമിത്രന്‍ ചെയ്തു എന്നു പറഞ്ഞതു പോലെ ആഹാരം ഉപേക്ഷിക്കുവാനുള്ള കരുത്ത്‌, ശ്വാസം ഉപേക്ഷിക്കുവാനുള്ള കഴിവ്‌ - (ഇവയെ ഇച്ഛാശക്തി എന്നര്‍ത്ഥത്തില്‍ മനസ്സിലാക്കുക.) ഇവയുള്ളവര്‍ക്ക്‌ തന്റെ ലക്ഷ്യം ഇന്നതാണെന്ന്‌ മനസ്സിലായാല്‍ അതിലേക്ക്‌ സ്വയം നേരത്തെ തന്നെ പോകാം.

താന്‍ പാരണ വീടുവാന്‍ വച്ച ആഹാരം , കഴിക്കുന്നതിനു തുടങ്ങുമ്പോള്‍ ദേവേന്ദ്രന്‍ വന്ന്‌ അതു യാചിക്കുന്നു. ഒട്ടും മടിക്കാതെ ആ ആഹാരം വിശ്വാമിത്രന്‍ ദേവേന്ദ്രനു നല്‍കുന്നു. - തുടര്‍ന്ന്‌ ശ്വാസനിരോധത്തോടുകൂടി വിശ്വാമിത്രന്‍ തപസ്സു തുടരുന്നു.

തന്റെ ജീവനെ പുല്ലുപോലെയേ വിലവയ്ക്കുന്നുള്ളു ആ അവസ്ഥയില്‍.

മൃഗങ്ങളുടെ നിലവാരത്തില്‍ നിന്നും ഉയര്‍ന്ന്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടി ഉള്ളതാണ്‌ തത്വശാസ്ത്രം.


"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

ഈ ലോകത്തിലെ സമസ്ത ചരാചരങ്ങളും സുഖമുള്ളവയായി ഭവിക്കട്ടെ എന്ന് ഉദ്ഘോഷിക്കുന്ന ഒരു തത്വശാസ്ത്രം പറഞ്ഞ ഈ കഥ കേട്ടു കഴിഞ്ഞാല്‍ -

ഞാന്‍ മുമ്പ്‌ http://indiaheritage.blogspot.com/2007/12/basic-principles-of-ayurveda.html എഴുതിയ ""Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace. "

ഈ വാചകത്തിന്റെ അര്‍ത്ഥം ചിലപ്പോള്‍ മനസ്സിലാകും.


ഹൈന്ദവധര്‍മ്മം എന്താണെന്ന് ചോദിച്ചാല്‍ ഇത്രയേ ഉള്ളു.

ഭര്‍തൃഹരിയുടെ ഒരുശ്ലോകമുണ്ട്‌

അതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്‌ " മജ്ജയില്ലാത്ത ഉണങ്ങിയ നാറുന്ന, ഒരു കഴുതയുടെ എല്ലിന്‍ കഷണം കടിച്ചുവലിക്കുന്ന നായ, തന്റെ അരികില്‍ കൂടി ദേവേന്ദ്രന്‍ എങ്ങാനും പോകുന്നതുകണ്ടാല്‍ , ദേവേന്ദ്രന്‍ ആ ഏല്ലിന്‍ കഷണം തന്റെ കയ്യില്‍ നിന്നും പിടിച്ചുപറിയ്ക്കുവാന്‍ വന്നതാണൊ എന്നു ശങ്കിച്ച്‌ മുറുമുറുക്കും എന്ന്‌."



അതു മനസ്സിലാക്കാതെ രണ്ടു കൂട്ടര്‍ തമ്മില്‍ തല്ലുന്നതാണ്‌ ഇന്നു കാണുന്നത്‌ - ഒരു കൂട്ടര്‍ തങ്ങള്‍ വിശ്വസിക്കുന്ന ചില അബദ്ധങ്ങള്‍ ഹൈന്ദവതയാണെന്നു പറഞ്ഞു പരത്തുന്നു.

മറ്റൊരു കൂട്ടര്‍ അതെന്താണെന്നു പഠിച്ച്‌ തിരുത്തുവാന്‍ ശ്രമിക്കാതെ, എതിര്‍ത്ത്‌ രംഗം വഷളാക്കുന്നു. എതിര്‍ക്കും തോറും രംഗം വഷളാവുകയേ ഉള്ളൂ. കാരണം രണ്ടു കൂട്ടരും പിടിച്ച മുയലുകള്‍ക്ക്‌ കൊമ്പ്‌ ഒരുപാടാണ്‌.

Friday, September 19, 2008

വിശ്വാമിത്ര കഥ തുടരുന്നു- ബ്രാഹ്മണ്യപ്രാപ്തി

രംഭയെ വിളിച്ച്‌ ദേവേന്ദ്രന്‍ ഇപ്രകാരം പറഞ്ഞു.
"സുരകാര്യമിദം രംഭേ കര്‍ത്തവ്യം സുമഹത്‌ ത്വയാ
ലോഭനം കൗശികസ്യേഹ കാമമോഹസമന്വിതം"

അതേ വിശ്വാമിത്രനെ പ്രലോഭിപ്പിച്ച്‌ കാമത്തിനും മോഹത്തിനും വശംവദനാക്കുക. ഇതാണ്‌ നീ ചെയ്യേണ്ടത്‌.
എന്നാല്‍ രംഭ വിശ്വാമിത്രന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലയായി, അങ്ങോട്ടു പോകാന്‍ വിസമ്മതിച്ചു.
പക്ഷെ ദേവെന്ദ്രന്‍ സമാധാനിപ്പിച്ചു. നീ ഒട്ടും ഭയക്കേണ്ട ഞാനും കാമദേവനും മറ്റ്‌ മരുത്‌ ഗണങ്ങളും നിന്നെ അനുഗമിക്കാം. വസന്തകാലം വരികയും കുയിലുകള്‍ കളകളാരവം പൊഴിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അവിടെ എത്തിയിരിക്കും നീ ഭയക്കാതെ പൊയ്ക്കൊള്ളൂ.

രംഭ പോയി. വസന്തകാലം വന്നു, കുയിലുകളുടെ കൂജനം കൊണ്ട്‌ ആ പ്രദേശം മുഖരിതമായി.

പക്ഷെ വിഷയം വിശ്വാമിത്രന്‌ മനസ്സിലായി. അവന്‍ കാമത്തിന്‍ അതീതനായി കഴിഞ്ഞിരുന്നു. രംഭയുടെ ആകാരസൗഷ്ഠവത്തിനോ, ലാസ്യനടനത്തിനോ അദ്ദേഹത്തില്‍ ഒരു വികാരവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല, പകരം തപസ്സിനെ ഭഞ്ജിക്കുവാന്‍ ശ്രമിച്ച രംഭയെ കല്ലായി പതിനായിരം കൊല്ലം വസിക്കുവാന്‍ ശപിക്കുകയാണുണ്ടായത്‌.

ശാപമോക്ഷമായി വസിഷ്ഠന്‍ അവളെ അത്രയും കാലത്തിനു ശേഷം മോചിപ്പിക്കും എന്നും അനുഗ്രഹിച്ചു.(നോക്കണം ആ ജോലിയും വസിഷ്ഠനാണ്‌ കൊടുത്തത്‌. ആദ്യം വസിഷ്ഠന്‍ തന്റെ ശത്രുവായിരുന്നു എന്നോര്‍ക്കുക)

ശാപം കേട്ട പാതി കേള്‍ക്കാത്ത പാതി മറഞ്ഞു നിന്നിരുന്ന ദേവേന്ദ്രന്‍ കടന്നുകളയുകയും ചെയ്തു ( എന്തൊരു സ്നേഹം, ആശ്രിതവാത്സല്ല്യം അല്ലേ?)

പക്ഷെ വിശ്വാമിത്രന്‍ ക്രോധമുണ്ടായതു കൊണ്ടല്ലെ അവളേ ശപിച്ചത്‌? അപ്പോള്‍ അതുവരെ ചെയ്ത തപസ്സും ഫലശൂന്യമായി.

ഇതു മനസ്സിലാക്കിയ വിശ്വാമിത്രന്‍ തീരുമാനിച്ചു. ഇനി മൗനവ്രതം എടുക്കുക തന്നെ . - വാക്കില്‍ കൂടിയാണ്‍` അനേകം ആപത്തുകള്‍ വരുന്നത്‌. അതുകൊണ്ട്‌ ഇനിമേലില്‍ താന്‍ മൗനം ആചരിക്കുവാന്‍ പോകുന്നു. - പോരാ ശ്വാസം കഴിച്ചാലല്ലെ വര്‍ത്തമാന്‍ പരയുവാന്‍ സാധിക്കൂ. അതുപോലും ഒഴിവാക്കുന്നു.

നൂറു കൊല്ലം ശ്വാസം നിരോധിച്ച്‌ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു.
"അഥവാ നോഛ്വസിഷ്യാമി സംവത്സരശതാന്യപി--"

പിന്നീടതും മാറ്റി ബ്രാഹ്മണ്യം ലഭിക്കുന്നതുവരെ ശ്വാസം നിരോധിക്കുവാന്‍ തീരുമാനിച്ചു.

താവത്‌ യാവദ്ധി മേ പ്രാപ്തം ബ്രാഹ്മണ്യം തപസാര്‍ജ്ജിതം
അനിഛ്വസന്നഭുഞ്ജാനസ്തിഷ്ഠേയം ശാശ്വതീഃ സമാ"

ഇ തീരുമാനം കൈക്കൊണ്ട വിശ്വാമിത്രന്‍ ആ ദിക്കു വിട്ട്‌ കിഴക്കുദിക്കില്‍ പോയി ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തു.

ആ തപസ്സിനവസാനം പാരണ വീടുവാന്‍ തുനിഞ്ഞ വിശ്വാമിത്രനെ പരീക്ഷിക്കുവാന്‍ വീണ്ടും എത്തി ദേവേന്ദ്രന്‍. ഇത്തവണ ഒരു ദ്വിജന്റെ രൂപത്തില്‍ ഭിക്ഷ യാചിക്കുവാനാണ്‌ എത്തിയത്‌. പാരണയ്ക്കുള്ള അന്നം ദേവെന്ദ്രനു നല്‍കി വിശ്വാമിത്രന്‍ തപസ്സ്‌ മുടക്കാതെ തുടര്‍ന്നു.
ആ തപസ്സ്‌ ആയിരം വര്‍ഷം തുടര്‍ന്നു.

ആ സമയത്ത്‌ ദേവകള്‍ ബ്രഹ്മാവിനടൂത്തെത്തി ഇപ്രകാരം പറഞ്ഞു " പലവിധത്തില്‍ വിശ്വാമിത്രനെ കാമമോഹിതനാക്കുവാനും , ക്രോധിപ്പിക്കുവാനും ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാതരത്തിലും അതിനെ ഒക്കെ അതിജീവിച്ചിരിക്കുന്നു. ഇപ്പോള്‍ അവനില്‍ സൂക്ഷ്മമായ ഒരു ദോഷം പോലും കാണുവാനില്ല. അവന്‍ ബ്രാഹ്മണപദവിക്ക്‌ അര്‍ഹനായിരികുന്നു "

തുടര്‍ന്ന്‌ ബ്രഹ്മാവ്‌ ദേവഗണങ്ങളോടൂ കൂടി വിശ്വാമിത്രന്റെ അടുത്തു ചെന്ന്‌ ഇപ്രകാരം പരഞ്ഞു
"ബ്രഹ്മര്‍ഷേ സ്വാഗതം തേസ്തു തപസാ സ്മ സുതോഷിതാഃ
ബ്രാഹ്മണ്യം തപസോഗ്രേണ പ്രാപ്തവാനസി കൗശിക"

അല്ലയോ ബ്രഹ്മര്‍ഷി വിശ്വാമിത്ര അങ്ങേയ്ക്കു സ്വാഗതം. അങ്ങയുടെ ഉഗ്രമായ തപസ്സില്‍ ഞങ്ങള്‍ സന്തുഷ്ടരായി. അങ്ങ്‌ ബ്രാഹ്മണനായിരിക്കുന്നു.

അപ്പോള്‍ വിശ്വാമിത്രന്‌ ഒരു ആഗ്രഹം വസിഷ്ഠന്‍ കൂടി താന്‍ ബ്രാഹ്മണനായി എന്ന്‌ അംഗീകരിക്കണം.

"തതഃ പ്രസാദിതോ ദേവൈര്‍വസിഷ്ഠോ ജപതാം വരഃ
സഖ്യം ചകാര ബ്രഹ്മര്‍ഷിരേവമസ്ത്വിതി ചാബ്രവീത്‌"
ബ്രഹ്മര്‍ഷിസ്ത്വം ന സന്ദേഹ --"

വസിഷ്ഠനും മറ്റു ദേവതകളും എല്ലാം വിശ്വാമിത്രന്‍ ബ്രഹ്മര്‍ഷിയായതായി അംഗീകരിച്ചു.

അപ്പോള്‍ വിശ്വാമിത്രന്‍ ആദ്യം ചെയ്തതെന്താണെന്നു കേള്‍ക്കണ്ടേ?

ഞാന്‍ അക്ഷരശാസ്ത്രത്തിന്റെ ആദ്യത്തെ പോസ്റ്റില്‍ ഇക്കഥ എഴുതുവാനായാണ്‌ ഇതു തുടങ്ങിയതു തന്നെ. പിന്നെ എതിലേ ഒക്കെയോ പോയി അവസാനം ഇവിടെ തന്നെ എത്തി.

" വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം"

തന്റെ ശത്രുവായി ആദ്യം കണക്കാക്കിയിരുന്നതും , ആരെ തോല്‍പ്പിക്കുവാന്‍ വേണ്ടി ഇക്കണ്ട പാടെല്ലാം പെട്ടുവോ ആ വസിഷ്ഠനെ പൂജിച്ചു എന്ന്‌

ഇനി പറയൂ- ബ്രാഹ്മണന്‍ എന്നാല്‍ എന്താണ്‌ എത്ര ബ്രഹ്മണമാരെ നിങ്ങള്‍ കണ്ടിരിക്കുന്നു?
കാല്‍ ആരുടെ ഒക്കെ കഴുകിച്ചൂട്ടാം?

Saturday, September 13, 2008

“പ’ കാണുന്നില്ലല്ലൊ (പ. സാറേ

എതിരന്‍ ജിയുടെ കമന്റില്‍ ഒരു അവിശ്വാസത്തിന്റെ ലാഞ്ഛന തോന്നിയതു കൊണ്ട്‌ ഞാന്‍ എന്റെ പുസ്താത്തിലെ ആ വാക്ക്‌ പടമായി എടുത്ത്‌ പോസ്റ്റുന്നു.
അതാണ്‌ ശരി എന്ന്‌ കടും പിടുത്തമൊന്നുമില്ല കേട്ടോ.

എന്റെ കയ്യിലുള്ള വാല്‌മീകിരാമായണത്തില്‍ നാലിടത്തു നിന്നും ശുനഃശേപന്‍ എന്ന വാക്ക്‌ കണാം

പുസ്തകത്തിന്റെ പുറം താളിന്റെ പടവും ഉണ്ട്‌. ഗീതാ പ്രസ്‌ ഗോരഖ്‌പുരിന്റെ ആണ്‌ പുസ്തകം.

ഇനിയുള്ളിടത്തും പ തന്നെ ആണ്‌ അതാണ്‌ ഞാന്‍ ആദ്യം എഴുതിയത്‌.

രണ്ടും ശരിയായിരിക്കാം എന്ന്‌ ആണെന്നല്ല.



വിശ്വാമിത്രന്റെ കഥ തുടരുന്നു - മേനകയുടെ വരവ്‌

വിശ്വാമിത്രന്റെ കഥ തുടരുന്നു - മേനകയുടെ വരവ്‌

അങ്ങനെ വിശ്വാമിത്രന്‍ പുഷ്കരങ്ങളില്‍ തപസ്സു വളരെക്കാലം ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരിക്കല്‍, അപ്സരസ്സായ മേനക പുഷ്കരതീര്‍ഥത്തില്‍ കുളിക്കുവാനെത്തി.

ജലത്തില്‍ വിദ്യുത്തുപോലെ തിളങ്ങുന്ന അവളുടെ മേനിയഴലില്‍ ഭ്രമിച്ച വിശ്വാമിത്രന്‍ കാമമോഹിതനായി അവളെ തന്റെ ആശ്രമത്തില്‍ താമസിക്കുവാനായി വിളിച്ചു.

മേനക സമ്മതിച്ചു . ആശ്രമത്തില്‍ വസിച്ചു. കാലം പോയതറിഞ്ഞില്ല. കുറേയേറെക്കാലം കഴിഞ്ഞപ്പോഴാണ്‌ വിശ്വാമിത്രന്‌ ബോധം വരുന്നത്‌.
ശെടാ താന്‍ ബ്രാഹ്മണനാകുവാന്‍ തപസ്സു ചെയ്യുവാനല്ലേ വന്നത്‌? ഇപ്പോള്‍ എന്തായി?

വീണ്ടൂം തപസ്സ്‌ ഗോവിന്ദ.

ഈ ബോധംവന്നിട്ടും വിശ്വാമിത്രന്‍ വിചാരിക്കുന്നത്‌ എന്താണെന്നു നോക്കണേ-
മുമ്പ്‌ പറഞ്ഞതു പോലെ തന്റെ അല്ല കുറ്റം , കുറ്റമെല്ലാം മറ്റുള്ളവരുടെ. ദേവന്മാര്‍ തന്നെ ചതിച്ചതാണത്രെ. അല്ലാതെ ഒന്നും തന്റെ തെറ്റല്ല.

കേള്‍ക്കുക-"
തപസോ ഹി മഹാവിഘ്നോ വിശ്വാമിത്രമുപാഗതം
തസ്യാം വസന്ത്യാം വര്‍ഷാണി പഞ്ച പഞ്ച ച രാഘവ
വിശ്വാമിത്രാശ്രമേ സൗമ്യേ സുഖേന വ്യതിചക്രമു

-----------------

ബുദ്ധിര്‍മുനേഃ സമുല്‍പന്നാ സാമര്‍ഷാ രഘുനന്ദന
സര്‍വാ സുരാണാം കര്‍മ്മൈതത്‌ തപോപഹരണം മഹത്‌"

പോരേ. അവനവന്‍ കാണിക്കുന്ന കൊള്ളരുതാഴികകള്‍ക്കൊക്കെ ഉത്തരവാദി ആര്‌ ദേവന്മാര്‍. അവര്‍ തപസു മുടക്കി അത്രെ.

അതുകൊണ്ട്‌ എന്തു ചെയ്യണം ഈ ദിക്കു വിട്ട്‌ വേറേ വല്ലയിടത്തും പോകണം - തടസ്സമില്ലാത്തിടത്ത്‌.

മറ്റുള്ളവര്‍ക്കും ദേശത്തിനും എല്ലാം കുറ്റം. താന്‍ ശുദ്ധന്‍.

അങ്ങനെ ബോധോദയം വന്ന വിശ്വാമിത്രന്‍ മേനകയെ പറഞ്ഞയച്ചശേഷം വടക്ക്‌ ഹിമവത്‌ പര്‍വതദേശത്തുള്ള കൗശികീതീരത്തുപോയി വളരെ കഠിനമായ തപസ്സനുഷ്ഠിച്ചു.

"മേനകാം മധുരൈര്‍വാക്യൈര്‍വിസൃജ്യ കുശികാത്മജഃ
ഉത്തരം പര്‍വതം രാമ വിശ്വാമിത്രോ ജഗാമ ഹ
സ കൃത്വാ നൈഷ്ഠികീം ബുദ്ധിം ജേതുകാമോ മഹായശാഃ
കൗശികീതീരമാസാദ്യ തപസ്തേപേ ദുരാസദം"

ഇക്കഥയില്‍ എന്താകാം പറഞ്ഞിരിക്കുന്നത്‌? വിശ്വാമിത്രന്‌ കാമത്തിലുള്ള പ്രതിപത്തിയെ അടക്കുവാനുള്ള കഴിവു കിട്ടണം എന്നാശയുണ്ടായി അതിനു വേണ്ടി മേനകയെ യും ആദേശത്തെയും ത്യജിച്ച്‌ അതിനുള്ള ശ്രമം ചെയ്തു എന്നായിരിക്കാം അല്ലേ?

അങ്ങനെ ആയിരം വര്‍ഷം തപസ്സു ചെയ്തു കഴിയുമ്പോള്‍ ബ്രഹ്മാവ്‌ വീണ്ടും എത്തുന്നു. എന്നിട്ടോ വിശ്വാമിത്രനെ മഹര്‍ഷിയായിരിക്കുന്നു എന്നനുഗ്രഹിക്കുന്നു.
കേള്‍ക്കുക
"തസ്യ വര്‍ഷസഹസ്രാണി ഘോരം തപ ഉപാസതഃ
---------------------------സര്‍വലോകപിതാമഹഃ
അബ്രവീന്മധുരം വാക്യം വിശ്വാമിത്രം തപോധനം
മഹര്‍ഷേ സ്വാഗതം വത്സ തപസോഗ്രേണ തോഷിതഃ
മഹത്വമൃഷിമുഖ്യത്വം ദദാമി തവ കൗശിക"

ആയിരം വര്‍ഷം ഘോരമായ തപസ്സു ചെയ്ത വിശ്വാമിത്രനെ കണ്ട്‌ ദേവതകള്‍ ബ്രഹ്മാവിനോട്‌ പറഞ്ഞു വിശ്വാമിത്രന്‍ മഹര്‍ഷിപദത്തിന്‌ അര്‍ഹനായിരിക്കുന്നു എന്ന്‌. അതുകേട്ട ബ്രഹ്മാവ്‌ അവിടെ എത്തി വിശ്വാമിത്രനെ വിളിച്ചു പറഞ്ഞു " അല്ലയോ കൗശിക വിശ്വാമിത്ര നിനക്ക്‌ നിന്റെ തപസ്സില്‍ സന്തോഷിച്ച്‌ ഞാന്‍ മഹര്‍ഷി എന്ന പദവി ഋഷികളില്‍ മുഖ്യനായ അവസ്ഥ നല്‍കുന്നു.

മഹര്‍ഷി പദം ലഭിച്ച വിശ്വാമിത്രന്‍ സന്തോഷിച്ചുവോ?

ഇല്ല. അദ്ദേഹത്തിന്‌ ബ്രാഹ്മണനാണ്‌ ആകേണ്ടത്‌

ഇത്തവണ ബ്രഹ്മാവിനോട്‌ സംസാരിക്കുവാന്‍ അദ്ദേഃഅത്തിന്‌ അവസരം ലഭിച്ചു. മുമ്പൊക്കെ ബ്രഹ്മാവ്‌ അനുഗ്രഹം കൊടുക്കുകയും പോകുകയും ഒന്നിച്ചായിരുന്നു അതിനാല്‍ വിശാമിത്രന്‌ സംസാരിക്കുവാന്‍ നേരം കിട്ടിയിരുന്നുല്ല. ഇവിടെ അതിനല്‍പം സാവകാശം കിട്ടി - മഹര്‍ഷിയായതിനാലായിരിക്കാം അല്ലേ?

ഏതായാലും കിട്ടിയ അവസരം വിശ്വാമിത്രന്‍ ഉപയോഗിച്ചു. അദ്ദേഹം പറഞ്ഞു " അല്ലയോ ബ്രഹ്മദേവ എനിക്ക്‌ ബ്രാഹ്മണനാ ആകേണ്ടത്‌ ആ പദവി തന്നാലും, എന്നാലേ ഞാന്‍ 'ജിതേന്ദ്രിയനായി' എന്നു കരുതുകയുള്ളൂ "

നോക്കുക . ജിതേന്ദ്രിയന്‍ എന്ന പദം ഉപയോഗിച്ചത്‌. പൂണുനൂലിട്ടതുകൊണ്ടും ബ്രഹ്മത്തെ അറിയണം എന്നാഗ്രഹിച്ചതു കൊണ്ടും ഒന്നും ബ്രാഹ്മണനാകുകയില്ല. അതിനു കടമ്പകള്‍ ഏറെയുണ്ട്‌.

വിശ്വാമിത്രന്റെ വാക്കുകള്‍
"ബ്രഹ്മണസ്തു വചഃ ശ്രുത്വാ വിശ്വാമിത്രസ്തപോധനഃ
പ്രാഞ്ജലിഃ പ്രണതോ ഭൂത്വാ പ്രത്യുവാച പിതാമഹം
ബ്രഹ്മര്‍ഷിശബ്ദമതുലം സ്വാര്‍ജ്ജിതൈഃ കര്‍മ്മഭിഃ ശുഭൈഃ
യദി മേ ഭഗവന്നാഹ തതോഹം വിജിതേന്ദ്രിയഃ"

എന്നാല്‍ ബ്രഹ്മാവ്‌ അത്ര പൊട്ടനല്ല. അദ്ദേഹം തുറന്നു പറഞ്ഞു വിശ്വാം,ഇത്ര അങ്ങ്‌ ഇതുവരെ ജിതേന്ദ്രിയനായിട്ടില്ല. ഇനിയും ശ്രമിക്കൂ. സമയമാകുമ്പോള്‍ ഞാന്‍ വരാം

"തമുവാച തതോ ബ്രഹ്മാ ന താവത്‌ ത്വം ജിതേന്ദ്രിയഃ
യതസ്വ മുനിശാര്‍ദ്ദൂല ഇത്യുക്ത്വാ ത്രിദിവം ഗത"

കേള്‍ക്കുന്നില്ലേ? കൊല്ലങ്ങള്‍ ആയിരങ്ങള്‍ കണക്കിനാണ്‌ ഇതുവരെയും പറഞ്ഞത്‌ അതും ഓര്‍ക്കുമല്ലൊ.

അതും കഴിഞ്ഞ്‌ ബ്രഹ്മാവും ദേവന്മാരും പോയി.

വിശ്വാമിത്രന്‍ അതുവരെ ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ച്‌ കാട്ടില്‍ താമസിക്കുന്ന രീതിയായിരുന്നു എന്നു പറഞ്ഞല്ലൊ.

എന്നാല്‍ ഇതുമുതല്‍ അങ്ങോട്ട്‌ വിശ്വാമിത്രന്‍ ഫലമൂലാദികള്‍ ഒഴിവാക്കി. അപ്പോള്‍ ഭക്ഷണം?

വായുഭക്ഷണം മാത്രം. തപസ്സോ ചൂടുകാലത്ത്‌ പഞ്ചാഗ്നിമധ്യത്തില്‍, മഴക്കാലത്ത്‌ മഴയില്‍ കുളിച്ച്‌, തണുപ്പുകാലത്ത്‌ നദിയില്‍ ഇറങ്ങി നിന്ന്‌, സ്ഥിതിയോ കയ്കള്‍ ഉയര്‍ത്തി നിരാലംബനായി.

കേള്‍ക്കുക
"വിപ്രസ്ഥിതേഷു ദേവേഷു വിശ്വാമിത്രോ മഹാമുനിഃ
ഊര്‍ദ്ധ്വബാഹുര്‍നിരാലംബോ വായുഭക്ഷസ്തപശ്ചരന്‍
ഘര്‍മ്മേ പഞ്ചതപാ ഭൂത്വാ വര്‍ഷാസ്വാകാശസംശ്രയഃ
ശിശിരേ സലിലേശായീ രാത്ര്യഹാനി തപോധനഃ
ഏവം വര്‍ഷസഹസ്രം ഹി--- "

ഇങ്ങനെ എത്ര നാള്‍ വീണ്ടും ആയിരം കൊല്ലം.

അപ്പോഴാണ്‌ ശരിയ്ക്കും പരീക്ഷ. ദേവെന്ദ്രന്‍ ഒരു ചെറിയ പരീക്ഷനം നറ്റത്തി. ഇവന്‍ ഇപ്പറഞ്ഞ കാമമൊക്കെ ഇല്ലാതാക്കിയോ ഒന്നുറപ്പിയ്ക്കണമല്ലൊ. അതിനായി രംഭയെ വിളിച്ചു വിട്ടു.

അക്കഥ അടുത്ത ദിവസം

Friday, September 12, 2008

വിശ്വാമിത്ര കഥ തുടരുന്നു -ശുനഃശേപന്റെ കഥ

ശുനഃശേപന്റെ കഥ

ത്രിശങ്കുവിന്റെ കഥയില്‍ നിന്നും വിശ്വാമിത്രന്‍ എന്തെങ്കിലും ഒരു പാഠം പഠിച്ചു കാണണം. അതുകൊണ്ടാണല്ലൊ തന്റെ തപസ്സ്‌ വ്യര്‍ഥമായി എന്നു പറയുന്നതും അവിടെ നിന്നും മാറി വേറൊരു ദിക്കില്‍ പോയി തപസ്സ്‌ പൂര്‍വാധികം ഭംഗിയായി തുടരുന്നതും.

അങ്ങനെ പശ്ചിമദിക്കിലെ പുഷ്കരങ്ങളില്‍ തപസ്സു ചെയ്ത്‌ കൊണ്ടിരിക്കുന്ന കാലത്താണ്‌ അയോധ്യയില്‍ അംബരീഷന്‍ എന്ന രാജാവ്‌ ഒരുയാഗം നടത്തുന്നത്‌.

ആ യാഗത്തിലേക്ക്‌ വച്ചിരുന്ന യജ്ഞപ്പശുവിനെ ദേവേന്ദ്രന്‍ മോഷ്ടിച്ചു കൊണ്ടു പോയി. യാഗം മുടക്കിയാല്‍ ദോഷം വരും എന്ന്‌ യജമാനന്മാര്‍ ഉപദേശിച്ചു . എവിടെയെങ്കിലും പോയി ഒന്നുകില്‍ യജ്ഞപ്പശുവിനെ കണ്ടുപിടിച്ചു കൊണ്ടു വരിക അല്ലെങ്കില്‍ പകരം ഏഹെങ്കിലും ഒരു പുരുഷപ്പശുവിനെ കൊണ്ടുവരിക.

അംബരീഷന്‍ അതിനായി ഇറങ്ങി. അന്വേഷിച്ചു നടന്നു എങ്ങും തന്റെ യജ്ഞപ്പശുവിനെ കിട്ടിയില്ല.

അങ്ങനെ അന്വേഷിച്ചു നടന്ന കൂട്ടത്തില്‍ അദ്ദേഹം ഭൃഗുതുംഗ പര്‍വ്വതത്തില്‍ എത്തി അവിടെ ഭാര്യയോടും മൂന്നു മക്കളോടൂം കൂടി കുടുംബമായി താമസിയ്ക്കുന്ന ഋചീകമുനിയുടെ അടുത്തെത്തി.

കുശലപ്രശ്നങ്ങള്‍ക്കിടയില്‍ രാജാവ്‌ തന്റെ അവസ്ഥ അറിയിച്ചു. നാടു മുഴിവന്‍ അന്വേഷിച്ചിട്ടും പശുവിനെ ലഭിക്കാത്തതിനാല്‍, യജ്ഞപ്പശുവിനു പകരം അദ്ദേഹത്തിന്റെ മക്കളില്‍ ഒരുവനെ ആയിരക്കണക്കിനു പശുക്കളെ വിലയായി മേടിച്ചുകൊണ്ട്‌ കൊടൂക്കാന്‍ അപേക്ഷിച്ചു.

ഇതു കേട്ട ഋചീകന്‍ അദ്ദേഹത്തിന്‌ തന്റെ മൂത്ത മകനെ എന്തായാലും തരില്ല എന്നു തീര്‍ത്തുപറഞ്ഞു.

ഇളയമകനെ തരില്ല എന്ന്‌ അമ്മയും ഉടനെ തന്നെ പറഞ്ഞു.

കഷ്ടത്തിലായില്ലെ മധ്യമന്‍?

അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ട മധ്യമപുത്രനായ ശുനഃശേപന്‍ സ്വയം ഇപ്രകാരം പറഞ്ഞു

"പിതാ ജ്യേഷ്ഠമവിക്രേയം മാതാ ചാഹ കനീയസം
വിക്രേയം മധ്യമം മന്യേ രാജപുത്ര നയസ്വ മാം"

പിതാവ്‌ ജ്യേഷ്ഠന്‍ വില്‍ക്കപ്പ്പെടാന്‍ യോഗ്യനല്ലെന്നും , മാതാവ്‌ ഇളയവന്‍ വില്‍ക്കപ്പെടുവാന്‍ യോഗ്യനല്ലെന്നും പറഞ്ഞു. അപ്പോള്‍ മധ്യമന്‍ വില്‍ക്കപ്പെടുവാന്‍ യോഗ്യനാണെന്നു വന്നില്ലേ അതുകൊണ്ട്‌ അല്ലയോ രാജാവെ എന്നെ കൊണ്ടുപോയാലും"
എന്നു പറഞ്ഞു കൊണ്ട്‌ സ്വയം യജ്ഞപ്പശുവാകുവാന്‍ തയ്യാറായി. രാജാവ്‌ സന്തുഷ്ടനായി അവനെയും കൊണ്ട്‌ തിരികെ യാത്രയായി.

വഴിമധ്യേ അദ്ദേഹം വിശാമിത്രന്റെ ആശ്രമത്തില്‍ രാത്രി കഴിച്ചുകൂട്ടുന്നു.

അവിടെ വച്ച്‌ ശുനഃശേപന്‍ വിശ്വാമിത്രനോട്‌ തന്റെ കഥ വിവരിച്ചു.

അവന്‍ പറഞ്ഞു "
"ന മേസ്തി മാതാ ന പിതാ ജ്ഞാതയോ ബാന്ധവാ കുതഃ
ത്രാതുമര്‍ഹസി മാം സൗമ്യ ധര്‍മ്മേണ മുനിപുംഗവ"

അല്ലയോ മുനിശ്രേഷ്ഠാ, എനിക്കു മാതാപിതാക്കളോ ബന്ധുക്കളൊ സഹായികളൊ ആരുമില്ല. ധര്‍മ്മം വിചാരിച്ച്‌ അങ്ങ്‌ എന്നെ രക്ഷിക്കണം

അങ്ങ്‌ എല്ലാവരുടെയും ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നവനല്ലേ അതുകൊണ്ട്‌ എന്നെ രക്ഷിക്കുകയും വേണം അതോടൊപ്പം അംബരീഷമഹാരാജാവിന്റെ യജ്ഞം സഫലമാക്കിക്കൊടുക്കുകയും വേണം

ഇങ്ങനെ വിലപിച്ചുപറഞ്ഞ ശുനഃശേപനോട്‌ അലിവു തോന്നി വിശ്വാമിത്രന്‌. അദ്ദേഹം വിചാരിച്ചു തനിക്ക്‌ ഇപ്പോള്‍ നാലു മക്കളൂണ്ട്‌. അവരില്‍ ഒരാള്‍ ഈ ദൗത്യം ഏറ്റെടുത്താല്‍ ഈ കുട്ടി രക്ഷപെടൂമല്ലൊ. അതോടു കൂടി അവരുടെ പുത്രധര്‍മ്മം നിറവേറ്റപ്പെടുകയും അയി.

അതുകൊണ്ട്‌ അവരെ വിളിച്ചു.

അവരില്‍ ആരെങ്കിലും ഒരാള്‍ അംബരീഷന്റെ കൂടെ യജ്ഞപ്പശുവായി പോകുവാന്‍ അപേക്ഷിച്ചു.

നല്ല കഥ. യജ്ഞപ്പശുവാകുവാനേ. അതും സ്വയം തീരുമാനിച്ച്‌ അത്ര വിഡ്ഢികളാണൊ വിശ്വാമിത്ര പുത്രന്മാര്‍?

അവര്‍ ചോദിച്ചു സ്വന്തം മക്കളെ കൊലയ്ക്കു കൊടുത്തിട്ട്‌ വല്ലവരുടെയും മക്കളെ രക്ഷിക്കുവാന്‍ നോക്കുന്ന അച്ഛന്‍ എന്തൊരച്ഛന്‍?

"കഥമാത്മസുതാന്‍ ഹിത്വാ ത്രായസേന്യസുതം വിഭോ:
അകാര്യമിവ പശ്യാമഃ ശ്വമാംസമിവ ഭോജനേ"

ആഹാരത്തില്‍ പട്ടിയിറച്ചി എന്നതുപോലെ തങ്ങള്‍ക്ക്‌ ഈ നിര്‍ദ്ദേശം സ്വീകാര്യമല്ല എന്നവര്‍ പറഞ്ഞു.

(വ്യത്യാസം നോക്കുക - ശുനശേപനോട്‌ പോകുവാന്‍ അവന്റെ അച്ഛനോ അമ്മയോ പറഞ്ഞില്ല മറ്റുള്ളവരെ വില്‍ക്കുകയില്ല എന്നു പറഞ്ഞതു മാത്രമേ ഉള്ളു എന്നിട്ടും അവന്‍ സ്വയം ഇറങ്ങിത്തിരിച്ചു.)

മക്കളുടെ ഈ തീരുമാനത്തില്‍ വിശ്വാമിത്രന്‍ സന്തോഷിച്ചില്ല എന്നു മാത്രമല്ല അവരെ അവര്‍ തന്നെ പറഞ്ഞ നായയിറച്ചി കഴിച്ചു ജീവിക്കുന്ന വരായി ജന്മമെടുത്ത്‌ ആയിരം വര്‍ഷം ജീവിക്കട്ടെ എന്നു ശപിച്ചു.

അതിനു ശേഷം ശുനഃശേപന്‌ രക്ഷപ്പെടുവാനുള്ള മന്ത്രം ഉപദേശിച്ചു . യജ്ഞസമയത്ത്‌ അവന്‍ അതു ജപിക്കുന്നതോടൂ കൂടി യജ്ഞ സിദ്ധിയുണ്ടാവുകയും അവന്‍ രക്ഷപ്പെടുകയും ചെയ്യും അംബരീഷന്റെ യജ്ഞം പൂര്‍ണ്ണമാകുകയും ചെയ്യും

ഇപ്രകാരം ശുനഃശേപന്‍ രക്ഷപെട്ടു.

ഈ സംഭവം കഴിഞ്ഞ്‌ ആയിരം വര്‍ഷം വിശ്വാമിത്രന്‍ അവിടെ കഠിനമായ തപസ്സു ചെയ്തു.


അപ്പോഴാണ്‌ ബ്രഹ്മാവ്‌ രണ്ടാമത്‌ എത്തി ഇപ്രകാരം പറയുന്നത്‌

"ഋഷിസ്ത്വമസി ഭദ്രം തേ സ്വാര്‍ജ്ജിതൈഃ കര്‍മ്മഭിഃ ശുഭൈഃ"

അല്ലയോ വിശ്വാമിത്രാ നീ നിന്റെ കര്‍മ്മങ്ങളുടെ ഫലമായി ഇപ്പോള്‍ ഋഷിയായിരിക്കുന്നു"

കഥ കേട്ടില്ലേ?

ഋഷി എന്നത്‌ എത്ര എളുപ്പം അല്ലേ? ലോകം മുഴുവന്‍ ഋഷിമാരാണ്‌

അല്ല. ആ പദവി എത്തണം എങ്കില്‍ വിശ്വാമിത്രന്‌ ആദ്യം വൈരാഗ്യമുണ്ടായിരുന്ന ആ ദേശം പോലും ഉപേക്ഷിച്ചു.
അടൂത്ത പടിയായി ഭൂതദയ- മറ്റുള്ളവരുടെ മകന്‍ സ്വന്തം മകന്‍ എന്ന ഭേദം പോലും ഇല്ലാതായി ഇങ്ങനെ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ നോക്കുക.

അങ്ങനെ ദുഷ്കരമായ ഈ പദത്തില്‍ എത്തിയിട്ടും നിര്‍ത്തിയോ ഇല്ല വിശ്വാമിത്രന്‌ ബ്രാഹ്മണനാണ്‌ ആകേണ്ടത്‌

വീണ്ടും തുടങ്ങി തപസ്സ്‌. ക്രോധത്തെ ഒരു വിധമൊക്കെ അടക്കി എന്നു കരുതാം അല്ലേ?

പക്ഷെ കാമം വിടില്ലല്ലൊ. അതിനെന്തു ചെയ്യും

ദാ വരുന്നു മേനക. അടൂത്ത കഥ അത്‌ നാളെയാകാം
Next

വിശ്വാമിത്രകഥ തുടരുന്നു-

ത്രിശങ്കുവിന്റെ കഥ

അന്യായമായ ഒരാവശ്യത്തിനുവേണ്ടി തന്റെ ഗുരുവിനെ(വസിഷ്ഠനെ) ആശ്രയിച്ച്‌ അദ്ദേഹത്താല്‍ തിരസ്കൃതനായ ഒരു വ്യക്തിയെ, വസിഷ്ഠനോടുള്ള തന്റെ വ്യക്തിപരമായ വിദ്വേഷം കാരണം സഹായിക്കുവാന്‍ ശ്രമിക്കുന്ന വിശ്വാമിത്ര കഥ - അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ തപസ്സ്‌ ഫലമില്ലാതെ ആകുന്നത്‌ (അല്ലാതെ സാധാരണ പറയപ്പെടുന്നതുപോലെ ദേവന്മാര്‍ പരീക്ഷിക്കുക അല്ല)

ഇക്ഷ്വാകുകുലത്തിലെ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്‌ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന ആഗ്രഹം ജനിച്ചു. അതിനുവേണ്ടി യജ്ഞം ചെയ്യുവാന്‍ വേണ്ടി വസിഷ്ഠനെ സമീപിച്ചു.

എന്നാല്‍ വസിഷ്ഠന്‍ അത്‌ സാധിക്കില്ല എന്നു പറഞ്ഞ്‌ മടക്കി അയച്ചു.

വസിഷ്ഠന്‍ ചെയ്തില്ലെങ്കില്‍ വസിഷ്ഠന്റെ പുത്രന്മാരെ കൊണ്ട്‌ യാഗം ചെയ്യിക്കാം എന്നു കരുതി ത്രിശങ്കു വസിഷ്ഠപുത്രന്മാരെ സമീപിച്ചു. കാരണം രാജാവിന്റെ ഗുരു വസിഷ്ടനാണല്ലൊ. മറ്റാരെയെങ്കിലും സമീപികുന്നതിനു മുമ്പ്‌ ആ പരമ്പരയിലെ തന്നെ ആരെങ്കിലും ചെയ്യുമോ എന്നു നോക്കുവാന്‍.

എന്നാല്‍ പിതാവ്‌ നിഷേധിച്ച കര്‍മ്മം ചെയ്യുവാന്‍ മക്കളും തയ്യാറായില്ല എന്നു മാത്രമല്ല തിരികെ കൊട്ടാരത്തില്‍ പോയി സാധാരണ പോലെ രാജ്യം ഭരിച്ചു ജീവിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു.

പക്ഷെ ത്രിശങ്കു അടങ്ങിയില്ല . അദ്ദേഹത്തിന്‌ സ്വര്‍ഗ്ഗത്തില്‍ പോയേ മതിയാകൂ അതും ഉടലോടു കൂടി. അദ്ദേഹം വസിഷ്ഠപുത്രന്മാരോടു പറഞ്ഞു" നിങ്ങള്‍ ആരും യജ്ഞം ചെയ്തു തരികയില്ലെങ്കില്‍ വേണ്ട ഞാന്‍ മറ്റാരെ എങ്കിലും കൊണ്ട്‌ ചെയ്യിച്ചുകൊള്ളാം"

അങ്ങനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിച്ച്‌ അനര്‍ഹമായ കാര്യം നടത്തുവാന്‍ ശ്രമിക്കുന ത്രിശങ്കുവിനെ അവര്‍ ശപിച്ച്‌ ചണ്ഡാലനാക്കുന്നു.

ചണ്ഡാലനായ ത്രിശങ്കു വിശ്വാമിത്രന്റെ അടുത്തെത്തി. അദ്ദേഹത്തോട്‌ കഥയെല്ലാം പറഞ്ഞു. ആഹാ, വസിഷ്ഠനെ തോല്‍പ്പിക്കുവാന്‍ പറ്റിയ സമയം വിശ്വാമിത്രന്‍ സന്തോഷിച്ചു.വസിഷ്ഠനാല്‍ സാധികാത്ത കാര്യം താന്‍ നടത്തിത്തരാം എന്നേറ്റു.

( അഹംകാരം - അഥവാ തന്റെ പ്രശസ്തിയും വസിഷ്ഠന്റെ പരാജയവും അതല്ലെ ഇവിടെ ലക്ഷ്യം?)

തുടര്‍ന്ന്‌ സകല ഋഷിമുനിമാരെയും വിളിച്ചുവരുത്തുവാന്‍ തന്റെ പുത്രന്മാരെ അയച്ചു.

വസിഷ്ടപുതര്‍നാരും, മഹോദയന്‍
എന്ന മുനിയും ഒഴികെ എല്ലാവരും വന്നു ചേര്‍ന്നു. മേല്‍പറഞ്ഞവര്‍ വന്നില്ലെന്നു മാത്രമ്ള്‍ല വിശ്വാമിത്രനെ അധിക്ഷേപിക്കുകയും ചെയ്തു.
ഇതില്‍ കുദ്ധനായ വിശ്വാമിത്രന്‍
("ക്രോധസംരക്തനയനഃ സരോഷമിദമബ്രവീത്‌" നോക്കണംവിശ്വാമിത്രന്റെ വിശേഷണം ക്രോധം കൊണ്ട്‌ ചുവന്ന കണ്ണുകളോടൂ കൂടീയ വിശ്വാമിത്രന്‍ ദ്വേഷ്യത്തോടുകൂടീ ഇപ്രകാരം പ്രഞ്ഞു ' എന്ന്‌) അവരെ ശപിച്ചിട്ട്‌ കഠിനമായ യജ്ഞം ചെയ്ത്‌ ത്രിശങ്കുവിനെ ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക്‌ ഉയര്‍ത്തി.

എന്നാല്‍ സ്വര്‍ഗ്ഗവാസികള്‍ സമ്മതിക്കുമോ അവര്‍ അദ്ദേഹത്തെ കീഴോട്ടു തള്ളിയിട്ടു.

തലകുത്തി കീഴോട്ടു വരുന്ന ത്രിശങ്കുവിനെ മുകളിലേക്കയയ്ക്കാന്‍ വിശ്വാമിത്രന്‍ ശ്രമ്മിച്ചെങ്കിലും അത്‌ നടക്കില എന്ന്‌ ദേവേന്ദ്രന്‍. തുടര്‍ന്ന്‌ വിശ്വാമിത്രം പ്രത്യേകമായി ഒരു സ്വര്‍ഗ്ഗം നിര്‍മ്മിച്ച്‌ ത്രിശങ്കുവിനെ അവിടെ പാര്‍പ്പിച്ചു - തലകീഴായി.

ഇതു കഥയുടെ രത്നച്ചുരുക്കം.

കഥയുടെ ഭംഗിയും മറ്റും അവിടെ നില്‍ക്കട്ടെ. ഇതിലെ സന്ദേശം നോകുക

നടക്കാത്ത ഒരു കാര്യം അനര്‍ഹമായ ആഗ്രഹം , വിവരമുള്ള ഗുരു വിലക്കിയ കര്‍മ്മം. ഇതൊക്കെ ചെയ്യുവാന്‍ വിശ്വാമിത്രനുള്ള ഏക കാരണം വസിഷ്ഠനോടുള്ള തന്റെ വൈരാഗ്യം.

ഇങ്ങനെ ഒന്നും അല്ല മനുഷ്യന്‍ ചെയ്യേണ്ടത്‌ പ്രത്യേകിച്ചു ഉല്‍കര്‍ഷേച്ഛയുണ്ടെങ്കില്‍.

അപ്പോള്‍ വേണ്ടാത്ത പണിക്കു പോയ വിശ്വാമിത്രന്റെ തപസ്സിനു വിഘ്നം വന്നു എന്ന്‌ ചുരുക്കത്തില്‍ നമ്മള്‍ പറയും

എന്നാല്‍ വിശ്വാമിത്രന്‍ പറയുന്നതു കേള്‍ക്കണ്ടെ -
"ഇവിടെ ഈ ദക്ഷിണദിക്ക്‌ ശരിയല്ല ഇവിടെ വലിയ തടസങ്ങള്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ തപസ്സ്‌ കോഞ്ഞാട്ട ആകുന്നത്‌. അതിനാല്‍ ഞാന്‍ മറ്റൊരു സ്ഥലം അന്വേഷിക്കുകയാണ്‌ തപസ്സു ചെയ്യാന്‍. അങ്ങനെ ഞാന്‍ പടിഞ്ഞാറുള്ള മൂന്നു പുഷ്കരങ്ങളില്‍ പോയി തപസ്സു ചെയ്യാന്‍ പോകുന്നു"

"മഹാവിഘ്നഃ പ്രവൃത്തോയം ദക്ഷിണാമാസ്ഥിതോ ദിശം
ദിശമന്യാം പ്രയത്സ്യാമസ്തത്ര തപ്യാമഹേ തപഃ
പശ്ചിമായാം വിശാലായാം പുഷ്കരേഷു മഹാത്മനഃ--"

അതെ തന്റെ കുറ്റമാണെന്നു മനസ്സിലാക്കുന്നില്ല, കുറ്റമെല്ലാം മറ്റുള്ളവരുടെ അല്ലേ കേമം
Next

Thursday, September 11, 2008

വിശ്വാമിത്രന്റെ കഥ - 1

വസിഷ്ഠന്റെ ആശ്രമത്തിലെത്തിയ വിശ്വാമിത്രന്‍

കാമധേനു എന്ന പശുവിന്റെ പ്രഭാവം കണ്ട്‌ അതില്‍ ആകൃഷ്ടനായി അതിനെ തനിക്കു നല്‍കുവാന്‍ വസിഷ്ഠനോട്‌ അപേക്ഷിച്ചു. എന്നാല്‍ തന്റെ യജ്ഞപ്പശു ആയതിനാല്‍ അതിനെ തരാന്‍ സാധിക്കില്ല എന്ന്‌ വസിഷ്ഠന്‍ പറഞ്ഞു. അപ്പോള്‍ താനാണ്‌ ഈ രാജ്യത്തിന്റെ രാജാവ്‌ , ഈ രാജ്യത്തിലെ സ്വത്തെല്ലാം തനിക്ക്‌ അവകാശപ്പെട്ടതാണ്‌ അതുകൊണ്ട്‌ അതിനെ താന്‍ ബലമായി കൊണ്ടുപോകും എന്ന്‌ ആയി വിശ്വാമിത്രന്‍.

അതിന്‌ വസിഷ്ഠന്‍ ഉത്തരമൊന്നും കൊടുക്കുന്നില്ല . കാരണം തന്റെ അനുജ്ഞ അവിടെ ആവശ്യപ്പെടൂന്നില്ല, രാജാവ്‌ സ്വയം ഒരു തീരുമാനം എടുത്തിരിക്കുകയാണ്‌.

വിശ്വാമിത്രന്‍ തന്റെ ഭടന്മാരെ വിളിച്ച്‌ പശുവിനെ പിടിച്ചു കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഭടന്മാര്‍ അനുസരിക്കുന്നു. എന്നാല്‍ കാമധേനു അവരുടെ പിടിവിടുവിച്ച്‌ വസിഷ്ഠന്റെ അടുത്ത്‌ ഓടി എത്തി.
"കിം മയാപകൃതം തസ്യ മഹര്‍ഷേര്‍ഭാവിതാത്മനഃ" താന്‍ എന്ത്‌ അപരാധമാണ്‌ വസിഷ്ഠനോട്‌ ചെയ്തതുപോലും എന്തു ചിന്തിച്ച അവള്‍
എന്നിട്ടു ചോദിക്കുകയാണ്‌ " ഞാന്‍ ഇതുവരെ അങ്ങേയ്ക്ക്‌ അഹിതമായി ഒന്നും ചെയ്തിട്ടില്ല, പിന്നെ എന്തിനാണ്‌ എന്നെ അങ്ങ്‌ ത്യജിക്കുന്നത്‌ " എന്ന്‌.
"

ഭഗവന്‍ കിം പരിത്യക്താ ത്വയാഹം ബ്രഹ്മണഃ സുത
യസ്മാത്‌ രാജഭടാ മാം ഹി നയന്തേ ത്വല്‍സകാശതഃ"

അതിന്‌ വസിഷ്ഠന്‍ കൊടുക്കുന്ന മറുപടി - "ഞാന്‍ നിന്നെ ത്യജിച്ചിട്ടില്ല, എനിക്കു നിന്നെ ഇഷ്ടമാണുതാനും. പക്ഷെ ഇവിടെ രാജാവ്‌ നിന്നെ ബലമായി കൊണ്ടു പോകുകയാണ്‌. ഈ ഭൂമിക്കുടയവനായ രാജാവ്‌ ചെയ്യുന്ന അതിനെ എതിര്‍ക്കുവാന്‍ ഞാന്‍ ആളല്ല.

എന്നാല്‍ രാജാവിനൊപ്പം പോകുവാന്‍ ഇഷ്ടമില്ലാത്ത കാമധേനു , തന്റെ രക്ഷ സ്വയം ചെയ്യുവാനുള്ള അനുജ്ഞ വസിഷ്ഠനോട്‌ ചോദികുന്നു. വസിഷ്ഠന്‍ സമ്മതം മൂളുന്നു.

തുടര്‍ന്ന്‌ കാമധേനുവിന്റെ അക്രമത്തില്‍ വിശ്വാമിത്രന്‍ റ്റെ സകലസൈന്യവും നശിക്കുന്നു. വിശ്വാമിത്രന്‍ തോല്‍ക്കുന്നു.

ഈ സംഭവത്തിനു ശേഷം വിശ്വാമിത്രന്‍ ആദ്യം തീരുമാനിക്കുന്നത്‌ തപസ്സു ചെയ്ത്‌ അജയ്യമായ ശക്തി നേടി വസിഷ്ഠനെ തോല്‍പ്പിച്ച ശേഷം കാമധേനുവിനെ കയ്ക്കലാക്കണം എന്നാണ്‌.

കാമവും , ക്രോധവും , ലോഭവും , മോഹവും എന്നു വേണ്ട എന്തൊക്കെ മാനുഷികവികാരങ്ങളുണ്ടൊ അവയുടെ എല്ലാം വിളനിലമായ ഒരു രാജസ പുരുഷന്‍. ക്ഷത്രിയന്‍.

അദ്ദേഹം തപസ്സു ചെയ്യുന്നു. അനേകകാലം തപസ്സു ചെയ്ത്‌ അവസാനം പരമശിവന്‍ പ്രത്യക്ഷപ്പെടുന്നു. ചോദിക്കുന്ന വരം കേള്‍ക്കൂ-

'യദി തുഷ്ടോ മഹാദേവ ധനുര്‍വേദോ മമാനഘ
സാംഗോപാംഗോപനിഷദോ സരഹസ്യ പ്രദീയതാം

യാനി ദേവേഷു ശസ്ത്രാണി ദാനവേഷു മഹര്‍ഷിഷു
ഗന്ധര്‍വയക്ഷരക്ഷഃസ്സു പ്രതിഭാന്തു മമാനഘ"

അതേ അംഗോപാംഗസഹിതമായി സകലരഹസ്യങ്ങളും വെളിവാക്കിയ ധനുര്‍വേദം , ഈരേഴുപതിനാലു ലോകങ്ങളിലും ദേവഗന്ധര്‍വമഹര്‍ഷി യക്ഷരക്ഷസ്‌ ആദി കളിലും ഉള്ള സകലശസ്ത്രങ്ങളും എനിക്ക്‌ തരുമാറാകണം.

മോശമില്ല വിശ്വാമിത്രനറിയാത്തതായി ഒരു ശസ്ത്രം ഉണ്ടാകരുത്‌.

ശിവന്‍ അത്‌ അപ്പാടെ സമ്മതിച്ചു-

""ഏവംസ്ത്വിതി ദേവേശൊ വാക്യമുക്ത്വാ--" അങ്ങനെ ആകട്ടെ എന്ന്‌ ശിവന്‍ അനുഗ്രഹിച്ചു.

അവിടെ വര്‍ധിച്ച അഹംകാരത്തോടു കൂടിയ വിശ്വാമിത്രന്‍ വിചാരിച്ചത്‌ എന്താണ്‌-

വസിഷ്ഠന്റെ കാര്യം കട്ടപ്പൊഹ--
"വിവര്‍ധമാനോ വീര്യേണ സമുദ്ര ഇവ പര്‍വണി
ഹതം മേനേ തദാ രാമ വസിഷ്ഠമൃഷിസത്തമം"

എന്നാല്‍ വസിഷ്ഠന്റെ അടുത്തു ചെന്ന്‌ പയറ്റാവുന്ന പയറ്റൊക്കെ പയറ്റി കഴിനുനോക്കുമ്പോഴും വസിഷ്ഠന്‍ അതുപോലെയുണ്ട്‌. വിശ്വാമിത്രന്റെ ആയുധങ്ങളെല്ലാം കഴിയുകയും ചെയ്തു.

അന്നേരം വിശ്വാമിത്രനു മനസ്സിലാകുന്നു - ക്ഷത്രബലം എന്നത്‌ ഒരിക്കലും ശക്തമല്ല- ബ്രഹ്മബലം ആണ്‌ യഥാര്‍ത്ഥബലം. അതു നേടണം.

പക്ഷെ എന്തിനു വേണ്ടി? - വസിഷ്ഠനെ തോല്‍പ്പിക്കുവാന്‍. ഈ ചിന്താഗതിയാണ്‌ വിശ്വാമിത്രന്റെ തപസ്സു കഴിഞ്ഞപ്പോള്‍ രാജര്‍ഷി എന്ന പദവി മാത്രം ആദ്യം നല്‍കുവാന്‍ കാരണം

"ധിഗ്‌ ബലം ക്ഷത്രിയബലം ബ്രഹ്മതേജോബലം ബലം
ഏകേനബ്രഹ്മദണ്ഡേന സര്‍വാസ്ത്രാണി ഹതാനി മേ

തദേതത്‌ പ്രസമീക്ഷ്യാഹം പ്രസന്നേന്ദ്രിയമാനസഃ
തപോ മഹാന്‍ സമാസ്ഥാസ്യേ യദ്‌ വൈ ബ്രഹ്മത്വകാരണം"

നോക്കുക- ക്ഷത്രിയബലത്തെ അധിക്ഷേപിക്കുന്നു. ബ്രഹ്മബലമാണ്‌ ബലം എന്നും മനസ്സിലാക്കി. അതുകൊണ്ട്‌ താന്‍ പ്രസന്നമാനസനായി ബ്രഹ്മത്വപ്രാപ്തിക്കുവേണ്ടി തപസ്സു ചെയ്യുവാന്‍ പോകുന്നു എന്ന്‌.

അങ്ങനെ പറയുന്നു എങ്കിലും വസിഷ്ഠനോടുള്ള വൈരം ആണ്‌ മനസ്സില്‍ എന്നത്‌ അടുത്ത ശ്ലോകത്തില്‍ കാണാം
"തതഃ സംതപ്തഹൃദയഃ സ്മരന്നിഗ്രഹമാത്മനഃ
വിനിശ്വസ്യ വിനിശ്വസ്യ കൃതവൈരോ മഹാത്മനാ--"

"തന്റെ തോല്‌വിയെക്കുറിച്ച്‌ വിഷമിച്ച്‌ നിശ്വസിച്ചുകൊണ്ടും വസിഷ്ഠനോടുള്ള വൈരം വച്ചുപുലര്‍ത്തിക്കൊണ്ടും -- " പോയി തപസ്സു ചെയ്തു എന്ന്‌.

അങ്ങനെ ദക്ഷിണദിക്കില്‍ പോയി വളരെക്കാലം തപസ്സു ചെയ്തു.

ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തുകഴിഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ വന്ന്‌ നീ രാജര്‍ഷി ആയിരിക്കുന്നു എന്നനുഗ്രഹിച്ചു.

"പൂര്‍ണ്ണെ വര്‍ഷസഹസ്രേ തു ബ്രഹ്മാ ലോകപിതാമഹഃ
അബ്രവീന്മധുരം വാക്യം വിശ്വാമിത്രം തപോധനം
ജിതാ രാജര്‍ഷിലോകാസ്തേ തപസാ കുശികാത്മജ"

അതെ അല്ലയോ കൗശികി വിശ്വാമിത്രാ നീ ഇപ്പോള്‍ നിന്റെ കഠിനമായ തപസ്സു കൊണ്ട്‌ രാജര്‍ഷിലോകങ്ങളെ ജയിച്ചിരിക്കുന്നു.",

എന്നാല്‍ ഇതു കേട്ട വിശ്വാമിത്രന്‍ നാണിക്കുകയാണുണ്ടായത്‌ - കാരണം അദ്ദേഹം ബ്രാഹ്മണന്‍ ആകുവാനാണ്‌ തപസ്സു ചെയ്തത്‌. എന്നെ ദേവന്മാര്‍ രാജര്‍ഷി എന്നു വിളിച്ചത്‌ എന്റെ തപസ്സിന്റെ ശക്തിക്കുറവിനെ ആണ്‌ കാണിക്കുന്നത്‌ എന്നു സങ്കടത്തോടും ദ്വേഷ്യത്തോടും കൂടി പറഞ്ഞ്‌ വീണ്ടും തപസ്സു തുടരുന്നു.

"വിശ്വാമിത്രോപി തഛ്രുത്വാ ഹൃീ യാ കിഞ്ചിദവാങ്ങ്‌മുഖഃ
ദുഃഖേന മഹതാവിഷ്ടഃ സമന്യുരിദമബ്രവീത്‌
തപശ്ച സുമഹത്തപ്തം രാജര്‍ഷിരിതി മാം വിദുഃ
ദേവാഃ സര്‍ഷിഗണാഃ സര്‍വേ നാസ്തി മന്യേ തപഃ ഫലം"

മനുഷ്യന്‍ തപസ്സു ചെയ്യുന്നത്‌ കാമം, ക്രോധം ഇവയൊക്കെൂഴിവാക്കുവാനുള്ള ശക്തി ലഭിക്കുവാനാണ്‌. എന്നാല്‍ തപസ്സു കഴിഞ്ഞിട്ടും വിശ്വാമിത്രനില്‍ ഇവയെല്ലാം പൂര്‍വാധികം ഭംഗിയായി തന്നെ ഉണ്ട്‌. അതുകൊണ്ടാണ്‌ ഋഷി പോലും ആക്കാതിരുന്നത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.

ഇനിയാണ്‌ കഥയില്‍ മറ്റൊരു രംഗം വരുന്നത്‌. തപസ്സു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?

ദൃഢനിശ്ചയത്തോടുകൂടി ഒരാള്‍ ഒരു പ്രത്യേകലക്ഷ്യം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുന്നു. തുടര്‍ച്ചയായി അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഫലം കണ്ടല്ലേ ഒക്കൂ?

ആ ഫലം അയാള്‍ക്ക്‌ ലഭിക്കണം എങ്കില്‍ സ്ഥിരപ്രയത്നം വേണം, ലക്ഷ്യബോധം വേണം. ഇടയ്ക്ക്‌ പ്രവൃത്തിയില്‍ വ്യത്യാസം വന്നാല്‍ ഗോവിന്ദാ

ഇതിനെ ആണ്‌ തപസ്സില്‍ വിഘ്നം വരുത്താനുള്ള പരീക്ഷണങ്ങള്‍ എന്നൊക്കെ പറയുന്നത്‌.

വിശ്വാമിത്രന്‍ ഇങ്ങനെ തപസ്സു ചെയ്ത്‌ ഒരുവിധം ഒക്കെ ശക്തനാകുമ്പോള്‍ ഇടയ്ക്കുള്ള ഒരു പരീക്ഷണമാണ്‌ ത്രിശങ്കുവിന്റെ സ്വര്‍ഗ്ഗം എന്ന കഥ
Next